ഒരേ ജാലകക്കാഴ്ചകൾ.

ഒരേ പോലെയുള്ള ദിനരാത്രങ്ങൾ....
നീണ്ടു നീണ്ടു പോകുന്ന മഹാമാരിനാളുകൾ...
അതിവേഗത്തിലോടിക്കൊണ്ടിരുന്ന തീവണ്ടി
അനിശ്ചിതമായി നിർത്തിയിട്ട പോലെ...
മുന്നിലെ തടസ്സം എപ്പോൾ നീങ്ങുമെന്നറിയാതെ...
ഒരേ ജാലക കാഴ്ചകൾ ....
മെല്ലെ കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരിപ്പിത്തിരി സുഖമാക്കി മനസ്സുകൊണ്ടാരു മടക്കയാത്ര.... 
പിന്നിട്ട വഴികളിലൂടെ ...
കൂട്ടുകാരൊത്ത് കളിച്ചുല്ലസിച്ച് സ്കൂളിലേക്ക് നടന്ന വഴികളിലൂടെ ... 
സ്കൂളിലെ ഇടനാഴികളിലൂടെ ...
പേരു കേട്ട കലാലയത്തിന്റെ നിറയെ ചുവന്ന കായ്കളുള്ള മരത്തണലിൽ പരീക്ഷച്ചൂടിന്റെ വേവലാതിയോടെ ....
ആദ്യമായി രാഷ്ട്രീയ പ്രബുദ്ധത കണ്ടറിഞ്ഞ കലാലയ അങ്കണങ്ങളിലൂടെ ....
ആദ്യ ഓഫീസിന്റെ അകത്തളങ്ങളിലൂടെ ...
വിവാഹിതയായി നടന്നു തീർത്ത അനേകം വഴികളിലൂടെ.... ജനപഥങ്ങളിലൂടെ ...
അരനൂറ്റാണ്ടിന്റെ യാത്രകൾ..
ഇപ്പോൾ ഇവിടെ തടഞ്ഞു നിൽക്കുമ്പോൾ ...
വത്യാസമറിയുന്നു...
മറ്റു യാത്രകളിൽ ലക്ഷ്യമായിരുന്നു പ്രധാനം...
ചിന്തിച്ചിരുന്നതും ലക്ഷ്യസ്ഥാനത്തെ കുറിച്ചും അവിടെയെത്തിയാൽ എന്തു ചെയ്യണമെന്നും...
ഇവിടെയിപ്പോൾ ലക്ഷ്യം എത്ര അകലെ എന്നു പോലും അറിയാത്തപ്പോൾ ...
ഈ ഹ്രസ്വമടക്കയാത്രകൾക്ക് ഒരു പ്രത്യേക സുഖം...
നോക്കിയിരിക്കെ, ജാലകക്കാഴ്ചയിലേക്ക് 
ഒരു വെൺമേഘ ശകലം...
മുടിയിഴകളിൽ ഒരു ചെറു കുളുർ കാറ്റ്...
ലക്ഷ്യമല്ല, യാത്ര തന്നെയാണ് പ്രധാനം 
എന്ന തിരിച്ചറിവ്  ഉള്ളിൽ നിറയുന്നു...

നടന്നു തീർത്ത വഴികളിലെ അബദ്ധങ്ങൾ ഓർത്തു ചിരിക്കാം.. നെടുവീർപ്പിടാം...
സഹയാത്രികരോട് പുഞ്ചിരിക്കാം...
പാഥേയം പങ്കുവക്കാം..
ആകുലതകളിൽ കരുതലാവാം....
യാത്രയെ ധന്യമാക്കാം..
അന്വർത്ഥമാക്കാം...


പ്രീത രാജ്




Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര