ഒതപ്പ്



ഒതപ്പ്
സാറാ ജോസഫ്

സ്വന്തം താൽപര്യത്തോടെ തന്നെയാണ് ചണ്ണേരെ വർക്കിമാഷുടെ മകൾ മർഗലീത്ത തിരുവസ്ത്രം സ്വീകരിച്ചത്. പക്ഷെ ഉടലിൻ്റെ കാമനകളെ പാടെ തിരസ്കരിച്ചു കൊണ്ട് ആത്മാവിൻ്റെ ആനന്ദം കണ്ടെത്താനാവാതെ അവൾ ഉഴറി. ഒടുവിൽ തിരഞ്ഞെടുപ്പിൻ്റെ രാത്രി മുഴുവൻ വേണോ വേണ്ടയോ എന്ന് പെൻഡുലം പോലെ ആടുന്ന മനസ്സുമായി ഔദ്യോഗിക വസ്ത്രത്തോടെ കഴിച്ചു കൂട്ടി. മഠത്തിലെ ചാപ്പലിൽ ആദ്യത്തെ മണിയടിച്ചപ്പോൾ വസ്ത്രമഴിച്ചു. വസ്ത്രമല്ല, ഒരാളെ നിർവ്വചിക്കുന്നതെന്ന വെളിപാടോടെ പുറത്തു കടന്നു. 

കായ പഴുക്കയിടുന്ന കുണ്ടിലsച്ച് സഹോദരൻമാരും ഇങ്ങനെ ഒരു മകളില്ലെന്ന് അമ്മയും അസഭ്യ വർഷം കൊണ്ട് നാട്ടുകാരും ശിക്ഷിച്ചപ്പോഴും മർഗലീത്തക്ക് പാപബോധം തെല്ലും ഉണ്ടായിരുന്നില്ല. എങ്കിലും മുന്നോട്ടുള്ള വഴി വ്യക്തമായിരുന്നില്ല. 

റോയ് ഫ്രാൻസിസ് കരീക്കൻ്റെ സ്ഥിതി അതായിരുന്നില്ല. മർഗലീത്തയോടുള്ള പ്രണയത്താൽ വസ്ത്രമുപേക്ഷിച്ചെങ്കിലും പാപഭാരത്താൽ അയാൾ വലഞ്ഞു. നാടുവിട്ട് ഏതോ പള്ളിയുടെ തണുത്ത ഏകാന്തതയിൽ കുന്തിരിക്കം മണക്കുന്ന നിശ്ശബ്ദതയിൽ അഭയം കണ്ടെത്തി അഥവാ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. 

ഫാ. അഗസ്റ്റിൻ എന്ന പട്ടിപ്പുണ്യാളൻ്റെ വീട്ടിൽ നിന്നാണ് മർഗലീത്ത പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന തൻ്റെ ആഗ്രഹത്തിൻ്റെ പൊള്ളത്തരം അറിഞ്ഞത്. അഗസ്റ്റിനെ പോലെ സേവനം ചെയ്യാൻ മർഗലീത്തക്ക് കഴിയില്ലായിരുന്നു. അറപ്പ് അവളെ പിന്തിരിപ്പിച്ചു. 

പക്ഷെ, പുറത്തു പെയ്യുന്ന പുതുമഴയിൽ നാണു എന്ന അനാഥക്കുഞ്ഞിനെ ചേർത്തു പിടിച്ച് ഉദരത്തിലെ മിടിപ്പിന് മീതെ കൈവച്ച് വർക്കി മാഷ് പണ്ട് പറഞ്ഞിരുന്ന ജോസഫ് എന്ന ആശാരിയുടെ കഥ പറയുമ്പോൾ അവൾ താൻ തേടി നടന്ന ആനന്ദം പരിപൂർണ്ണമായി അനുഭവിച്ചു. 

ഹോളി സ്പിരിറ്റ് ഏഴു തവണ കിട്ടിയ റബേക്കയും 
" ബെസ് പൂർക്കാനേന്ന് സ്വർഗ്ഗത്തിൽയ്ക്ക് കേറ്റാൻ ഒര് ഇരുപത്തഞ്ച് കൊല്ലം കുർവാന ചൊല്ലിച്ചാൽ മത്യവോ സിസ്റ്റേ? " എന്ന് ചോദിക്കുന്ന മർഗലീത്തയുടെ അമ്മയും 
മാർക്കം കൂടിയ തെറുദിയുടെ മോന് അച്ചപ്പട്ടത്തിന് പഠിക്കാൻ പറ്റില്ലെന്ന കാനോൻ നിയമവും മർഗലീത്തക്ക് അഭയം കൊടുക്കുന്ന യോഹന്നാൻ കശീശയും സാറാക്കൊച്ചമ്മയും നാസ്തികൻ ജോർജ്ജും മർഗലീത്തയുടെ പിറക്കാൻ പോകുന്ന കുഞ്ഞിന് സ്വന്തം കൈകൾ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങൾ സമ്മാനമായി കൊണ്ടു നൽകുന്ന കന്യാസ്ത്രീകളും  
സമൂഹത്തിൻ്റെയും സഭയുടെയും പരിഛേദങ്ങളായി നിൽക്കുന്നു. 

പ്രീത രാജ്


Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര