മഴയുടെ വികൃതികൾ
കുറച്ചു കാലമായി മഴയാണ് പ്രൈം ടൈം ചാനൽ താരം. ഒരു വ്യവസ്ഥയുമില്ലാതെ പെയ്ത് റോഡുകളും വീടുകളും വെള്ളത്തിൽ മുക്കി കുന്നുകളിൽ നിന്ന് കല്ലും മണ്ണും താഴേക്ക് എറിഞ്ഞും ഒഴുക്കിയും വല്ലാത്തൊരു വില്ലൻ പരിവേഷത്തിലാണ് മഴ. മഴയുടെ വികൃതികൾക്കു മുമ്പിൽ ജൻഡർ ന്യൂടൽ തർക്കങ്ങൾക്കും നിയമന വിവാദങ്ങൾക്കും എന്തിന് സ്വപ്നസരിതമാർക്ക് പോലും നനഞ്ഞ പടക്കത്തിന്റെ വില മാത്രം. എന്ന് വച്ച് അവ വലിച്ചെറിഞ്ഞിട്ടൊന്നുമില്ല. അട്ടത്ത് നിരത്തി വച്ചിരിക്കുകയാണ്. മഴയൊന്ന് തോർന്നിട്ട് വേണം ഓരോന്നായി വെയിലത്തിട്ടുണക്കി സന്ദർഭം നോക്കി പൊട്ടിക്കാൻ. ഇപ്പോൾ മഴയാണ് താരം. പക്ഷെ നമ്മൾ തന്നെയാണ് മഴയെ ഈ സ്ഥിതിയിലെത്തിച്ചതെന്ന് മഴ വക്കീലന്മാർ വാദിക്കുന്നു. ഇത്തിരി മരം മുറിച്ചതിനോ കൈയ്യേറ്റം നടത്തിയതിനോ മേഘങ്ങളെ ഇങ്ങനെ കൂമ്പാരം കൂട്ടി ഏതെങ്കിലും ഒരിടം ലക്ഷ്യം വച്ച് പൊട്ടിച്ച് രസിക്കേണ്ട കാര്യമുണ്ടോ ഈ മഴക്കെന്ന് മറ്റൊരു കൂട്ടർ. മഴ മുന്നറിയിപ്പുകാരാവട്ടെ, ഓറഞ്ചും ചുവപ്പായി കണക്കാക്കണമെന്നും ചിലപ്പോൾ മഞ്ഞ പോലും ചുവപ്പാകാമെന്നും പറഞ്ഞ് ആകെ കുഴപ്പത്തിലാക്കുന്നു. മഴയും പ്രണയവും കൂട്ടിക്കലർത്തി കവിതയെഴുതിയിരുന്ന...