ആൽമരം


ആലായാൽ തറ വേണം

അടുത്തൊരമ്പലം വേണം

എന്നാണ് പാട്ട്. എനിക്ക് പക്ഷെ മറിച്ചാണ് തോന്നിയിട്ടുള്ളത്.  അമ്പലമായാൽ ആൽമരം വേണം. ദൈവികതയുടെ, ഭക്തിയുടെ,  പശ്ചാത്തലമൊരുക്കാൻ വൃക്ഷരാജനോളം കഴിവാർക്കുള്ളൂ!

പ്രഭാത കിരണങ്ങൾ ഇലച്ചാർത്തുകൾക്കിടയിലൂടെ അരിച്ചിറങ്ങണം. സായാഹ്നത്തിൽ ഇളകിയാടുന്ന ഇലകളുടെ നിഴലുകൾ താഴെ നൃത്തം ചെയ്യണം. വെയിലും നിഴലും ദളമർമ്മരങ്ങളും ചേർന്ന് സുന്ദരമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ വേണം.

ബാല്യകാല സ്മൃതികൾക്ക് പഴുത്തു വീണ ആൽമരക്കായകളുടെ ഗന്ധമുണ്ട്.  കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിൽ  ഉന്നതങ്ങളായ ആൽമരങ്ങളുടെ മദ്ധ്യേയാണ് ദേവി കുടികൊളളുന്നത്. പ്രദക്ഷിണവഴിയിൽ താണു വരുന്ന താങ്ങ് വേരുകളിൽ വെറുതെ  തൊടാൻ ശ്രമിച്ചിരുന്നു. 

എറണാകുളത്തെ അമ്പലങ്ങളിലാണ് ആൽമരത്തിന്റെ സാന്നിദ്ധ്യം ഏറ്റവും പ്രസക്തമായി തോന്നാറുള്ളത്. നഗരത്തിന്റെ തിക്കും തിരക്കും ബഹളത്തിനും നടുവിൽ ശാന്തിയുടെ ഇത്തിരിയിടങ്ങൾ തീർക്കുന്ന, ആൽമരങ്ങൾ തണൽ പകരുന്ന, കാവൽ നിൽക്കുന്ന അമ്പലങ്ങൾ. തിരക്കേറിയ നോർത്ത് മേൽപ്പാലത്തിനടുത്തുള്ള പരമാര ദേവീക്ഷേത്രം ആൽമരങ്ങളാൽ അതിസമ്പന്നമാണ്, പ്രശാന്തസുന്ദരമാണ്. 

കവളപ്പാറ എന്ന ഞങ്ങളുടെ നാടിന്റെ സ്വന്തം ആൽമരം,  വള്ളുവനാടൻ പശ്ചാത്തലമുള്ള ഒട്ടേറെ സിനിമകളിൽ പശ്ചാത്തലമൊരുക്കി പ്രസിദ്ധി നേടിയിട്ടുണ്ട്.  എത്രയെത്ര കഥകൾ പറയാൻ കാണും ആ വൻമരത്തിന്.! ഉഗ്രനായ കവളപ്പാറക്കൊമ്പൻ ആ വഴി നടന്നു പോകുന്നത് നോക്കി നിന്നു  കാണുമോ? ഇപ്പോൾ ദ്രവിച്ചു തുടങ്ങിയ കൊട്ടാരത്തിന്റെ പ്രതാപകാലം കണ്ടിരിക്കുമോ? 

തൊണ്ണൂറ്റിയാറ് ദേശങ്ങൾധിപയായ അര്യങ്കാവിലമ്മയുടെ പൂരാഘോഷം കണ്ട് രസിക്കുന്നുണ്ടാവാം. തിളക്കുന്ന മീനച്ചൂടിൽ പൂതനും തിറക്കും വെള്ളാട്ടിനും നായടികൾക്കും നിമിഷനേരത്തേക്കെങ്കിലും ആശ്വാസം പകർന്നിട്ടുണ്ടാവാം. താരരാജാക്കന്മാരുടെ പകർന്നാട്ടം കണ്ടു രസിച്ചിട്ടുണ്ടാവാം. 

തൊട്ടടുത്ത സ്ക്കൂളിലെ കുട്ടികളുടെ കളിചിരികൾ കണ്ട് വാത്സല്യം തോന്നുന്നുണ്ടാവാം. കാൽവിരലുണ്ണുന്ന ഉണ്ണിക്കണ്ണനെ ഇലയിൽ കിടത്തി ആലോലമാട്ടുന്നതല്ലേ.! തന്റെ തണലിൽ വരുന്നവരെ സ്നേഹത്തോടെ സ്പർശിക്കാനാണോ ആ താങ്ങുവേരുകൾ താഴേക്ക് നീണ്ടു വരുന്നത്?

ഇരിങ്ങാലക്കുടയിലെ പൂട്ടിക്കിടക്കുന്ന ഭർത്തൃഗൃഹത്തിന്റെ പറമ്പിൽ മെല്ലെ വളർന്നു തുടങ്ങിയിരുന്നു ഒരാൽമരം. മതിലിന്റെ അടിയിലേക്ക് വേരുപടർന്ന് മതിൽ കേടു വരുത്തിയ മരങ്ങളുടെ കൂടെ ഒരു മൂലയിൽ നിന്ന ആ മരവും വെട്ടിക്കളഞ്ഞു. പടുമുള. ഏതോ കിളി കൊത്തിക്കൊണ്ടുവന്ന ആൽമരക്കായ വീണതാവാം.  വെട്ടിക്കളഞ്ഞപ്പോൾ ദുഃഖം തോന്നിയെങ്കിലും  ഒരു വീട്ടുപറമ്പിന്റെ മൂലയിൽ വളരേണ്ടതല്ലല്ലോ വൃക്ഷരാജനായ ആൽമരം എന്ന് ആശ്വസിച്ചു. 

മൂലതോ ബ്രഹ്മരൂപായ 

മധ്യതോ വിഷ്ണുരൂപിണേ

അഗ്രതഃ ശിവരൂപായ

വൃക്ഷരാജായ തേ നമഃ.

ചുവട്ടിൽ ബ്രഹ്മാവും മധ്യത്തിൽ വിഷ്ണുവും അഗ്രത്തിൽ ശിവനും വസിക്കുന്ന വൃക്ഷരാജാവിനെ നമസ്കരിക്കുന്നു. 


പ്രീത രാജ്



Comments

  1. എത്ര മനോഹരമായി വിവരിക്കുന്നു. ആൽ മരം.. അമ്പലം.. കുട്ടിക്കാലത്തെ ഓർമ്മകൾ. എല്ലാം അവർണനീയം.

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര