അമ്മ
എന്റെ ഉള്ളിൽ നീ രൂപം കൊണ്ട അന്നു മുതൽ എന്റെ ലോകം നിന്നിലേക്ക് ചുരുങ്ങി. നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ഞാൻ നിന്നെ കുറിച്ച് ചിന്തിച്ചു. നിന്റെ കുഞ്ഞു മിടിപ്പുകൾക്കായി കാതോർത്തു. നിനക്കഹിതമായാലോ എന്നു കരുതി എന്റെ ഇഷ്ടങ്ങൾ ഞാൻ മാറ്റിവച്ചു. നിനക്ക് നല്ലതു വരാൻ കയ്പു കണ്ണടച്ച് സേവിച്ചു.
വേദന കണ്ണുനീരായും അലമുറയായും പുറത്തു വരുമ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു. ഒടുവിൽ ലേബർ റൂമിലെ സ്റ്റീൽ കട്ടിലിൽ തളർന്നവശയായി വിറപൂണ്ട് കിടക്കുമ്പോൾ നിന്റെ കരച്ചിലിനായി കാതോർത്തു. വേദനയുടെ ആഴക്കയത്തിലേക്ക് വീഴുമ്പോൾ തലയിൽ തലോടി നിന്നിരുന്ന ഇത്തിരി പ്രായമുള്ള നഴ്സമ്മ നിന്നെ കൊണ്ടു വന്നു കാണിച്ചപ്പോൾ "കുഴപ്പമൊന്നുമില്ലല്ലോ" എന്നു മാത്രം ചോദിച്ചു. മിടുക്കനാണ് എന്ന് അവർ ചിരിച്ചപ്പോൾ ഞാൻ ഗാഢനിദ്രയിലേക്ക് ...
പിന്നീട് എപ്പോഴും എന്റെ ലോകത്തിന്റെ കേന്ദ്രബിന്ദു നീ തന്നെ ആയിരുന്നു. സ്വതവേ ചെറുതായിരുന്ന എന്റെ ലോകത്തിന്റെ ചുറ്റളവ് നന്നേ ചുരുങ്ങി. എന്നും നിനക്കായ് വേവലാതിപ്പെട്ടു. ആധി പിടിച്ചു. ആദ്യമായി നിന്നെ വിട്ടു ഓഫീസിൽ പോയപ്പോൾ സങ്കടവും കുറ്റബോധവും കൊണ്ട് നീറിപ്പു കഞ്ഞു. ആദ്യമായി നിന്നെ പ്ലേസ്കൂളിൽ വിട്ടു വരുമ്പോൾ പൊട്ടിക്കരയുന്ന നിന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്. അമ്മ പോയാലേ അവൻ കരച്ചിൽ നിർത്തൂ എന്നു ടീച്ചർ ഇത്തിരി പരിഭവത്തോടെ പറഞ്ഞ തോർത്ത് ഇപ്പോൾ ചിരി വരുന്നു.
പറഞ്ഞുവന്നത് എന്താച്ചാൽ ഇതെല്ലാം എല്ലാ അമ്മമാരും കടന്നുപോവുന്ന വഴികളാണ്. ഇപ്പോൾ നീ വലുതായി, സ്വന്തം കുടുംബമായി. നിനക്കുമുന്നിൽ ചെയ്തു തീർക്കാനുള്ള അനേകം കാര്യങ്ങളുണ്ട്. എനിക്കിത് വിശ്രമ കാലവും. അന്നും ഇന്നും എന്നും എന്റെ ലോകത്തിന്റെ കേന്ദ്ര ബിന്ദു നീ തന്നെയാണെങ്കിലും അതിത്തിരി കൂടി വികസിപ്പിക്കാൻ ഒരു മോഹം. കുറച്ച്ഇഷ്ടങ്ങളെ തിരിച്ചു പിടിക്കണം. കുറച്ചു വായന, എഴുത്ത്, ചില യാത്രകൾ അങ്ങനെയങ്ങനെ ഒരു ചെറിയ ലിസ്റ്റുണ്ട് ചെയ്തു തീർക്കാൻ . അതു മാത്രമല്ല, ഇവിടെ ഹതഭാഗ്യരായ കുറച്ചു കുട്ടികൾ താമസിക്കുന്ന ഒരു ഹോം ഉണ്ട്. അമ്മയുടെ വാത്സല്യം അറിയാത്തവർ. മിടുക്കിക്കുട്ടികളാണ്. ഇടക്കവിടെ പോയി അവരോട് സംസാരിച്ചിരിക്കാൻ രസമാണ്. അമ്മയുടെ ലോകം വലുതാവുന്നുണ്ട്, അല്ലെ?
ഇടക്ക് വന്ന് കാണുക, എന്നും സുഖവിവരമറിയുക, വയ്യതായാൽ എന്താന്ന് വച്ചാൽ ചെയ്യുക. അത്രേ വേണ്ടൂ ഉണ്ണീ. എന്റെ മനസ്സും പ്രാർത്ഥനയും എന്നും നിന്റെ കൂടെ."
മെസ്സേജ് അയച്ചു കഴിഞ്ഞപ്പോൾ ഒരു ആശ്വാസം. നേരിട്ട് പറഞ്ഞു ചെക്കന്റെ അടുത്ത് തർക്കിച്ചു ജയിക്കാൻ പ്രയാസം ആവും. ഇത് വായിച്ചാൽ അവന് മനസ്സിലാവും. എന്നും തന്നെ മനസ്സിലാക്കാൻ അവന് മാത്രമല്ലേ കഴിഞ്ഞീട്ടുമുള്ളൂ..അനിത മെല്ലെ എഴുന്നേറ്റു ബാൽക്കണി യിലേക്ക് ചെന്നു. മുല്ല വിടരുന്ന മണം. ആകാശത്ത് പൗർണമി കഴിഞ്ഞ് ശോഷിച്ചു തുടങ്ങിയ ചന്ദ്രക്കല. അമാവസിക്കിനിയും സമയമുണ്ടല്ലോ എന്ന് ചെറുപുഞ്ചിരിയോടെ ഓർത്ത് അവൾ കസേരയിൽ ചാരി കണ്ണുകളച്ചു.
പ്രീത രാജ്
Comments
Post a Comment