ഭാഷ


സ്ഥിരം മരുന്നു വാങ്ങാറുള്ള ഫാർമസിയിൽ കയറിയപ്പോൾ സമയം സന്ധ്യയായി. നിവൃത്തിയുണ്ടെങ്കിൽ ഇവിടെ നിന്നാണ് മരുന്നു വാങ്ങാറ്. രണ്ട് ഫാർമസിസ്റ്റുകളും മിടുക്കികൾ. എത്ര തിരക്കുണ്ടെങ്കിലും അധികം കാത്തു നിൽക്കണ്ട. ചിലയിടങ്ങളിൽ മരുന്നു കാത്തു നിന്ന് കൊതുക് കടിച്ച് വേറെ ചികിത്സ വേണ്ടിവരും.

Prescription കൊടുത്ത് നിൽക്കുമ്പോൾ ഒരു അതിഥി തൊഴിലാളി കയറി വന്നു. सर्दी जुकाम , गोली എന്നൊക്കെ പറയുന്നുണ്ട്. ഹിന്ദി അറിയാത്ത ഫാർമസിസ്റ്റും സഹായിയും ഇംഗ്ലീഷും മലയാളവും കലർത്തി കാര്യം മനസ്സിലാക്കാൻ ശ്രമിക്കുന്നു. അയാൾ ആംഗ്യ ഭാഷയും ഹിന്ദിയും കലർത്തി ഒരു വിധം പറഞ്ഞൊപ്പിച്ചു. നാലു tablets കൊടുത്ത് ദിവസം രാവിലെയും വൈകീട്ടും ഓരോന്ന് കഴിക്കാൻ പറഞ്ഞു അവർ.

കൈയ്യിലുളള 100 രൂപ കൊടുത്ത്  നിൽക്കുന്ന പയ്യനോട് change, 24 എന്നൊക്കെ പറഞ്ഞപ്പോൾ പയ്യൻ വിഷണ്ണനായി നിന്നു. അലിവുള്ള ഫാർമസിസ്റ്റ് പൈസ പിന്നെ തന്നാൽ മതി എന്നു പറഞ്ഞു. മനസ്സിലാവാതെയാണോ അഭിമാനിയായത് കൊണ്ടാണോ മരുന്നെടുക്കാതെ പയ്യൻ പുറത്ത് പോയി. അവിടെ നിന്നിരുന്ന കൂട്ടുകാരോട് എന്തൊക്കെയോ പറഞ്ഞു ഒടുവിൽ ധൈര്യം സംഭരിച്ച് തിരിച്ചു വന്നു. " यही है मेरे पास " എന്ന് പറഞ്ഞ് പൈസ നീട്ടിക്കൊണ്ട് നിന്നു. ഇവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്നറിയാതെ വിഷണ്ണരായി ഫാർമസിസ്റ്റും സഹായിയും. എന്റെ ഹിന്ദി ഭാഷാപ്രാവീണ്യം പുറത്തെടുക്കാതെ വയ്യ എന്ന ഘട്ടത്തിൽ പയ്യനോട് " अभी दवा लेके जावो पैसा बाद में देना " എന്ന് പറഞ്ഞ് പ്രശ്നം പരിഹരിച്ചു. 

അയാൾ പോയതിന് പുറകെ വേറെ രണ്ടു അതിഥിത്തൊഴിലാളികൾ. ഇത്തവണ പ്രശ്നം കുറച്ചു കൂടി സങ്കീർണ്ണമാണ്. വയർ തൊട്ട് കാണിക്കുന്നു എന്തൊ പറയുന്നു. ആംഗ്യ ഭാഷയിൽ എന്നേക്കാൾ മിടുക്കിയായ ഫാർമസിസ്റ്റ് കാര്യം മനസ്സിലാക്കി മരുന്നു കൊടുത്തു. അയാൾ പിന്നെയും നിന്നു പരുങ്ങുന്നു. എന്റെയുള്ളിലെ മനുഷ്യസ്നേഹി ഉണർന്നു. അധികം പോകുന്നതാണോ പോകാത്തതാണോ പ്രശ്നമെന്ന് ഉറപ്പില്ലാതെ എങ്ങനെ മരുന്നു കൊടുക്കും! ഒടുവിൽ അവിടെയും ഇടപെട്ടു. മരുന്നു വാങ്ങി പോകുമ്പോൾ അയാളുടെ കണ്ണിൽ നന്ദിയുടെ തിളക്കം. 

ഒടുവിൽ മരുന്നു വാങ്ങി, ദ്വിഭാഷിയുടെ സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി എന്ന് പറഞ്ഞിറങ്ങുമ്പോൾ മിക്കവാറും വേണ്ടി വരും എന്നവർ ചിരിച്ചു. 

കാറിൽ കയറുമ്പോൾ രാവിലെ നടക്കാൻ പോയപ്പോൾ കേട്ട സംഭാഷണം ഓർത്തു. യൂണിഫോമും സ്ക്കൂൾ ബാഗും ആയി നടക്കുന്ന കൗമാരക്കാരിയെ യാത്രയയയ്ക്കാൻ ഇറങ്ങിയ അമ്മ പറയുന്നത് കേട്ടു. 
It was so dark when I opened the window. 
കുട്ടി എന്താ പറഞ്ഞത് എന്ന് കേട്ടില്ല.
അപ്പോഴേക്കും അമ്മ അപ്പുറത്തെ ഗേറ്റിനരികിൽ നിൽക്കുന്ന ആളോട് അസ്സൽ മലയാളത്തിൽ സംസാരിക്കുന്നു. അടുത്ത തലമുറയിലെ മലയാളികൾ (or Keralites), Duolingo app ഉപയോഗിച്ച് മലയാളം പഠിക്കുമായിരിക്കും. 

ചുരുക്കത്തിൽ കേരളത്തിൽ ജീവിക്കാൻ ഇപ്പോൾ മലയാളം മാത്രം മതിയോ? മാതൃഭാഷയെ മറക്കാതെ എത്ര ഭാഷകളെങ്കിലും പഠിക്കട്ടെ എല്ലാവരും. കുറച്ച് കാലം മുമ്പ് അസാരം സംസ്കൃതം പഠിക്കണമെന്ന്  കരുതി തുടങ്ങി പല വിധ തടസ്സങ്ങളാൻ എവിടയുമെത്താതെ ഉപേക്ഷിച്ചു. എന്നാലിപ്പോൾ മത്സര ബുദ്ധിയോടെ സ്പാനിഷ് പഠിക്കുന്ന വീട്ടിലെ ഭാഷാ സ്നേഹി അയച്ച invite link ൽ കേറി ഞാനും തുടങ്ങി ഇത്തിരി French പഠിക്കാൻ. വെറുതെ ഒരു രസത്തിന്. ഇനി ഏതെങ്കിലും French പൗരനെ മരുന്നു വാങ്ങാനോ മറ്റോ സഹായിക്കേണ്ടി വന്നാലോ !!


പ്രീത രാജ്
Image courtesy Istock

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര