പുലരി
പാതി തുറന്ന ജാലകത്തിലൂടെ ഇളം തണുപ്പുമായെത്തുന്ന കാറ്റ് ...
പുതപ്പിനുള്ളിൽ ഒന്നുകൂടെ ചുരുണ്ട് കൂടാൻ നോക്കവെ ഒരു പൂങ്കുയിലിന്റെ മധുര നാദം..
ഇവൾക്കെന്താ ഇത്ര സന്തോഷമെന്നോർത്ത് എഴുന്നേറ്റ് ബാൽക്കണിയിൽ ...
നിറയെ പൂത്ത രണ്ടു മാവുകൾ..
മാമ്പൂവിന്റെ തേൻ കുടിച്ചിട്ടാണോ ഇവളുടെ ശബ്ദത്തിനിത്ര മാധുര്യം!!?.
രണ്ടു മൂന്ന് ചെമ്പോത്തുകൾ അവിടവിടെയിരുന്ന് വീട്ടുകാര്യവും നാട്ടുകാര്യവുമൊക്കെ ചർച്ചചെയ്യുന്നു..
നമ്മുടെ ചാനൽ ചർച്ചക്കാരെ പോലെ തന്നെ... ഒരേ കുംകുംകും.... ഗുംഗുംഗും...
കടുകിട മാറ്റിപ്പിടിക്കുന്ന പ്രശ്നമില്ല...
അടുത്ത മൂന്നു നിലക്കെട്ടിടത്തിന്റെ ഓടു മേഞ്ഞേ മേൽക്കൂരയിൽ രണ്ടു മൈനകൾ..അടുത്ത പറമ്പിലെ തല പോയ ഒരു തെങ്ങിലാണ് അവരുടെ കൂട്.
അതിനടുത്ത തെങ്ങിൽ ഒരു മരംകൊത്തി കൊത്തിപ്പരതുന്നു.
പ്രാവുകൾ കുറുകുറു കുറുകിക്കൊണ്ട് എല്ലായിടത്തും തത്തി നടക്കുന്നു.
രണ്ടു കുഞ്ഞിക്കിളികൾ നീളമുള്ള പുൽക്കൊടിയുമായി ബാൽക്കണിയിലെ പ്രാവിൻ വലയിലേക്ക് പടർന്നു കയറിയ ശംഖു പുഷ്പ വള്ളികൾക്കരികിൽ. അകത്തെവിടെയോ കൂടുകെട്ടാനുള്ള പദ്ധതിയാണ്. എന്റെ അനക്കം കേട്ട് പാവങ്ങൾ പറന്നു പോയി. പ്രാവുകളുമായിട്ടേ ഞാൻ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ളൂ എന്നവർക്കറിയില്ലല്ലോ.
താഴെ നര-നായനടത്തക്കാരുടെ തിരക്ക്.
വലതു കൈയിൽ മൊബൈൽ ഫോണും ഇടതു കൈയിൽ കൂട്ടിപ്പിടിച്ച മൂന്നു ചങ്ങലകൾക്കറ്റത്ത് ഉന്നതകുലജാതരായ മൂന്ന് ശ്വാന ബാലൻമാരുമായി നായനടത്താനിറങ്ങിയ അന്യ സംസ്ഥാനക്കാരൻ പയ്യൻ.. അവയ്ക്ക് സർവ്വസ്വാതന്ത്ര്യമാണ്. അവരെവിടെ നിന്നാലും പയ്യനും നിൽക്കും. അവന്റെ ശ്രദ്ധ മുഴുവൻ സ്ക്രീനിലാണ്.
അതേസമയം വളർത്തച്ഛൻ മാരുടെയും അമ്മമാരുടെയും കൂടെനടക്കുന്ന ശ്വാന ബാല ബാലികമാർക്ക് ആ സ്വാതന്ത്ര്യമില്ല. മക്കളെ വളർത്തുന്ന പോലെ '' അവിട പോകണ്ടാ' 'ഇവിടെ വാ' 'വണ്ടി വരുന്നത് കണ്ടില്ലേ ' നീങ്ങിനിൽക്ക് ' എന്ന ഒരു രീതി.
പിന്നെ തെരുവിന്റെ സ്വന്തം പാണ്ടനും രണ്ടു ചെമ്പൻമാരും. പാണ്ടന് കുറച്ച് ഞൊണ്ടുണ്ട്. എങ്കിലും അവനാണ് ഉശിരൻ. മുമ്പൊക്കെ റോഡിൽ തന്നെയായിരുന്നു ഊണും ഉറക്കവും.. ഇപ്പോൾ തെരുവ് നായ്ക്കൾക്കെതിരെ പുകയുന്ന പൊതു രോഷം മണത്തറിഞ്ഞിട്ടാണോ എന്തോ കുറച്ച് അടക്കവും ഒതുക്കവുമൊക്കെ ഉണ്ട്. അവർക്ക് പരസ്യമായി ഭക്ഷണം കൊടുത്തിരുന്നവർ ഇപ്പോൾ മറയത്താക്കിയോ അതോ കൊടുക്കാതായോ! എന്തോ!
മനുഷ്യന് നായ്ക്കളെ എങ്ങനെ ഒഴിവാക്കാനാകും. പ്രത്യേകിച്ച് ആരേയും വിശ്വസിക്കാൻ പറ്റാത്ത ഈ കാലത്ത്. ജ്യൂസിൽ വിഷം കലർത്തുന്ന, കൊന്നു കഷ്ണങ്ങൾ ആക്കുന്ന പങ്കാളികളും ഒന്നു പറഞ്ഞ് രണ്ടാമത്തതിനു കുത്തി മലർത്തുന്ന സുഹൃത്തുക്കളും ആകുമ്പോൾ വിശ്വസിക്കാവുന്ന ആരെങ്കിലും വേണ്ടേ മനുഷ്യന്.
ഉദയരഥം ഉയർന്നു തുടങ്ങി. ബാൽക്കണിയിലെ ഇലകൾ ഇള വെയിലിൽ തിളങ്ങുന്നു...
ഇത്തിരി വട്ട ബാൽക്കണിക്കാഴ്ചകൾക്കും
പുലർകാല ചിന്തകൾക്കും വിരാമമിട്ട് അകത്തേക്ക് ...
മറ്റാരു ദിവസത്തിലേക്ക്...
പ്രീത രാജ്
Comments
Post a Comment