ലങ്ക
ദക്ഷിണവാരിധി മദ്ധ്യേ മനോഹരം
ബഹുലഫലകുസുമദലയുതവിടപിസംകുലം വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം
മണികനകമയമമരപുരസദൃശമംബുധി -
മദ്ധ്യേ ത്രികൂടാചലോപരി മാരുതി
കമലമകൾ ചരിതമറിവതിനു ചെന്നമ്പോടു
കണ്ടിതു ലങ്കാനഗരം നിരുപമം"
സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാൻ കണ്ട ലങ്കാനഗരത്തിന്റെ വർണ്ണനയാണ് മേലുദ്ധരിച്ചത്. ദക്ഷിണവാരിധി മദ്ധ്യേ ത്രികൂടാചലോപരി
കനകമയമായ ലങ്ക . കൈലാസശൈലമെടുത്തമ്മാനമാടിയ , വൈശ്രവണനിൽ നിന്ന് പുഷ്പകവിമാനം നേടിയ, ത്രിലോകങ്ങളെയും വിറപ്പിച്ച
രാവണന്റെ അമരപുരി സദൃശമായ ലങ്ക .
പക്ഷെ ഹനുമാന്റെ ആഗമനത്തോടെ ലങ്കയിൽ നിന്ന് ലങ്കാലക്ഷ്മി വിട കൊണ്ടു .
"അഖില ജഗദധിപതി രഘൂത്തമൻ പാതുമാ -
മസ്തു തേ സ്വസ്തിര ത്യുത്തമോത്തംസമേ !
ലഘു മധുരവചനമിതി ,ചൊല്ലി മറഞ്ഞിതു ലങ്കയിൽ നിന്നു വാങ്ങീ മലർ മങ്കയും"
അനേക ഹോമങ്ങളും തപസ്സും ചെയ്ത് ലങ്കാധിപനായ രാവണൻ കുറേയേറെ വരങ്ങൾ നേടി. പത്തു തലയും ഇരുപത് കയ്കളും ഉള്ള ബുദ്ധിമാനും പണ്ഡിതനും സമർത്ഥനുമായ രാക്ഷസ രാജാവ് വരബലത്താൽ അജയ്യനായി. ഒരു മനുഷ്യനാൽ മാത്രമേ വധിക്കപ്പെടു എന്ന വരം അദ്ദേഹത്തെ മദോന്മത്തനാക്കി. മനുഷ്യനായ് പിറന്ന ആർക്ക് കഴിയും തന്നെ ജയിക്കാൻ എന്ന അഹങ്കാരം അദ്ദേഹത്തെ അധർമ്മിയാക്കി.
പണ്ഡിതനും ശക്തനുമാണെങ്കിലും രാവണൻ അത്യന്തം ചപലനുമാണ്.
തന്റെ പ്രണയാഭ്യർത്ഥന നിരാകരിച്ചപ്പോഴും
പുത്രനായ ഇന്ദ്രജിത്തിന്റെ മൃത്യു വാർത്തയറിഞ്ഞപ്പോഴും സീതയെ കൊല്ലാനോങ്ങുന്നുണ്ട് രാവണൻ. ആദ്യം മണ്ഡോദരിയും പിന്നെ സുപാർശ്വൻ എന്ന രാക്ഷസ പണ്ഡിതനും സ്ത്രീഹത്യാപാപം രാജാവിന് ശോഭയല്ലെന്ന് അനുനയപൂർവ്വം തടയുന്നു. ദൂതനായി വന്ന ഹനുമാനെ കൊല്ലാനുള്ള രാവണന്റെ ആജ്ഞയും ദൂതനെ കൊല്ലുന്നത് അനുചിതമെന്ന് തടുക്കുന്നു സഹോദരനായ വിഭീഷണൻ.
ശൂർപ്പണഖ തന്റെ അംഗഭംഗത്തിന്റെ കഥ രാവണനോട് പറയുന്നത് മറ്റൊരു വിധത്തിലാണ്.
" ശ്രീരാമോത്സംഗേ വാഴും ഭാമിനി തന്നെക്കണ്ടാൽ നാരികളവ്വണ്ണം
മറ്റില്ലല്ലോ ലോകത്തിങ്കൽ .
