അഭയാർത്ഥികൾ
ആകെയുള്ള ബാൽക്കണിയാണ്. ചെടികളും പുൾ ആൻഡ് ഡ്രൈ ക്ലോത്ത് ലൈനും എപ്പോഴും ആവശ്യമില്ലാത്ത ഏതൊക്കെയോ സാധനങ്ങളും ഒക്കെ എങ്ങനെയൊക്കെയോ ഒപ്പിച്ച് വച്ചിരിക്കുന്നതാണ്. അവിടേക്കാണ് നുഴഞ്ഞു കയറ്റം.
അനുനയത്തിൽ പറഞ്ഞു നോക്കി. " നോക്ക് എത്ര തരം പക്ഷികളുണ്ട് പറന്നു നടക്കുന്നു. അവരൊക്കെ ഏതെങ്കിലും മരക്കൊമ്പിൽ കൂട് വച്ച് സുഖമായി ജീവിക്കുന്നു. നിങ്ങൾക്കും അങ്ങനെ ചെയ്തൂടെ . അവിടെയാവുമ്പോൾ ആരെയും പേടിക്കണ്ട. നല്ല ശുദ്ധവായുവും കിട്ടും. ഇവിടെ വന്ന് വെള്ളം കുടിച്ചോളൂ. പക്ഷെ താമസം മരക്കൊമ്പിലേക്ക് മാറ്റണം."
തെല്ലു പുച്ഛത്തോടെ എന്നെ നോക്കി ഇരുന്നിടത്ത് നിന്നനങ്ങാതെ 'കുറുകുറുകുറുകുറു ' എന്ന് പറഞ്ഞോണ്ടിരിന്നു. അതിന്റെ അർത്ഥം ഇതാണെന്ന് ഞാൻ ഊഹിച്ചു.
" കണ്ണിൽക്കണ്ട കിളികളുമായി താരതമ്യം വേണ്ട. എവിടെ താമസിക്കണം എന്ന് തീരുമാനിക്കാൻ ഓരോ പറവക്കും അവകാശമുണ്ട്. മരത്തിൽ കൂടുകൂട്ടാൻ ഞങ്ങളെന്താ വല്ല സന്ന്യാസിമാരുമാണോ?
വളരെ ലൈംഗികമായ പറവകളാണ് ഞങ്ങൾ ( ലൗകികം എന്നായിരിക്കാം ഉദേശിച്ചത് . പ്രവൃത്തി വച്ച് നോക്കുമ്പോൾ മറിച്ചായാലും തെറ്റില്ല. ) അല്ലെങ്കിൽ തന്നെ ഞങ്ങൾ പ്രാവുകൾ നഗരവാസികളാണ്. മരം, ശുദ്ധവായു എന്നിവയേക്കാൾ ഞങ്ങൾക്കിഷ്ടം അംബരചുംബികളായ കെട്ടിടങ്ങളാണ്. "
" എങ്കിൽ പിന്നെ ആൾത്താമസമില്ലാത്ത ഏതെ ങ്കിലും ഫ്ലാറ്റിൽ പൊക്കൂടേ'" എന്ന് ഞാൻ. "അങ്ങനെ കരുതിയാണ് ഇവിടെ വന്നത് " എന്നെ ഒന്നിരുത്തി നോക്കി ഒരുത്തൻ പറഞ്ഞു. "എന്തായാലും ഇവിടെ പറ്റില്ല ." ഞാൻ കട്ടായം പറഞ്ഞു. കൂടാതെ എന്റെ സഹായിയായ ആനിയെയും കൂട്ടി കൂടുകൂട്ടാൻ പറ്റാതെ കോലും കുന്തവും ഒരു പ്രയോജനവുമുണ്ടാവാത്ത ഒരു ഇറിഗേഷൻ സിസ്റ്റത്തിന്റെ ( ഒരു online മണ്ടത്തം)spikes ഉം ഒക്കെ വച്ച് അടച്ചു കളഞ്ഞു." പാവം അതുങ്ങൾക്കും ജീവിക്കണ്ടെ " എന്ന് ആനിയുടെ വക്കാലത്ത്. ഈ കക്ഷിയെ നനയ്ക്കാൻ ഏൽപ്പിച്ചാണ് ഞാൻ പോയത്.!!!
