THE GREAT INDIAN KITCHEN


അടുക്കളയിലേക്കും അടുക്കളപ്പുറത്തേക്കും ഒരു കാമറ തിരിച്ചു വച്ചാൽ കാഴ്ചകൾ അത്ര സുഖമാവില്ല. തീൻ മേശയിലെത്തുന്ന സാധനങ്ങളുടെ അത്ര സുന്ദരമായ കാഴ്ചകളല്ലല്ലോ പണിപ്പുരയിൽ ഉണ്ടാവുക. വീണ്ടും വീണ്ടും അതു കാണുമ്പോൾ മടുപ്പ് തോന്നുന്നെങ്കിൽ എന്നും അത് ചെയ്യേണ്ടി വരുന്നവരുടെ സ്ഥിതിയോ? 

ഒരു ശരാശരി സ്ത്രീ കറങ്ങുന്നത് അടുക്കളക്ക് ചുറ്റും തന്നെയാണ്. ഭ്രമണപഥത്തിന് വലുപ്പച്ചെറുപ്പങ്ങളുണ്ടാവാം. കുറച്ചു പേർ" escape velocity" നേടി ഭ്രമണപഥം ഭേദിച്ചിരിക്കാം. കുറേയേറെ പേർ ഭ്രമണപഥത്തെ വലുതാക്കി സമർത്ഥരായിരിക്കാം. ഭൂരിപക്ഷം പേരും ഒരേ ഭ്രമണപഥത്തിലൂടെ കറങ്ങി കറങ്ങി പൊലിഞ്ഞു പോകുന്നു. 

പണ്ട് തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് വേണാട് എക്സ്പ്രസിൽ യാത്ര ചെയ്തിരുന്ന കാലം ഓർമ്മ വന്നു. ലേഡീസ് കമ്പാർട്ട്മെന്റിൽ പിറ്റേന്നു പാകം ചെയ്യാനുള്ള പച്ചക്കറികൾ അരിഞ്ഞ് പാത്രങ്ങളിലാക്കി ബാഗിൽ വക്കുന്ന കുറേയേറെ സ്ത്രീകളെ കാണാം അവിടെ. ജോലിക്ക് പോയി കാശ് സമ്പാദിച്ചു കൊണ്ടുവന്നാലും അടുക്കളപ്പണി സ്ത്രീകളുടേത് മാത്രമാണ് എന്നും എവിടെയും. അപവാദങ്ങൾ ഉണ്ടായേക്കാം.

സിനിമ ഉന്നയിക്കുന്ന പ്രധാന പ്രശ്നം ഇതാണെങ്കിലും അതിനെ മറ്റു പലതുമായി കൂട്ടിക്കലർത്തിയതിലാണ്  പ്രതിഷേധം. അങ്ങനെ ഒരു സെറ്റപ്പിൽ അകപ്പെട്ടാൽ മാസത്തിൽ 25 ദിവസവും ആർത്തവം എന്നു പറഞ്ഞ് മാറിയിരിക്കേണ്ടി വന്നാലും ആശ്വാസമല്ലേ?. എല്ലാ ദുരിതത്തിൽ നിന്നും താൽക്കാലിക ശാന്തി നേടാം, രാത്രിയിലെ പരാക്രമത്തിൽ നിന്നുൾപ്പെടെ. സമാധാനമായി ഒരിടത്തിരുന്ന് വായിക്കാം, കിടന്നുറങ്ങാം. 

അടുക്കളപ്പണി എന്ന യൂണിവേഴ്സൽ പ്രശ്നത്തിൽ നിന്ന് വഴുതിപ്പോയി, അതിനെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജീർണ്ണതയിലേക്ക് കൂട്ടിക്കെട്ടണ്ടായിരുന്നു. 
ജാതിമത ഭേദമന്യേ ഭൂരിഭാഗം സ്ത്രീകളുടെയും പ്രശ്നമാണ്. അന്നന്നു കിട്ടുന്നതിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിൽ പോയി വച്ചുണ്ടാക്കി കുട്ടികൾക്ക് കൊടുക്കുന്ന അമ്മമാർ. രാത്രി കുടിച്ച് കുന്തം മറിഞ്ഞ് വരുന്ന കണവന് കലി വന്നാൽ ചിലപ്പോൾ കഞ്ഞിയോടെ കലം എടുത്തെറിഞ്ഞൂന്നും വരാം. പകൽ മുഴുവൻ പല വീടുകളിൽ വേല ചെയ്തു രാത്രി വൈകുവോളം,  ഒരു പണിക്കും പോവാത്ത ഭർത്താവും മടിച്ചിയായ അമ്മായിയമ്മയും കോളേജ് വിദ്യാർത്ഥികളായ മക്കളുമടങ്ങുന്ന സ്വന്തം വീട്ടിലെ പണി ചെയ്യുന്നവർ. അങ്ങനെ എത്രയെത്ര സ്ത്രീകൾ. 

കഥാപാത്രസൃഷ്ടിയിൽ കുറെയേറെ  അതിശയോക്തി ഉണ്ടെങ്കിലും, നടീ നടന്മാരുടെ അഭിനയ മികവ് ചിത്രം ഹൃദ്യമാക്കി. നിമിഷ സജയൻ കസറി. 
എന്തായാലും  അച്ഛനെയും മകനെയും അതേ അടുക്കളയിൽ പൂട്ടിയിട്ടത് നന്നായി. അവിടെ ഇരിക്കട്ടെ കുറച്ചുനേരം. ക്ലൈമാക്സും നന്നായി. ഒന്നും സ്വയം മാറില്ല എന്ന ഓർമ്മപ്പെടുത്തൽ . സ്വന്തം വഴി കണ്ടെത്താതെ വയ്യ. 


പ്രീത രാജ്

Comments

Post a Comment

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര