മേപ്പിൾ മരം
മേപ്പിൾ മരം
ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി.....
കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, .
ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ. ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക് മറഞ്ഞ് പോകുന്ന ദിനങ്ങൾ പോലെ.
ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ ഒളിമങ്ങാതെ സംരക്ഷിക്കപ്പെട്ടിരിക്കില്ലേ? മനസ്സിൻ്റെ അടരുകൾക്കിടയിൽ അരുമയായ് സൂക്ഷിക്കുന്ന നിമിഷങ്ങൾ പോലെ.
അവിടെ അപ്പോൾ ശൈത്യകാലം വരവറിയിച്ചു തുടങ്ങിയിരുന്നു. അക്കാലം നിറങ്ങളെല്ലാം വാർന്ന് ഘനീഭവിച്ച മഞ്ഞിൻ്റെ വെള്ള പുതച്ച് വൃക്ഷം ക്ഷമയോടെ ധ്യാനനിരതനായി കാത്തിരിക്കും. ആ ധ്യാനത്തിൽ വൃക്ഷത്തിൻ്റെ കാതൽ കരുത്തുള്ളതാകും. അതിനിയുമെത്രയോ ഋതുഭേദങ്ങൾ തലയെടുപ്പോടെ അതിജീവിക്കാനുള്ള കരുത്താർജ്ജിക്കും. വസന്തത്തിൽ വീണ്ടും പുതു നാമ്പുകൾ നിറയും. അതിനപ്പുറം ഗ്രീഷ്മവും വീണ്ടും ശിശിരവും വരും.ഋതുക്കൾ മാറി മാറി വരും. അത് പ്രകൃതിനിയമം.
എത്രയെത്ര ഋതുഭേദങ്ങളിലൂടെ കടന്നുപോകണം ജീവിതം !!
ആനന്ദത്തിന്റെ വസന്തവും ഉള്ളുരുകും വേവിന്റെ ഗ്രീഷ്മവും ഗൃഹാതുരത്വത്തിന്റെ ശിശിരവും
നിർവികാരതയുടെ ശൈത്യവും
മാറി മാറിയങ്ങനെ.....
കൊഴിയുന്ന ഇലകൾ വൃക്ഷത്തിൽ
അവശേഷിപ്പിക്കുന്ന വടുക്കൾ പോലെ ജീവിതവൃക്ഷത്തിൽ തനതായ പാടുകൾ തീർക്കുന്നു കടന്നു പോകുന്ന ഓരോ ദിനവും. അനുദിനം പുതുക്കപ്പെടുന്നു ഒരോ ജീവിയും ജീവിതവും!
പ്രീത രാജ്
Comments
Post a Comment