വീടിനകത്ത് പ്രാവ് കേറാതിരുന്നത് ഭാഗ്യം.
ആജീവനാന്തം കൂടെ നിൽക്കും എന്നു കരുതിയിരുന്ന ആൾ " ആ ഫ്ലാറ്റുകളിലൊക്കെ നോക്ക്. എത്ര പ്രാവുകളാണ് സ്വൈരവിഹാരം നടത്തുന്നത്. അവിടെയൊന്നും ആരും അവയെ ഓടിക്കുന്നില്ല. അനാദികാലം മുതൽക്കേ പ്രാവും മനുഷ്യനും ഒരേ കൂരക്കുള്ളിൽ ജീവിക്കുന്നു."
ഇതെല്ലാം കേട്ട പ്രാവുകൾ അഭയാർത്ഥികളെ കയറ്റില്ലെന്ന് പറഞ്ഞ് രാജ്യാതിർത്തികൾ കൊട്ടിയടച്ച ഏതോ ദുഷ്ടനായ ഭരണാധികാരിയെ നോക്കും പോലെ എന്നെ അവിടവിടെയിരുന്ന് ചാഞ്ഞും ചെരിഞ്ഞും നോക്കിക്കൊണ്ടിരുന്നു. അവരുടെ നോട്ടം എന്നെ വല്ലാതെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.
മുൻപ് ഒരിക്കൽ Daphne du Maurier ന്റെ The Birds വായിച്ച് പക്ഷികളെ ഇത്തിരി സംശയത്തോടെയും തെല്ലു ഭയത്തോടെയും നോക്കിയിരുന്ന കാലത്താണ് തലയിൽ ഒരു കാക്ക കൊത്തിയത്. ടെറസ്സിൽ ചാഞ്ഞു കിടന്ന തെങ്ങിൽ അതിന്റെ കൂടുണ്ടായിരുന്നു പോലും.
മുംബെയിലെയും ഇടപ്പള്ളിയിലെയും ഫ്ലാറ്റുകളിൽ ബാത്ത് റൂമുകളുടെ വെന്റിലേറ്ററിലാണ് പ്രാവുകൾ കൂട് കൂട്ടിയത്.
മുംബെയിൽ മുട്ട താഴെ വീണുടഞ്ഞും ഇടപ്പള്ളിയിൽ മുട്ട കേടു വന്ന് ദുർഗന്ധം വമിച്ചും ബുദ്ധിമുട്ടിയിരുന്നു.
ആലുവയിൽ പെരിയാറിന്റെ തീരത്തുള്ള ഫ്ലാറ്റിൽ താമസിക്കുമ്പോഴാണ് ഞാൻ നാലു ബാൽക്കണികളിൽ ഒന്ന് പ്രാവുകൾക്ക് സബ്‌ലെറ്റ് ചെയ്തത്. അവിടെയുണ്ടായിരുന്ന ചെടിച്ചട്ടികളിൽ തുടർച്ചയായി അവർ മുട്ടയിട്ടു കൊണ്ടിരുന്നു. മുട്ടയിടുന്നതും അടയിരിക്കുന്നതും വിരിയുന്നതും എല്ലാം ഞാൻ ഗ്ലാസ്സ് ഡോറിന് പുറകിൽ നിന്ന് കണ്ടു കൊണ്ടിരുന്നു. വൃത്തിയാക്കാൻ പോയിരുന്ന എന്റെ അന്നത്തെ സഹായി ഷീല " ചേച്ചി, പ്രാവിന്റെ കാഷ്ഠം കോരാനൊക്കെ പൈസ വേറെ വേണം " എന്ന് കണക്ക് പറഞ്ഞ് കാശും വാങ്ങിയിരുന്നു. ( ഷീല അവകാശങ്ങളെ പറ്റി നല്ല ബോദ്ധ്യമുള്ള തീപ്പൊരി ബ്രാൻഡ് തൊഴിലാളി ആയിരുന്നു. എന്തു നിലക്കും എന്നെക്കാൾ സമർത്ഥ യാണെന്ന് കണ്ട് തെല്ല് ഭയഭക്തി ബഹുമാനത്തോടെയാണ് ഞാൻ പെരുമാറിയിരുന്നതും) രണ്ട് തവണ കുഞ്ഞുങ്ങൾ പറക്കമുറ്റി പറന്നു പോയത് കണ്ട് ഞാൻ ആഹ്ളാദഭരിതയായി. മൂന്നാം തവണ ചിറകുകൾ ചിതറിക്കിടക്കുന്നത് കണ്ടു. നാലാം തവണ രണ്ടു കുഞ്ഞുങ്ങളിൽ ഒന്ന് തലയും ഉടലും വേർപെട്ടും മറ്റേതിനെ കാണാനില്ലാതെയുമായി. മരപ്പട്ടിയായിരിക്കും കുറ്റവാളി എന്ന് സർവ്വജ്ഞയായ ഷീല. ",ചേച്ചി ഇതിനി നടക്കില്ല. ഇതെല്ലാം വൃത്തിയാക്കി മടുത്തു. എന്തെങ്കിലും ചെയ്തേ പറ്റൂ. " എന്ന് ഷീല.
ഒടുവിൽ ചട്ടികളെല്ലാം എടുത്തു മാറ്റി. കുറച്ചു ദിവസം അവിടെ വന്നിരുന്ന് എന്നെ നോക്കി പരിഭവം പറഞ്ഞിരുന്നു അവ. പിന്നെ എവിടേക്കോ പോയി.
ഈ അനുഭവം ഉൾക്കൊണ്ട് പുതിയ ഫ്ലാറ്റിൽ താമസം തുടങ്ങുന്നതിന് മുമ്പ് തന്നെ ജനലുകളൊക്കെ പ്രാവു വലയിട്ട് ഭദ്രമാക്കി. ബാൽക്കണിയിൽ നെറ്റിടാൻ ഭർത്താവ് സമ്മതിച്ചില്ല. അതും പോരാതെ ഏതോ word game ൽ മുഴുകി തലയുയർത്താതെ ഒരു ഭീഷണി " പ്രാവുകൾക്ക് ഒരു കമ്യൂണിറ്റിയുണ്ടെങ്കിൽ അവരുടെ ചൂടൻ ചർച്ചാ വിഷയം നീയായേനെ. "
ഏതായാലും ഉറക്കത്തിനിടയിൽ പോലും പ്രാവുകളുടെ കണ്ണുകൾ വേട്ടയാടാൻ തുടങ്ങിയിരിക്കുന്നു. എന്തെങ്കിലും ചെയ്തേ പറ്റൂ. തളിരുകളും മൊട്ടുകളുമായി നൃത്തം ചെയ്യുന്ന എന്റെ ചെടികളെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കുണ്ടല്ലോ.
അങ്ങനെയാണ് ഞാൻ Nat Hocken ( central character of The Birds ) നെ സ്മരിച്ച് യുദ്ധം തുടങ്ങിയത്. ബാൽക്കണിയിൽ പ്രാവ് വലയിട്ടു. പിന്നെയും കുറെ ദിവസങ്ങൾ എങ്ങനെയും നുഴഞ്ഞുകയറാൻ ശ്രമിച്ചു കൊണ്ട് അവ ചുറ്റിപ്പറ്റി പറന്നു . അവയും 'ദ
ആൽക്കെമിസ്റ്റ് ' വായിച്ച് ഉത്തേജിതരായിട്ടുണ്ടോ എന്നു വരെ
ഞാൻ ഭയപ്പെട്ടു. രണ്ടുമൂന്നാഴ്ചകൾക്ക് ശേഷം അവ ശ്രമമുപേക്ഷിച്ച് പറന്നു പോയി. യുദ്ധം ജയിച്ച ആശ്വാസത്തിൽ കസേരയിലിരിക്കുമ്പോൾ വലയിലേക്ക് പടർന്ന് തുടങ്ങിയ മുല്ലവള്ളിയിൽ നിന്നൊരു പൂ എന്നെ നോക്കി പുഞ്ചിരിച്ചു.
പ്രീത രാജ്
Comments
Post a Comment