Posts

Showing posts from October, 2025

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...

വിജയദശമിയും ഗാന്ധിജയന്തിയും

Image
"വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ വർണ്ണവിഗ്രഹേ വേദാത്മികേ ! നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ ബാലേ വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതേ സലക്ഷണം മേന്മേൽ മംഗലശീലേ !" എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന തന്നെയാണ് വിജയദശമി ദിനത്തിൽ മനസ്സിൽ തോന്നുന്നതും. തിരമാലകൾ പോലെ വാക്കുകൾ തോന്നിക്കേണേ ഭാരതീദേവി! ഗാന്ധിജയന്തിയും വിജയദശമിയും ചേർന്ന് വന്ന ഈ ദിനത്തിൽ മനസ്സിൽ വരുന്നത് ഭഗവദ്ഗീത എന്ന മഹദ്ഗ്രന്ഥമാണ് . അഹിംസയിൽ ഉറച്ചു വിശ്വസിച്ച മഹാത്മാവും അണുബോംബ് നിർമ്മിച്ച ഓപൺഹീമർ എന്ന ശാസ്ത്രജ്ഞനും ജീവിത സമസ്യകൾക്ക് ആശ്രയം കണ്ടെത്തിയ ആ ഗ്രന്ഥം ലീലാവതിട്ടീച്ചറുടെ വ്യാഖ്യാനത്തിൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാഷാ ഭഗവദ്ഗീതയുടെയും സഹായത്തോടെ മനസ്സിലാക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാലം. അതുൾക്കൊള്ളാൻ തെളിഞ്ഞ ബുദ്ധി നൽകണേ എന്നും പ്രാർത്ഥനയുണ്ട്.  ഗാന്ധിജയന്തി, വിജയദശമി ആശംസകൾ! പ്രീത രാജ്