അമ്മമനസ്സ്

"എന്മകനാശു നടക്കുന്ന നേരവും
കല്മഷം തീർന്നിരുന്നീടുന്ന നേരവും
തന്മതി കെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ."

എനിക്കേറെ പ്രിയപ്പെട്ടതാണ്, ഒരു പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ടതാണ് അദ്ധ്യാത്മ
രാമായണത്തിൽ അയോദ്ധ്യ കാണ്ഡത്തിലെ  ഈ വരികൾ . അമ്മ മനസ്സിന്റെ  നോവും വേവും ആകുലതകളും  നാലു വരിയിൽ എത്ര ഭംഗിയായി വരച്ചിട്ടിരിക്കുന്നു . 
അമ്മ മനസ്സുകളുടെ നിതാന്ത പ്രാർത്ഥന ഇതിലുണ്ട്. 

ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി  നടക്കുമ്പോൾ അമ്മ കൗസല്യാദേവി പുത്രാഭ്യുദയാർത്ഥം  പൂജകളും പ്രാർത്ഥനയുമായി കഴിയുന്നു. അമ്മ മനസ്സിൽ ആശങ്കകളുണ്ട്. സപത്നിയായ കൈകേയിയോട് രാജാവായ ഭർത്താവിന് കൂടുതൽ പ്രിയമാണെന്ന് ആ മാതാവിനറിയാം. ശ്രീരാമൻ ഏവർക്കും പ്രിയങ്കരനാണെങ്കിലും  കൈകേയി തന്റെ പുത്രന്റെ പട്ടാഭിഷേകത്തിൽ എന്തെങ്കിലും വിഘ്നം തീർക്കുമോ എന്ന് ആ മാതൃമനം ആ കുലയാകുന്നു. 

ആ ആകുലത സത്യമായ് ഭവിക്കുന്നു. പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന അമ്മയുടെ അടുത്തേക്ക് മകൻ വരുന്നു. മകനെ കണ്ട് എന്തേ മുഖം വാടിയിരിക്കുന്നത് എന്ന് തിരക്കുന്നു. 
"എന്തെൻമകനേ! മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായത് പാരം വിശക്കയോ 
വന്നിരുന്നീടു ഭുജിപ്പതിനാശു നീ"
വിശക്കുന്നോ? വരൂ എന്തെങ്കിലും കഴിക്കൂ ..

വനവാസ നിയോഗം അറിഞ്ഞപ്പോൾ ആ അമ്മേ  ബോധമറ്റു വീഴുന്നു. പിന്നെ എഴുന്നേറ്റിരുന്ന് എങ്ങനെയും മകനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു. 
കൈകേയിയുടെ മകനെ രാജാവാക്കണമെങ്കിൽ ആയിക്കോട്ടെ. അതിന് നീ കാട്ടിൽ പോണമെന്നുണ്ടോ? 
"താതനും ഞാനുമൊക്കും ഗുരുത്വം കൊണ്ട്
ഭേദം നിനക്ക് ചെറ്റില്ലെന്നു നിർണ്ണയം
പോകേണമെന്നു താതൻ നിയോഗിക്കിൽ ഞാൻ പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ
"
എന്റെ വാക്കുകേൾക്കാതെ നീ പോയാൽ ഞാനെന്റെ പ്രാണനെ വെടിയും എന്ന് പറഞ്ഞ് കേഴുന്നു.

പക്ഷെ, മകൻ സാധാരണക്കാരനല്ലല്ലോ. പലതും പറഞ്ഞ് അമ്മയെ അനുനയിപ്പിക്കുന്നു.
"സർവ്വലോകങ്ങളിലും വസിച്ചീടുന്ന സർവ്വജനങ്ങളും തങ്ങളിൽ തങ്ങളിൽ സർവ്വദാ കൂടിവാഴ്കെന്നുള്ളതില്ലല്ലോ
സർവ്വജ്ഞയല്ലോ ജനനീ! നീ.."

ഒടുവിൽ ആ അമ്മ ദുഃഖാർത്തയായി മകന് പോകാനനുമതി നൽകുന്നു. കൺമുമ്പിൽ നിന്നകന്ന് വനത്തിലേക്ക് പോകുന്ന മകനെ കാത്തു കൊള്ളണേ എന്ന് ദേവകളോട് പ്രാർത്ഥിക്കുന്നു. എന്റെ മകൻ നടക്കുമ്പോഴും ഇരിക്കുമ്പോഴും ഗാഢനിദ്രയിലായിരിക്കുമ്പോഴും അവനെ സംരക്ഷിക്കണേ ദേവകളേ എന്ന് പ്രാർത്ഥിക്കുന്നു. 

ത്രേതായുഗത്തിലായാലും കലിയുഗത്തിലായാലും അമ്മ മനസ്സുകൾ ഒരേ പോലെ തന്നെ. അമ്മ മനസ്സിന്റെ നോവും വേവും ആകുലതകളും ഇത്രമേൽ ഹൃദയസ്പർശിയായി എഴുതിയതിനാലാവും എത്രയാവർത്തി വായിച്ചാലും കണ്ണു നനയാതെ അയോദ്ധ്യാകാണ്ഡം വായിച്ചു തീർക്കാൻ കഴിയാത്തത്.

പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര