തെറിച്ചവൾ
തെറിച്ചവൾ
രാത്രിമഴയിൽ കുതിർന്നാർദ്രമായൊരു പുലരിയിൽ
കാർമുകിലിൻ പുറകിലൊളിച്ചിരുന്നു ബാലസൂര്യൻ..
തെല്ലു പുറമെ കാണായ വസ്ത്രാഞ്ചലം കണ്ടൂറിച്ചിരിച്ചു ഞാൻ നിൽക്കവേ..
തെല്ലു താഴെയായെന്നെപ്പോലതു
നോക്കി നിൽക്കുകയാണവൾ ..
അവൾ, ഒരു മഞ്ഞക്കോളാമ്പിക്കൊമ്പ്
നീണ്ടു മെലിഞ്ഞ തണ്ടിൽ
തുമ്പത്തഞ്ചാറിലകളുള്ളോൾ..
ബാൽക്കണിപ്പൂന്തോപ്പിൽ
ശാഖാ നിറവായ് നിൽപ്പുണ്ട്
തെച്ചിയും ചെമ്പരത്തിയും നന്ത്യാർവട്ടവും പിച്ചിയും
മുല്ലവള്ളിയും കറിവേപ്പും
സൺഷേഡിനപ്പുറമൊരു ശിഖരം
പോലും പോയിട്ടില്ലിന്നേവരെ
ഇവൾ മാത്രമെന്തേ കൂട്ടം തെറ്റി
ദൂരേക്ക് തലനീട്ടുവാൻ?..
കോളാമ്പിച്ചെടി ശാസിച്ചു കാണുമോ?
"കണ്ടില്ലേ മറ്റു ശിഖരങ്ങൾ
കൂട്ടം തെറ്റി നീ മാത്രമെന്തിങ്ങനെ?
ഇല കൊഴിഞ്ഞ് കോലം കെട്ട്
അടക്കമില്ലാതാടുന്നതെന്തു നീ ?"
" നന്നായി വളരുവാൻ ശുഷ്കമാം ശാഖകളറുത്തു മാറ്റണം " യുട്യൂബ് പകർന്ന വിജ്ഞാനമോർത്തു ഞാൻ
എന്നാലതങ്ങനെ തന്നെന്നുറച്ചു
അപ്പോൾ ...
അനാവൃതമായ തുടുത്ത
സൂര്യമുഖത്തിൻ വർണ്ണം
തോണ്ടിയെടുത്തവൾ കണ്ടുപിടിച്ചെന്നിളകിച്ചിരിച്ചു..
പിന്നീടെപ്പോഴോ കണ്ടു,
നിത്യസന്ദർശകരായ കുഞ്ഞിക്കിളികളിലൊന്നിനെയവൾ
ആലോലമാലോലമൂയലാട്ടുന്നു.
മഴ വന്നപ്പോൾ..
ഏറ്റുവാങ്ങിയവളിലക്കുമ്പിളിൽ
അവൾ മാത്രം മഴയിൽ
നനഞ്ഞാടിത്തിമർത്തു...
മറ്റു ശാഖകളസൂയ പൂണ്ടോ?
കൊതിച്ചില്ലേ അവയുമിത്തിരി മഴത്തുള്ളിയെ ശിരസ്സിലണിയാൻ ?
മഴയിൽ നനഞ്ഞ് നൃത്തമാടാൻ?
അപ്പോൾ കണ്ടു...
രണ്ടു പുതുനാമ്പുകൾ..
തല നീട്ടുന്നു മെല്ലെ
അവളുടെ വഴിയെ..
ചെടി പൂവണിഞ്ഞില്ലെന്നാകിലും
മുറിക്കില്ലിവളെയെന്നുറച്ചു ഞാൻ
വേലികൾക്കപ്പുറമെത്തി നോക്കാൻ തൻ്റേടമില്ലാഞ്ഞല്ലോ എനിക്കെന്നും.
പ്രീത രാജ്
Nice🥰
ReplyDelete😊🙏
Delete