ഇന്ദിരാദേവി താനും ഗൗരിയും വാണിമാതു -
മിന്ദ്രാണിതാനും മറ്റുള്ളപ്സര സ്ത്രീ വർഗ്ഗവും
നാണം പൂണ്ടൊളിച്ചീടുമവളെ വഴി പോലെ
കാണുമ്പോളനംഗനും ദേവതയവളല്ലോ .
ത്വൽ പത്നിയാക്കീടുവാൻ തക്കവളവളെന്നു
കൽപിച്ചു കൊണ്ടിങ്ങു പോന്നീടുവാനൊരുമ്പെട്ട
മൽക്കുചനാസാകർണ്ണച്ഛേദനം ചെയ്താനപ്പോൾ ലക്ഷ്മണൻ
കോപത്തോടെ രാഘവ നിയോഗത്താൽ "
സീതയോടു തോന്നിയ പ്രതികാര ബുദ്ധിയാലാണോ അതോ രാവണന്റെ സ്വാർത്ഥത മനസ്സിലാക്കിയാണോ ശൂർപ്പണഖ ഇപ്രകാരം പറഞ്ഞത്? സീതയോടുള്ള മോഹം കൊണ്ടു മാത്രമാണോ രാവണൻ സീതയെ കട്ടുകൊണ്ട് പോയത്? ലങ്കക്ക് പുറത്ത് വച്ച് ശ്രീരാമനോട് എതിർക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടോ? സഹോദരിയുടെ അപമാനത്തിന് പകരം ചോദിക്കാൻ മാത്രമല്ലെന്ന് വ്യക്തം.
മക്കളും സഹോദരരും ബന്ധുക്കളും മന്ത്രിമാരും മരിച്ചതിന് ശേഷവും രാവണൻ ഹോമം നടത്തുന്നുണ്ട്. അത് ഫലപ്രാപ്തിയിലെത്തുന്നത് തടയാൻ നിയുക്തരായ കപികൾ മറ്റുപായമൊന്നും
ഫലിക്കാതെ രാവണ പത്നിയെ വിവസ്ത്രയാക്കി അപമാനിക്കവെ അവൾ അലമുറയിടുന്നു.
" വാനരന്മാരുടെ തല്ലുകൊണ്ടീടുവാൻ ഞാനെന്തു ദുഷ്കൃതം ചെയ്തിതു ദൈവമേ !"
" നാണം നിനക്കില്ലയോ രാക്ഷസേശ്വര!
മാനം ഭവാനോളമില്ല മറ്റാർക്കുമേ.
നിന്നുടെ മുൻപിലിട്ടാശു കവിവര -
രെന്നെത്തലമുടി ചുറ്റിപ്പിടിപെട്ടു
പാരിലിഴയ്ക്കുന്നതും കണ്ടിരിപ്പതു
പോരേ പരിഭവമോർക്കിൽ ജളമതേ!"
"അർദ്ധം പുരുഷനു ഭാര്യയല്ലോ ഭുവി
ശത്രുക്കൾ വന്നവളെപ്പിടിച്ചെത്രയും
ബദ്ധപ്പെടുത്തുന്നതും കണ്ടിരിക്കയിൽ
മൃത്യുഭവിക്കുന്നതുത്തമമേവനും.
നാണവും പത്നിയും വേണ്ടീലിവന്നു തൻ -
പ്രാണഭയം കൊണ്ട് മൂഢൻ മഹാഖലൻ"
ഇത്രയേറെ അലമുറയിടേണ്ടി വന്നു രാവണൻ ഹോമം നിർത്തി കയ്യിൽ വാളെടുക്കാൻ. പിന്നീട് രാമനോട് യുദ്ധത്തിനായ് പുറപ്പെടുമ്പോൾ രാവണൻ
മണ്ഡോദരിയോട് ഇങ്ങനെ പറയുന്നു.
" ഞാനിനി ശ്രീരാമലക്ഷ്മണന്മാരെയും വാനരന്മാരെയും കൊന്നു വന്നീടുവൻ
അല്ലായ്കിലോ രാമസായകമേറ്റു കൈ-
വല്യവും പ്രാപിപ്പതിനില്ലൊരു സംശയം
എന്നെ രാമൻ കൊലചെയ്കിൽ സീതയെ-
ക്കൊന്നു കളഞ്ഞുടനെന്നോടു കൂടവേ
പാവകൻതങ്കൽ പതിച്ചു മരിക്ക നീ
ഭാവനയോടുമെന്നാൽ ഗതിയും വരും."
താനില്ലെങ്കിൽ ഈ ലോകത്ത് പത്നിയും സീതയും വേണ്ടെന്ന് കൽപിക്കുന്നു രാക്ഷസ രാജാവ്'.
രാവണന്റെ സ്വാർത്ഥതയും ശ്രീരാമന്റെ നിസ്വാർത്ഥതയും തമ്മിലുള്ള അന്തരം എത്ര വലുതാണ്. പിതാവിന്റെ വാക്ക് പാലിക്കാൻ രാജ്യം ഉപേക്ഷിച്ച് കാനനം പൂകിയ രാമൻ. തന്നെ പിന്തുടർന്ന പുരവാസികൾ ഉറങ്ങുമ്പോൾ അവരെ ഉണർത്താതെ യാത്രതുടരുന്നു.. ബാലിവധത്തിന് ശേഷം നാലുമാസം കാത്തിരിക്കാൻ തയ്യാറാകുന്നു അദ്ദേഹം, നിഷ്കാസിതനായിരുന്ന സുഗ്രീവന് രാജസുഖ ഭോഗങ്ങൾ അനുഭവിക്കാൻ. രാവണനെ കൊന്ന് സീതയെ വീണ്ടെടുത്തശേഷവും വിഭീഷണന്റെ ആതിഥ്യം സ്വീകരിക്കുന്നില്ല അദ്ദേഹം, ഭരതനോട് കൂടെയല്ലാതെ പുരത്തിൽ വാഴില്ലെന്ന ശപഥം പാലിക്കാൻ. രാജഭാരം ഏറ്റെടുത്ത ശേഷം അച്ഛൻ മക്കളെയെന്ന പോലെ ശ്രീരാമൻ പ്രജകളെ പാലിച്ചു.
യുദ്ധകാണ്ഡത്തിൽ ലങ്കാപുരവാസികൾ പഴിക്കുന്നുണ്ട് രാവണനെ . രാവണന് സീതയോട് തോന്നിയ മോഹമാണ് തങ്ങളുടെ രാജ്യം തകർന്നടിഞ്ഞതിന് കാരണമെന്ന് അവർ വിലപിക്കുന്നു. രാവണ സഹോദരി ശൂർപ്പണഖയുടെ രാമനോടുള്ള മോഹമാണ് അതിന് കാരണമായത് എന്നും പഴിക്കുന്നു.
" രാക്ഷസ സ്ത്രീകൾ മുറവിളി കൂട്ടിനാർ :
താത ! സഹോദര ! നന്ദന ! വല്ലഭ !
നാഥ നമുക്കവലംബനമാരയ്യോ!
വൃദ്ധയായേറ്റം വിരൂപയായുള്ളൊരു
നക്തഞ്ചരാധിപസോദരി രാമനെ
ശ്രദ്ധിച്ച കാരണമാപത്തിെതൊക്കവേ
വർദ്ധിച്ചു വന്നിതു മറ്റില്ല കാരണം.
ശൂർപ്പണഖക്കെന്തു കുറ്റമതിൽപരം
പേപ്പെരുമാളല്ലയോ ദശകന്ധരൻ ?
ജാനകിയെക്കൊതിച്ചാശു കുലം മുടി -
ച്ചാനൊരു മൂഢൻ മഹാപാപി രാവണൻ"
സ്വാർത്ഥിയും അധർമ്മിയുമായ ഒരു രാജാവിന്റെ ദുഷ്കൃതങ്ങളുടെ ഫലമായിരിക്കാം ലങ്കാപുരവാസികളുടെ ദുർഗ്ഗതിക്ക് കാരണം. ശ്രീലങ്ക എന്ന അയൽ രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുമ്പോൾ ചിന്തിച്ചു പോകുന്നു, ലങ്കാശ്രീ തീർത്തും ഉപേക്ഷിച്ചോ ശ്രീലങ്കയെ ?
സമൂഹത്തിന്റെ സൃഷ്ടിയാണല്ലോ നേതാവും . അപ്പോൾ യഥാ രാജാ തഥാ പ്രജാ എന്നോ യഥാ പ്രജാ തഥാ രാജാ എന്നോ ഏതാണ് ശരി?
പ്രീത രാജ്
Image courtesy: Asian Art Newspaper
Comments
Post a Comment