സമീർ
സമീർ സമീർ ഉച്ചത്തിൽ പാടി. ജുവനൈൽ ഹോമിന്റെ കെട്ടിടത്തിൽ എല്ലായിടത്തും അവന്റെ ശബ്ദം അലയടിച്ചു. ഡേവിഡ് സാറോ രാജൻ സാറോ ഇപ്പോഴെത്തും എന്നവൻ ഊറിച്ചിരിച്ചു. പാട്ട് ഇങ്ങനെ ഉച്ചസ്ഥായിയിൽ അനർഗളം ഒഴുകുമ്പോൾ അവർക്ക് ക്ഷമ നശിക്കും. നല്ല പച്ചത്തെറിപ്പാട്ടാണല്ലോ പാടണത്. ആരെങ്കിലും വന്ന് തലക്ക് ഒരു കിഴുക്കും ഒന്നു രണ്ട് ഇടിയും തരും. ഒറ്റപ്പെട്ട ഈ ഇരുട്ടു മുറിയിലെ വിരസതയിൽ അതും ഒരു രസം. ആരെങ്കിലും എത്തി, കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാൽ പിന്നെ കുറച്ചു നേരം മിണ്ടാതെ കിടക്കും. അങ്ങനെ കിടക്കുമ്പോൾ ഓർമകളുടെ മലവെള്ളപ്പാച്ചിൽ തുടങ്ങും. അതാണ് സഹിക്കാൻ പ്രയാസം. അപ്പോൾ വീണ്ടും പാട്ട് തുടങ്ങും. പാട്ട് പഠിച്ചത് അവരിൽ നിന്നാണ്. രാത്രിയിൽ സാരിയും പാവാടയും ദാവണിയും ലിപ്സ്റ്റിക്കും ഒക്കെ ഇട്ട് റോഡിൽ ഇറങ്ങുന്നവർ. അവരുടെ കൂടെയാണ് പിടിക്കപ്പെട്ടത്. ഒരു ചെറിയ ബൈക്ക് മോഷണം. കൂടെ പിടിക്കപ്പെട്ടവരൊക്കെ ജാമ്യം എടുത്ത് പോയി. തന്നെ മാത്രം ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല. ഉമ്മയെങ്കിലും വരുമെന്ന് കരുതി, വെറുതെ. ഉമ്മ വരില്ല. അവനെ പേടിയാണ്. ഉമ്മ ഒന്നാണെങ്കിലും ബാപ്പമാർ വേറെയാണ്. അവന്റെ ബാപ്പ മരിച്ചു പോയി. തന്...