അമ്മ ദിവസം



സാധാരണ വിളിക്കുമ്പോൾ ഞാൻ അമ്മക്കാണ് കൂടുതൽ നിർദേശങ്ങൾ കൊടുക്കുക. "അങ്ങനെ ചെയ്താൽ മതി", "എല്ലാം കൂടി ചെയ്ത് വയ്യാണ്ടാവും", "അങ്ങനെയൊക്കെ മതി", എന്നൊക്കെയുള്ള എന്റെ നിർദ്ദേശങ്ങൾ ചിലപ്പോൾ "അങ്ങനെ ആവാം ല്ലേ.",  എന്നോ ചിലപ്പോൾ "അതൊക്കെ നിങ്ങൾക്ക്, എനിക്കങ്ങനെയൊന്നും  പറ്റില്ല" എന്ന് ശുണ്ഠിയെടുത്തോ മറുപടി പറയും.

എന്റെ ആരോഗ്യ കാര്യങ്ങളിലുള്ള അമ്മവേവലാതിയിൽ പക്ഷെ  അസഹിഷ്ണുതയാണ് മിക്കവാറും തോന്നുക. ഇപ്പോൾ ആ വേവിന്റെ പൊരുളറിയാം. ഞാനും അമ്മയാണല്ലോ!

രോഗാതുരയാവുമ്പോഴാണ് ഞാനെന്നും അമ്മയെ മനസ്സിലേക്ക് ആവാഹിക്കുക. അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് മോഹിക്കുക. അമ്മയുണ്ടെങ്കിൽ ഒന്നും ഓർക്കാതെ കിടക്കാം. അടുത്തില്ലെങ്കിൽ ഫോണിൽ വിളിക്കാം.  പിന്നെ തുടരെ തുടരെ വിളികളായി, ഇങ്ങോട്ട്.  ശാസനകളുടെയും നിർബന്ധങ്ങളുടെയും ഇടയിൽ അമ്മ നെഞ്ചിന്റെ പിടച്ചിലറിയാം. ഞാനും അമ്മയാണല്ലോ!

ഒരു ദിവസത്തിലൊതുക്കാൻ വയ്യ മാതൃത്വത്തിന്റെ മാസ്മരികത. അതങ്ങനെ ആനന്ദമായി, ആധിയായി, വേവായി പിടച്ചിലായി, അഭിമാനമായി ഭാവം മാറിക്കൊണ്ടിരിക്കും. ഓരോ നിമിഷവും എക്കാലവും. 

പ്രീത രാജ്


Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര