അമ്മ
"എന്റെ ഉണ്ണീ... എന്റെ ഉള്ളിൽ നീ രൂപം കൊണ്ട അന്നു മുതൽ എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങി. നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഞാൻ നിന്നെ കുറിച്ച് ചിന്തിച്ചു. നിന്റെ കുഞ്ഞു മിടിപ്പുകൾക്കായി കാതോർത്തു. നിനക്കഹിതമായാലോ എന്നു കരുതി എന്റെ ഇഷ്ടങ്ങൾ ഞാൻ മാറ്റിവച്ചു. നിനക്ക് നല്ലതു വരാൻ കയ്പു കണ്ണടച്ച് സേവിച്ചു. വേദന കണ്ണുനീരായും അലമുറയായും പുറത്തു വരുമ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ ലേബർ റൂമിലെ സ്റ്റീൽ കട്ടിലിൽ തളർന്നവശയായി വിറപൂണ്ട് കിടക്കുമ്പോൾ നിന്റെ കരച്ചിലിനായി കാതോർത്തു. വേദനയുടെ ആഴക്കയത്തിലേക്ക് വീഴുമ്പോൾ തലയിൽ തലോടി നിന്നിരുന്ന ഇത്തിരി പ്രായമുള്ള നഴ്സമ്മ നിന്നെ കൊണ്ടു വന്നു കാണിച്ചപ്പോൾ "കുഴപ്പമൊന്നുമില്ലല്ലോ" എന്നു മാത്രം ചോദിച്ചു. മിടുക്കനാണ് എന്ന് അവർ ചിരിച്ചപ്പോൾ ഞാൻ ഗാഢനിദ്രയിലേക്ക് ... പിന്നീട് എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രബിന്ദു നീ തന്നെ ആയിരുന്നു. സ്വതവേ ചെറുതായിരുന്ന എന്റെ ലോകത്തിന്റെ ചുറ്റളവ് നന്നേ ചുരുങ്ങി. എന്നും നിനക്കായ് വേവലാതിപ്പെട്ടു. ആധി പിടിച്ചു. ആദ്യമായി നിന്നെ വിട്ടു ഓഫീസിൽ പോയപ്പോൾ സങ്കടവും കുറ്റബോധവും കൊണ്ട് നീറി...