ഒരു ശരത്കാല ഓർമ്മകൾ
ശരത്കാലത്തിൽ ഇലകൾ പൊഴിയും പോലെ കടന്നുപോയി കഴിഞ്ഞ കുറെ ദിനങ്ങൾ. ഏകദേശം രണ്ടു മാസക്കാലം. വീടു പെയിന്റ് ചെയ്യലും ഒതുക്കി വയ്ക്കലും കുഞ്ഞുമോളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പിന്നെ യാത്രകളും ക്ഷേത്രദർശനങ്ങളും ഒരു കല്യാണ അഘോഷവും എല്ലാത്തിനുമുപരി സ്പ്രിംഗ് ഘടിപ്പിച്ച പോലെ നടക്കുന്ന കുഞ്ഞു കാലടികളുടെ പിറകെയുള്ള ഓട്ടവും കുടിക്കുറുമ്പുകളിൽ മനം മയങ്ങിയുള്ള ഇരിപ്പും.
അതിനിടയിലാണ് ഏതോ ഒരു വില്ലൻ കൊതുക് കുത്തിവച്ച ഡങ്കി വൈറസുകൾ ആക്രമണം തുടങ്ങിയത്.. അപ്രതീക്ഷിതമായ ആക്രമണത്തിൽ തളർന്നു പോയി. എത്ര അനവസരത്തിലാണ് ഈ ആക്രമണമെന്ന് പരിഭവിച്ചു. പനിച്ചൂടിൽ തണുത്ത് വിറച്ച് ആശുപത്രിക്കിടക്കയിൽ മൂന്നു ദിവസം. ഡിസ്ച്ചാർജ് ചെയ്യാൻ വിസമ്മതിച്ച ഡോക്ടറോട് ദേഷ്യമായി. ഒടുവിൽ കിവിയും മാതള നാരകവും പച്ച പപ്പായയും പാഷൻ ഫ്രൂട്ടും പപ്പായയില നീരും ഒക്കെ വലിച്ചു വാരി കഴിച്ചു. പ്ലേറ്റ്ലെറ്റ്സ് ഉയരാൻ തുടങ്ങിയപ്പോൾ ഡിസ്ചാർജ് ആയി.
ക്ഷീണം വകവെയ്ക്കാതെ വാശിയോടെ ഓടി നടന്നു. ഒരോ നിമിഷവും എത്ര വിലപ്പെട്ടതാണ് എന്ന തോന്നൽ ശക്തമാണ് ഈയിടെയായി. കൊഴിഞ്ഞു വീഴുന്ന ഇലകൾ പോലെ തന്നെ സുന്ദരമാണ് കടന്നുപോകുന്ന ഓരോ ദിവസവും . ഓർമ്മചെപ്പിൽ സൂക്ഷിച്ചു വയ്ക്കണം ഓരോന്നും. ഇടയ്ക്കിടെ ചികഞ്ഞു നോക്കണം. അല്ലെങ്കിലും ഓർമ്മകൾ ഉണ്ടാകുന്നതും ഓർമ്മകൾക്കിടയിൽ തിരയുന്നതും എടുത്ത് താലോലിക്കുന്നതും ആനന്ദിക്കുന്നതും ആകുലപ്പെടൂന്നതും സങ്കടപ്പെടുന്നതും ഒക്കെ തന്നെയാണല്ലോ ജീവിതം.
പ്രീത രാജ്
👍👍♥️👍
ReplyDelete😍
Delete❤️
ReplyDelete😍
Delete