വന്ദേ മാതരം!


"ഉത്തമം മധ്യമം പിന്നേതധമവു_
മിത്ഥം ത്രിവിധമായുള്ള വിചാരവും 
സാദ്ധ്യമിദം ദുസ്സാദ്ധ്യമാമിദം
സാദ്ധ്യമല്ലെന്നുള്ള മൂന്നു പക്ഷങ്ങളും
കേട്ടാൽ പലർക്കുമൊരുപോലെ മാനസേ
വാട്ടമൊഴിഞ്ഞു തൊന്നീടുന്നതും മുദാ
തമ്മിലന്യോന്യം പറയുന്ന നേരത്തു
സമ്മതം മാമകം നന്നുനന്നീദൃശം
എന്നുറച്ചൊന്നിച്ചു കല്പിച്ചതുത്തമം,
പിന്നെ രണ്ടാമത് മദ്ധ്യമം ചൊല്ലുവൻ
ഓരോ തരം പറഞ്ഞൂനങ്ങളുള്ളത്
തീരുവാനായ് പ്രദിപാദിച്ചനന്തരം
നല്ലതിതെന്നൈകമത്യമായേവനു-
മുള്ളിലുറച്ച് കല്പിച്ചു പിരിവതു
മദ്ധ്യമമയുള്ള മന്ത്രമതെന്നിയേ
ചിത്താഭിമാനേന താൻ  താൻ പറഞ്ഞതു
സാധിപ്പതിന്നു ദുസ്‌തർക്കം പറഞ്ഞതു
ബാധിച്ച് മറ്റേവനും പറഞ്ഞീർഷ്യയാ
കാലുഷ്യചേതസാ കൽപിച്ച് കൂടാതെ
കാലവും ദീർഘമായീടും പരസ്പരം
നിന്ദയും പൂണ്ടു പിരിയുന്ന മന്ത്രമോ
നിന്ദ്യമായുള്ളോന്നധമമതെത്രയും
എന്നാലിവിടെ നമുക്കെന്തുനല്ലതെ-
ന്നൊന്നിച്ചു നിങ്ങൾ വിചാരിച്ചു ചൊല്ലുവിൻ "

അദ്ധ്യാത്മ രാമായണത്തിൽ യുദ്ധകാണ്ഡത്തിലെ വരികളാണ് മുകളിൽ ഉദ്ധരിച്ചത്. രാവണൻ തന്റെ മന്ത്രിമാരോടും സദസ്സിലെ പ്രമുഖരോടും യുദ്ധവിചാരം നടത്തുന്നതിന് ആമുഖമായി പറയുന്നതാണിത്. 

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും വിവേകത്തിന്റെ ശബ്ദമുയർത്തിയ വിഭീഷണനെ നാടുകടത്തി രാവണൻ. പകരം സ്തുതി പാഠകവൃന്ദത്തിന്റെ മധുരവചനങ്ങൾ വിശ്വസിച്ച് രാജ്യം മുടിപ്പിച്ചു. 

ഈ റിപ്പബ്ലിക് ദിനത്തിൽ ദുഃഖത്തോടെ ഇതോർത്തു പോകുന്നു. സ്തുതിപാഠകരുടെ വായ്ത്താരികൾ മാത്രം ശ്രവിച്ച് മുന്നേറുന്ന ഭരണാധികാരികൾ രാജ്യത്തെ എവിടെ കൊണ്ടെത്തിക്കും! ഹ!കഷ്ടം!!

മേൽ പറഞ്ഞ ഉദ്ധരണിയിലെ മൂന്നാമത്തെ ( അധമം) തരം വിചാരം ആണ് ദിവസവും ചാനലുകളിൽ കാണുന്നതും. ഓരോരുത്തരും ഇന്നതേ പറയൂ എന്ന് എല്ലാവർക്കും അറിയാം. ഒരു മണിക്കൂർ കഴിഞ്ഞ് പിരിയുമ്പോഴും എല്ലാവരും അവിടെ തന്നെ. 
"കാലവും ദീർഘമായിടും പരസ്പരം നിന്ദയും പൂണ്ട് പിരിയുന്നതേവരും. "

എങ്കിലും നമുക്ക് പാടാം.
"സാരെ ജഹാൻ സെ അച്ഛ 
ഹിന്ദുസ്ഥാൻ ഹമാര !" 
ഇനിയുമൊരു ഗാന്ധി ഈ മണ്ണിൽ പിറക്കുമെന്ന് സ്വപ്നം കാണാം. 
വന്ദേ മാതരം!! 


പ്രീത രാജ് 

Comments

  1. Krishnadasan E R Shoranur26 January 2022 at 18:40

    നമ്മൾക്ക് നമ്മളെ മാത്രമേ നന്നാക്കാൻ കഴിയൂ. അതിൻറെ ഉപോൽപ്പന്നമായി സമൂഹം നന്നാകും എന്ന് പ്രതീക്ഷിക്കാം.
    Great writing Preetha ����

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര