കാതൽ - ദ കോർ
കാതൽ ദ കോർ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നല്ല സിനിമ . മാത്യുവിനെ മമ്മൂട്ടി അതിസൂക്ഷ്മമായി അവതരിപ്പിച്ചപ്പോൾ കൂടെയുള്ളവരെല്ലാം അവരവരുടെ ഭാഗം ഭംഗിയാക്കി. ചാച്ചന്റെ പ്രകടനം ഗംഭീരമായി. മാത്യുവും ഓമനയും ഒരുപോലെ വ്യവസ്ഥിതിയുടെ ഇരകളാണ്. ഓമനയുടെ സ്ഥിതി ഏറ്റവും ദുഷ്കരമാവുന്നത് ഇറങ്ങി പോകാൻ ഇടമില്ലാത്തതു കൊണ്ടാണ്. സ്ത്രീധനം നൽകി പറഞ്ഞു വിട്ടവൾക്ക് വീട്ടിൽ തിരിച്ചു ചെല്ലാൻ പറ്റില്ലല്ലോ! കോട്ടയത്ത് ജോലി ചെയ്യുമ്പോൾ ഒരു സഹപ്രവർത്തകൻ സ്ത്രീധനത്തിനെതിരായ ഞങ്ങളുടെ നിലപാടിനെ വീറോടെ എതിർത്തിരുന്നു.. വിവാഹം ചെയ്തയച്ച മകൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് അതങ്ങ് സഹിക്കുക എന്നതാണ് പുള്ളി കണ്ട മറുപടി. ഹോമോ സെക്ഷ്വൽ ആണെന്നറിഞ്ഞിട്ടും മകനെ കല്യാണം കഴിപ്പിച്ച് നേരെയാക്കാമെന്ന് കരുതിയ അപ്പൻ സമൂഹത്തിന്റെ നേർ പരിഛേദമാണ്. അപ്പനെന്നാൽ ഉടമസ്ഥൻ എന്ന് ധരിച്ച് വശായാവരുടെ നാടാണല്ലോ ഇത്. മറ്റ് ജാതിയിലെ ഒരുത്തനെ പ്രണയിച്ചതിന്റെ പേരിൽ മകളെ മർദ്ദിച്ച് കീടനാശിനി കുടിപ്പിച്ച് കൊന്ന അഭ്യസ്തവിദ്യരായ അച്ഛൻമാരുള്ള നാട്. മക്കളെ മറ്റൊരു വ്യക്തിയായി കാണാൻ എന്തേ നമുക്കിപ്...