ചിറകൊട്ടിപ്പോയ പക്ഷി
DOMUS JOSFITE ന് വേണ്ടി ഒരു കുറിപ്പ് എഴുതാനായി ഓർമ്മകളുടെ കെട്ടുപിണഞ്ഞു കിടക്കുന്ന വള്ളിപ്പടർപ്പുകളിൽ ഒന്ന് ചികഞ്ഞു നോക്കി.
പലവർണ്ണങ്ങളിലുള്ള പാവാടകളണിഞ്ഞ് പൂക്കളെപ്പോലെ സുന്ദരിമാരായ ഒരു പറ്റം കൗമാരക്കാരികൾ ഒഴുകി നടന്നിരുന്ന കലാലയ വരാന്തകൾ തെളിയുന്നു. അവരുടെ കണ്ണുകളിൽ സ്വപ്നങ്ങളുടെയും പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റയും തിളക്കമുള്ള നിറക്കൂട്ടുകളുണ്ടായിരുന്നു. പൊട്ടിച്ചിരികളിൽ, മുളച്ചു വരുന്ന നേർത്ത ചിറകുകളുടെ മൃദുമർമ്മരം കലർന്നിരുന്നു.
കുറെയേറെ മുഖങ്ങൾ തെളിഞ്ഞു വരുന്നു.. അദ്ധ്യാപകരായും സഹപാഠികളായും. സിസ്റ്റർ മേരി പാസ്റ്റർ, സിസ്റ്റർ ഗ്രിഗോറിയ, സിസ്റ്റർ യുഫേമിയ, . മിസ് അംബികാ വർമ, മിസ്. മേരി വർഗീസ്, സിസ്റ്റർ ആനി ജയിംസ്.
സിസ്റ്റർ ക്രിസോസ്റ്റം. സദാ പുസ്തകം കൊണ്ട് നടന്ന് ഉരുവിട്ടു കൊണ്ടിരുന്ന പഠിപ്പിസ്റ്റുകൾ, ബുദ്ധിജീവികൾ, ഭക്തശിരോമണികൾ, വായാടികൾ, കുറുമ്പികൾ, കലാകാരികൾ, പ്രാസംഗികർ. പല തരക്കാരായ സഹപാഠികൾ . ഞങ്ങളുടെ ബഹളം സഹിക്കവയ്യാതെ അടുത്ത ക്ലാസ്സിൽ നിന്ന് ദേഷ്യത്തോടെ വന്ന് ഒരു മണിക്കൂർ എഴുന്നേൽപിച്ച് നിർത്തിയ മിസ്. സാവിത്രി ലക്ഷ്മണൻ. ഉടുത്ത സാരി ഒരിക്കലും റിപീറ്റ് ചെയ്യാത്ത തലയെടുപ്പോടെ നടക്കുന്ന ഞങ്ങളെല്ലാം ആരാധനയോടെ നോക്കിയിരുന്ന മിസ്. മീനാക്ഷി തമ്പാൻ. എല്ലാറ്റിനും മീതെ ഉറ്റ ചങ്ങാതിമാരായിരുന്ന ലക്ഷ്മിയും പൂർണിമയും.
.
ഒരു പിക്നികിന്റെ ഉത്സാഹവും ആനന്ദവും ആവേശവും മനസ്സിൽ നിറയുന്നു. ഒരു ബസ്സിൽ പാട്ടും ബഹളവുമായി അതിരപ്പള്ളി വാഴച്ചാൽ പിക്നിക് . ചാലക്കുടിയിൽ നിന്ന് ബിരിയാണി പാഴ്സൽ എടുത്ത് നേരേ അതിരപ്പള്ളിയിലേക്ക്. പാറകൾക്കിടയിൽ ഇരുന്ന് ഭക്ഷണം കഴിച്ചത് ഇപ്പോഴും ഓർക്കുന്നു. ഞങ്ങളുടെ പൊട്ടിച്ചിരികളിലും കലപില ബഹളത്തിലും കളകളാ ചിരിച്ച് കൊണ്ട് നീർച്ചാലുകളും കൂട്ട് ചേർന്നു. മടങ്ങിയെത്തിയപ്പോൾ നേരം വൈകിയതിനാൽ ക്ലാസ് മുറിയിലെ ബഞ്ചിൽ കിടന്നുറങ്ങി.
ഫസ്റ്റ് ഇയർസിന്റെ ഹോസ്റ്റലിന്റെ ഗേറ്റിന് മുന്നിലുള്ള നാരകത്തയ്യിൽ നിന്ന് ആരും കാണാതെ നാരങ്ങ പറിച്ചെടുത്ത്, സർവ്വ സന്നാഹങ്ങളോടും ഹോസ്റ്റലിൽ വസിക്കുന്ന ഷിബിയുടെ കൈവശമുള്ള പഞ്ചസാരയും വെള്ളവും ചേർത്ത് നാരങ്ങാവെള്ളമുണ്ടാക്കിക്കുടിച്ചതും, ഒരു മാങ്ങക്ക് വേണ്ടി എറിഞ്ഞ കല്ല് കൊണ്ട് ഒരു ബൾബ് പൊട്ടിയതും, ഓടിയൊളിച്ചതും രസകരമായ ഓർമ്മകളായി സൂക്ഷിക്കുന്നു. അതല്ലാതെ മറ്റൊരു കുരുത്തക്കേടും ചെയ്തിട്ടില്ലെന്ന് സ്വന്തം പേരിലും കൂട്ടുപ്രതികൾക്ക് വേണ്ടിയും ആണയിടുന്നു.
കണ്ണൂരിൽ നിന്ന് സ്റ്റെല്ല വലിയ കുപ്പിയിൽ കൊണ്ടുവരുന്ന ലൂബിക്ക അച്ചാർ ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ കാലിയാക്കിയിരുന്നു. അതിന്റെ രുചി ഇപ്പോഴും നാവിൻ തുമ്പിൽ. വർഷങ്ങൾക്ക് ശേഷം തൃശൂരിൽ ഒരു ഭക്ഷണശാലയിൽ വച്ച് സ്റ്റെല്ലയെ കണ്ടിരുന്നു. ദൂരെയുള്ള ടേബിളുകളിൽ ഇരുന്നിട്ടും പരസ്പരം മനസ്സിലായി. സംസാരിച്ചു. സ്നേഹം കൈമാറി.
പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടേയും സുഖമുള്ള ധാരാളം സുന്ദരസ്മരണകൾ നൽകിയ ഹോസ്റ്റൽ വിട്ട് കൊടുങ്ങല്ലൂരിലെ വീട്ടിൽ നിന്ന് വാനിൽ പോയി വരാൻ തുടങ്ങിയ ശേഷം വാൻ വരാൻ വൈകുന്ന നാളുകളിൽ വോളിബോൾ കളി കണ്ടിരുന്നും ചാപ്പലിലെ ശാന്തിയിൽ അലിഞ്ഞ് ചേർന്നും കാമ്പസിന്റെ വടക്കുകിഴക്കുള്ള ചുവന്ന കായ പോലെ പൂക്കളുള്ള (കുങ്കുമമരം എന്ന് ഞാൻ വിളിച്ചിരുന്ന ) മരച്ചുവട്ടിൽ അലഞ്ഞുതിരിഞ്ഞും സമയം പോക്കിയിരുന്നു.
എത്ര സുന്ദരമായിരുന്നു, ആ കാലം. അന്നത്തെ കൗമാരക്കാരികളിൽ എത്ര പേർ ചിറക് വിടർത്തി പറന്ന് സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചിരിക്കാം. എത്ര ചിറകുകൾ മുറിഞ്ഞോ തളർന്നോ പോയിരിക്കാം. എത്ര പേർ ചിറകുകൾ ശരീരത്തോട് ചേർത്തൊതുക്കി കൂടുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കാം.
ഒടുവിൽ പറഞ്ഞ കൂട്ടത്തിലാണ് ഈ ലേഖിക.
കുറേയേറെ സ്വപ്നങ്ങളോടെ കലാലയ വിദ്യാഭ്യാസം നല്ല നിലയിൽ പൂർത്തിയാക്കിയവൾ. ആദ്യമെഴുതിയ മത്സരപ്പരീക്ഷയിൽ തന്നെ ജോലി നേടിയവൾ . പിന്നീട് സ്വമേധയാ രാജി വച്ച് ഭർത്താവിന്റെ സ്ഥലം മാറ്റങ്ങൾക്കനുസരിച്ച് പലയിടങ്ങളിൽ കൂട് കൂട്ടിയവൾ. പല നാടുകളിലൂടെ ജീവിതം ഒഴുകിപ്പോകുന്നത് നോക്കി നിന്നവൾ. പിന്നെ ഒരേയൊരു കിളിക്കുഞ്ഞ് ചിറക് വിരിച്ച് പറന്ന് പോയപ്പോൾ ഒഴിഞ്ഞ കൂടിന്റെ മടുപ്പിക്കുന്ന ശൂന്യതയിൽ ശരീരത്തിലൊട്ടിപ്പോയ ചിറകുകൾ മെല്ലെ വേർപെടുത്താൻ പാടുപെടുന്നവൾ .
ചിലപ്പോഴൊക്കെ ആലോചിക്കാറുണ്ട്, ഇത്ര ലാഘവത്വത്തോടെ പറക്കാനാഞ്ഞ ചിറകുകളെ ബലമായി ചേർത്ത് തുന്നാൻ പ്രേരിപ്പിച്ചതെന്താണ്? മാതൃത്വത്തിന്റെ കരുതലാണോ? പെൺകുഞ്ഞ് പിറക്കുമ്പോൾ തന്നെ സമൂഹവും കുടുംബവും കണിശമായ നിബന്ധനകളോടെ ഒരുക്കുന്ന ചട്ടക്കൂടിൽ നിന്ന് പുറത്തുവരാൻ കഴിയാഞ്ഞതാണോ അതോ ശ്രമിക്കാഞ്ഞതാണോ ? ധൈര്യമില്ലാഞ്ഞതാണോ അതോ വെറും അലസതയായിരുന്നോ?
ഇപ്പോൾ പഴയ പോലെ മേഘങ്ങൾക്കിടയിലൂടെ ഊളിയിട്ട് പറക്കണമെന്ന മോഹമില്ല. പർവ്വത നിരകൾക്ക് ഇടയിലൂടെ തെന്നിത്തെന്നി പറക്കണമെന്നും ഇല്ല. കടന്നുവന്ന വഴികളിലൂടെ താഴ്ന്ന് പറന്ന് ഗൃഹാതുരത്വത്തിന്റെ സുഖകരമായ നോവറിയണം. ആ പഴയ കുങ്കുമമരത്തിന്റെ താഴ്ന്ന കൊമ്പിലിരുന്ന് അവിടെ വരുന്ന പുതുതലമുറയുടെ കണ്ണുകളിലെ തിളക്കം കാണണം. സമൂഹത്തിന്റെ നെറ്റിചുളിക്കലും പുരികമുയർത്തലും അവഗണിക്കണമെന്ന് അവരുടെ കാതിൽ രഹസ്യം പറയണം. ധീരരാകൂ, ചിറക് വിടർത്തൂ, പറക്കൂ എന്ന് മന്ത്രിക്കണം.
പ്രീത രാജ്
.
Really liked it. Super👍
ReplyDeleteThank you😊
Delete