ഒരു വർഷം കൂടി കടന്നുപോകുന്നു
ഒരു വർഷം കൂടി കടന്നു പോകുന്നു. എന്റെ വഴിയിൽ രോഗങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും പ്രതിരോധങ്ങൾ തീർത്തിരുന്നു 2022. തട്ടി മുട്ടി ഡിസംബറിൽ എത്തിയപ്പോൾ ശരിക്കും പൊള്ളിച്ചു. അടുക്കളയെ അധികം ശല്യം ചെയ്യാത്ത ഞാൻ എന്ത് ഇന്ധന ലാഭത്തിനാണോ തിളച്ച ചോറ് തെർമൽ കുക്കറിലേക്ക് മാറ്റുന്നത് എന്നെനിക്കറിയില്ല. എന്തായാലും ആ അഭ്യാസത്തിനിടയിൽ തിളച്ച കഞ്ഞിവെള്ളം വീണ് വലതു കൈ മുഴുവൻ പൊള്ളി.
എന്റെ ദുരിതങ്ങൾ കണ്ടാണോ എന്തോ അക്കാലം പ്രകൃതിയും കണ്ണുനീർ തൂകി. ഡിസംബറിന്റെ തെളിഞ്ഞ വാനിൽ തിളങ്ങി വിളങ്ങാറുള്ള നക്ഷത്രജാലങ്ങളെ വരെ ഇരുണ്ട കാർമേഘങ്ങൾ മറച്ചിരുന്നു. രാത്രിയിൽ കണ്ണുനീർ പോലെ മഴ വർഷിച്ചു.
എങ്കിലും തിരിഞ്ഞു നോക്കുമ്പോൾ ഏറെയുണ്ട് സന്തോഷിക്കാൻ. മഴകൾക്കിടയിൽ തിളങ്ങുന്ന സൂര്യനെ പോലെ. വിരലുകൾക്കിടയിലൂടെ ഊർന്നു പോയ മണൽത്തരികൾക്കിടയിൽ കൈയിൽ തടയുന്ന ചിപ്പി പോലെ മുറുകെ പിടിക്കാൻ. സൂക്ഷിച്ചു വക്കാൻ.
ഇപ്പോൾ ചെറിയ തണുപ്പുള്ള പ്രഭാതത്തിൽ പൂക്കളിൽ പാറി നടക്കുന്ന മഞ്ഞത്തുമ്പിയെ കണ്ട് അണ്ണാറക്കണ്ണൻമാരുടെയും പൂത്താങ്കീരികളുടെയും കലപില ശബ്ദം കേട്ടിരിക്കുമ്പോൾ മനസ്സ് മന്ത്രിക്കുന്നു, നന്ദി!! പൊള്ളുന്ന അനുഭവങ്ങൾക്കും നിറയുന്ന ആനന്ദത്തിനും ഒരുപോലെ നന്ദി!!
പ്രീത രാജ്
Comments
Post a Comment