ഒരിലയുടെ മരണം
ഒരിലയുടെ മരണം നഷ്ടമായെന്നു നിനച്ചിരിക്കവെ തിരികെ വന്നൊരുന്മേഷത്തിൽ ആർദ്രമായാ പുലരിയിൽ മെല്ലെ നടക്കാനിറങ്ങവെ .... പുഞ്ചിരിച്ച് തലയാട്ടി പൂക്കളും ചിലച്ചഭിവാദ്യം ചെയ്ത് കിളികളും ഒരലയായ് മെല്ലെ തൊട്ട് തെന്നലും ചിരപരിചയഭാവം പൂണ്ടു... കാറ്റിന്നലകളിൽ ചാഞ്ചാടി താഴേക്ക് വീഴുന്നൊരില.. വേദി വിടും നർത്തകി തൻ സുന്ദര ചലനങ്ങൾ പോലെ ... മരമൊന്ന് താഴേക്ക് നോക്കിയോ അമൃതൂട്ടിയവളല്ലേ !! മറ്റിലകൾ തെല്ലിട മൗനമായോ കൂടെയാടിയവളല്ലേ !! ഇക്കിളിയിട്ടിയിരുന്ന തെന്നൽ തെല്ലിട സ്തബ്ധനായോ? ഊർജദാതാവായ സൂര്യൻ താഴേക്കൊന്ന് നോക്കിയോ? വീഴുമ്പോൾ സ്മൃതിയലക- ളവളെ ചൂഴ്ന്നിരുന്നോ? ശേഷമുണ്ടോ ഒരു മുദ്രയെങ്കിലു- മെന്നവൾ ചിന്തിച്ചിരുന്നോ ? അനിവാര്യം സ്വാഭാവികം മൃത്യു വേദിയിൽ നന്നായാടുക, ശേഷം എന്തായാലെന്തെ- ന്നവൾ വേദാന്തിയായോ? അഴുക്കു ചാലിൽ പതിക്കിലോ ചവിട്ടിയരക്കപ്പെടുകിലോ കത്തി ചാരമാകിലോ മണ്ണിലലിയുക വളമാകുക!! മരണമെപ്പോഴുമേവർക്കുമിവ്വണ്ണം പ്രൗഢ സുന്ദരമായിരുന്നെങ്കിൽ!! പ്രീത രാജ്