യന്ത്രം വീണ്ടും ചലിച്ചു തുടങ്ങുമ്പോൾ
നിലച്ചുപോയ യന്ത്രം കേടുപാടുകൾ തീർത്ത് ചലിച്ചു തുടങ്ങിയതു പോലെ മെല്ലെ മെല്ലെ ചലിച്ചു തുടങ്ങുന്നു മനുഷ്യ നിർമ്മിത ലോകവും. വഴുതി വഴുതിപ്പോകുന്ന ജീവിതത്തെ പ്രത്യേക വൈദഗ്ധ്യത്തോടെ പിടി കൂടാനുള്ള പരിശ്രമം.
ഏതോ യൂണിഫോമിട്ട് മാസ്ക് ധരിച്ച് ധൃതിയിൽ കടവന്ത്ര മെട്രൊ സ്റ്റേഷനിലേക്ക് കയറി പോകുന്ന പെൺകുട്ടികൾ. സൗത്ത് ഓവർ ബ്രിഡ്ജിന് മുകളിൽ കൂടി പോകുമ്പോൾ നീലകലർന്ന പച്ച നിറമുള്ള വലിയ ഒരു പുഴു പോലെ അങ്ങു മുകളിൽ കൊച്ചി മെട്രൊ. സിഗ്നലുകളിൽ സാമാന്യം നല്ല തിരക്ക്. ഭിക്ഷാടകരും പണി പുനരാരംഭിച്ചിരിക്കുന്നു. ഡർബാർ ഹാൾ ഗ്രൗണ്ടിൽ സായാഹ്ന സവാരിക്കാരുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അമ്പലത്തിന് മുന്നിലെ പാർക്കിംഗ് മിക്കവാറും നിറഞ്ഞിരിക്കുന്നു.
ശ്രീ കോവിലിൽ ഭഗവാൻ സുവർണ ചന്ദ്രക്കലാധാരിയായി ദീപങ്ങൾക്കു നടുവിൽ അതേ ഗാംഭീര്യസ്മേരത്തോടെ നിറഞ്ഞു നിൽക്കുന്നു. നൃത്തം ചെയ്യുന്ന ആലിലകളെ തഴുകി വരുന്ന കായൽക്കാറ്റേറ്റ് പ്രദക്ഷിണവഴിയിലൂടെ നടക്കുമ്പോൾ പരിഭവങ്ങളെല്ലാം അലിഞ്ഞു പോകുന്നു.
തിരികെ വന്ന് കാറ് പുറകോട്ടെടുക്കുമ്പോൾ റിവേഴ്സ് സെൻസറിന്റെ ബീപ് ബീപ്. തൊട്ട് മുമ്പ് കടന്ന് പോയ കാറും കടന്നു വരുന്ന കാറും ഒഴിയുന്ന പാർക്കിംഗ് സ്ഥലത്തിന് വേണ്ടിയുള്ള ഒരു ചെറു മത്സരം. കൊച്ചി പഴയ കൊച്ചി തന്നെ.
Comments
Post a Comment