പുളിമാവിനൊരു ചരമക്കുറിപ്പ്
"വിഷുവിന് കൂട്ടാൻ വയ്ക്കാൻ ചന്ദ്രക്കാരൻ മാങ്ങ കിട്ടാണെങ്കിൽ വാങ്ങിച്ചോളൂ" എന്ന് അമ്മ പറഞ്ഞപ്പോളാണ് പുളിമാവിനെ
പറ്റി ഓർത്തത്. പുളിമാവുള്ള കാലത്തോളം, അതായത് കഴിഞ്ഞ കൊല്ലം വരെ വിഷുവിന് കൂട്ടാൻ വയ്ക്കാൻ മാങ്ങ വാങ്ങേണ്ടി വരാറില്ലായിരുന്നു. മാവ് ഉതിർത്തിടുന്ന മാമ്പഴങ്ങൾ പെറുക്കി എടുത്താൽ മാത്രം മതിയായിരുന്നു.
അഞ്ചു വീടുകൾ വേർതിരിക്കുന്ന മതിലുകൾ ഇല്ലാതെ
ഒറ്റത്തൊടിയായിരുന്ന കാലത്ത് തറവാടിന്റെ പടിഞ്ഞാറെ തൊടിയിലാണ് പുളിമാവിൻ്റെ നിൽപ് . പുളിമാവിനെ കുട്ടിക്കാലത്തൊന്നും ശ്രദ്ധിച്ചിട്ടില്ല. വടക്കു പുറത്തുള്ള താഴ്ന്നു കിടക്കുന്ന കൊമ്പുകളുള്ള ഒട്ടുമാവായിരുന്നു ഞങ്ങളുടെ ഇഷ്ട സങ്കേതം. മരത്തിൽ കയറിയിട്ടുണ്ട് എന്ന് പറയാൻ അത് മാത്രമേ ഉള്ളൂ.
പുളിമാവ് പൂത്തോ കായ്ച്ചോ എന്നൊന്നും അറിയാൻ പറ്റില്ല. പച്ച നിറമുള്ള മാമ്പഴങ്ങൾ ചുവട്ടിലെ ചപ്പിലകളിലേക്ക് വീഴുമ്പോൾ അറിയാം മാങ്ങ പഴുത്തു എന്ന്. ചെറിയ പുളി ഉള്ളത് കൊണ്ടാണോ മാവായ മാവൊക്കെ കയറിയിറങ്ങുന്ന അണ്ണാറക്കണ്ണന്മാർ പുളിമാവിൽ കയറാത്തത്? അതോ കുറേ ദൂരം ഒറ്റത്തടിയായി അങ്ങുയരത്തിൽ പടർന്നു നിന്നിരുന്നത് കൊണ്ടാണോ ?
അതെന്തായാലും നിലത്ത് വീഴുന്ന മാമ്പഴങ്ങൾ ഒന്നും കൊത്താത്തതും പഴുത്തതും ആയിരുന്നു. നല്ല മണവും. വീട്ടുകാരുടെ ആവശ്യം കഴിഞ്ഞാലും മാങ്ങ പെറുക്കിക്കോട്ടെ എന്ന് ചോദിക്കുന്നവർക്ക് ധാരാളം മാങ്ങ വീഴ്ത്തിക്കൊടുത്തിരുന്നു പുളിമാവ്.
കൂട്ടാൻ വയ്ക്കാൻ മാത്രമേ പറ്റുള്ളൂ എന്നതായിരുന്നു ആദ്യം കേട്ട പഴി. 'മറ്റു മാവുകളിലൊക്കെ ആളെ കേറ്റി മാങ്ങ പറിക്കുമ്പോൾ ഞാനെല്ലാം നിങ്ങൾക്കിട്ട് തരുന്നുണ്ടല്ലോ' എന്ന് പുളിമാവ് പിറുപിറുത്ത് കാണുമോ?
തൊടിയിൽ മുഴുവൻ നിറഞ്ഞു കിടക്കുന്ന ചപ്പിലകൾക്കിടയിൽ " വല്ല പാമ്പോേ ചേമ്പോ ഉണ്ടായാലും അറിയില്ല" എന്നാണ് അടുത്ത പഴി. മീനം മേടം മാസങ്ങളിലെ ഉഗ്ര സൂര്യതാപമേറ്റ് ഉണങ്ങിയ ഇലകൾ നിലത്ത് വീഴുന്നതിന് എന്തു ചെയ്യാനെന്ന് മാവ് ഗദ്ഗദം പൂണ്ടിരുന്നോ ?
ഒടുവിൽ തടിയിൽ മഴു വീഴുമ്പോൾ മാവ് നിസ്സംഗയായിരുന്നോ? അതോ ദുഃഖിതയായിരുന്നോ? ' ഞാനേറ്റു വാങ്ങിയിരുന്ന സൂര്യതാപം നിങ്ങളെങ്ങനെ സഹിക്കും ' എന്ന് വേവലാതിപ്പെട്ടോ?
ഇപ്പോൾ മാവ് നിന്ന സ്ഥലം വേനലിൽ തിളച്ച് ചുറ്റും തരംഗമായി ചൂട് വമിപ്പിച്ച് നിൽക്കുമ്പോൾ സംരക്ഷണത്തിൻ്റെ ആ
തണലിനായി, ചപ്പിലകൾക്കിടയിൽ വീഴുന്ന മണമുള്ള മാമ്പഴങ്ങൾക്കായി വല്ലാതെ മോഹിക്കുന്നു.
പ്രീത രാജ്
Comments
Post a Comment