കോവിഡ് എന്ന ' മീശ '
കോവിഡ് എങ്ങനെയൊക്കെ ഒരാളെ ബാധിക്കും? എണ്ണമില്ലാത്തത്ര വാർത്തകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ
ഇത് ചർച്ച ചെയ്യുന്നുണ്ട്, , ശാസ്ത്രീയമായും ഭാവനാപരമായും. പുതിയ പകർച്ചവ്യാധിയായതിനാൽ ഭാവനക്ക് ഏറെ സാധ്യതയുണ്ട് താനും.
അടച്ചിരിപ്പിന്റെ കാലത്ത് കോവിഡ് ഭൂമിയിൽ കൊണ്ടു വന്ന പല നല്ല മാറ്റങ്ങളും നമ്മൾ ചർച്ച ചെയ്തു. അന്തരീക്ഷ മലിനീകരണം കുറച്ചു, വന്യജീവികൾക്ക് സന്തോഷമായി, മനുഷ്യജീവികൾ സ്വയം വിലയിരുത്തിത്തുടങ്ങി, അങ്ങനെ അങ്ങനെ ഭാവനകളും മോഹങ്ങളും പ്രതീക്ഷകളും ലോകമാകമാനം പറന്നു നടന്നു.
പിന്നെ പിന്നെ എല്ലാ വൈകൃതങ്ങളും പുറത്തു വന്നു തുടങ്ങി. ഭൂമിയുടെയും മനസ്സുകളുടെയും. കലാലയങ്ങളിൽ ചോര ഒഴുകുന്നു, എങ്ങും ലഹരി പടരുന്നു, ദ്രാവകമായും പൊടിയായും സ്റ്റാമ്പായും അങ്ങനെ പലവിധ രൂപഭേദങ്ങളിൽ, പിഞ്ചു ജീവനുകൾ ശ്വാസം മുട്ടി നിശ്ശബ്ദമാവുന്നു, പിച്ചിച്ചീന്തപ്പെടുന്നു, തകർക്കപ്പെടുന്നു, കശക്കിയെറിയപ്പെടുന്നു. പാർപ്പിടങ്ങളിൽ മിസൈലുകൾ പതിക്കുന്നു, അങ്കക്കലി പൂണ്ട് ആളുകൾ അന്യോന്യം കൊല്ലുന്നു. കോവിഡിന് വാലും ചുരുട്ടി ഓടാതെ വയ്യ. ഇവിടെ ഇനി അതെന്തു ചെയ്യാൻ.! എന്തു നാശം വിതയ്ക്കാൻ?എന്തു പാഠം പഠിപ്പിക്കാൻ ?
എങ്കിലും എന്തിനും ഏതിനും നമ്മൾ കോവിഡിനെ കുറ്റപ്പെടുത്തുന്നു. ആരോ പറഞ്ഞു, കോവിഡ് ഉള്ളിലെ രോഗങ്ങളെയൊക്കെ പുറത്തു കൊണ്ടുവരും എന്ന്. ഇപ്പോൾ കാലുവേദനയും കയ്യു വേദനയും തുമ്മലും ചീറ്റലും ക്ഷീണവും ഉറക്കവും എന്നു വേണ്ട സ്വതസിദ്ധമായ മടി പോലുംകോവിഡിന്റെ വിക്രിയയാണെന്ന് പറയാൻ ഞാൻ മടിക്കാറില്ല. ഹരീഷിന്റെ "മീശ" യിലെ മീശയെ പോലെ എല്ലാ ദോഷവും അതിന്റെ തലയ്ക്കിരിക്കട്ടെ. ചുമ്മാ കേറി വന്നതല്ലേ അനുഭവിക്കട്ടെ.
പ്രീത രാജ്
Pic: Shutterstock.com
Comments
Post a Comment