ദേശാടനക്കിളി
കതിരവനിറങ്ങി വരും നേരം ...
നവോഢയെ പോൽ സിന്ദൂരമണിഞ്ഞ്
സന്ധ്യ, നാണത്താൽ തുടുത്ത്
നിൽക്കുന്ന വേളയിലൊരുനാൾ .....
പറവകൾ, പച്ചത്തഴപ്പുള്ള ചില്ലകളിൾ
ചേക്കേറാനൊരുങ്ങുന്ന വേളയിലൊരുനാൾ .
വരുവാനാരുമില്ലാത്തൊരെൻ
പച്ച വറ്റിയ പാഴ്മരക്കൊമ്പിൽ
എങ്ങു നിന്നോ വന്നിരുന്ന് നീ പാടി..
ജീവസ്സറ്റൊരെൻ ചില്ലയിൽ കൊക്കുരുമ്മി..
മരവിച്ചു പോയെൻ ഹൃദയമൊന്ന്
മിടിച്ചുവോ അതോ വെറും തോന്നലോ
എന്ന് ഞാനുഴറവേ ....
നിൻ മധുര ഗാനവീചികൾ ....
അലകളായെന്നെ ചൂഴ്ന്നു....
ഹൃദയ ഭിത്തികളിലലയടിച്ചു...
നിൻ മധുര ഗാനങ്ങൾക്കെൻ
ഹൃദയമിടിപ്പ് താളം ചേർത്തു....
ശ്രുതിയും താളവും ചേർന്നതൊരു
ജുഗൽബന്ദിയായെൻ സിരകളിലൊഴുകി..
നിന്നെ കാത്തിരിക്കുമ്പോളെൻ ഹൃദയം ദ്രുതതാളത്തിൽ പാണ്ടി കൊട്ടി ...
ഞാൻ തളിരണിഞ്ഞു...
പച്ചിലച്ചേല ചുറ്റി, പൂങ്കുലകൾ ചൂടി .....
കാറ്റിൻ താളത്തിൽ നൃത്തം ചെയ്തു..
എന്റെ ചില്ലകളിൽ പച്ചത്തഴപ്പിനുള്ളിൽ
പറവകൾ കൂടുകൂട്ടി...
വഴിപോക്കരെൻ തണലിൽ വിശ്രമിച്ചു...
അനേകരെൻ മധുരഫലങ്ങൾ
ഭുജിപ്പാനായ് വിരുന്നു വന്നു...
നീ മാത്രമെങ്ങോ പറന്നു പോയി..
വിരക്തിയുടെ വാത്മീകത്തിൽ നിന്നെന്നെ തട്ടിയുണർത്തി, മോഹമുഗ്ദ്ധയാക്കി
നീയെങ്ങു പോയ് മറഞ്ഞെൻ സഖേ ?
നിനക്ക് തണലേകാനല്ലെങ്കിൽ
എനിക്കെന്തിനീ പച്ചത്തഴപ്പ് .....
നിൻ ചിറകിൽ മെല്ലെ തഴുകാനല്ലെങ്കിൽ
എനിക്കെന്തിനീ മൃദു തളിരിലകൾ...
നിന്നെ വിരുന്നൂട്ടാനല്ലെങ്കിൽ
എന്തിനീ പക്വ മധുര ഫലങ്ങൾ .....
കരുതി വയ്ക്കാം ഞാൻ നിനക്കായി
ഒരു പിടി മധുര ഫലങ്ങൾ ..
കാതോർത്തിരിക്കുന്നു ഞാൻ....
തിരക്കിൽ, ഏകയായി,
നിൻ ഗാനത്തിനായ് മാത്രം...
നിൻ ഗാനത്തിനെൻ ഹൃദയമിടിപ്പിനാൽ
താളമിട്ട് മതിമറന്നൊന്നാടിയുലയുവാൻ ..
പ്രീത രാജ്
Comments
Post a Comment