ബുധിനി
ബുധിനി
സാറാ ജോസഫ്
ബുധിനി മെജാൻ- അവൾ ഏതൊരു സാന്താളിനെയും പോലെ ദാമോദർ നദിയെയും മലയേയും കാടിനെയും സ്നേഹിച്ചിരുന്നു. മലദൈവമായ മരാംഗ്ബുറുവിനെയും ആദിതലവനായ ഹാരംബോറയെയും മരങ്ങളിൽ പാർക്കുന്ന മരിച്ചു പോയവരുടെ ആത്മാക്കളായ ബോംഗകളെയും ബഹുമാനിച്ചിരുന്നു. സ്വന്തം ഗോത്രത്തിന്റെ മണ്ണിന്റെ മണമുള്ള കഥകൾ പറഞ്ഞും പാട്ടുകൾ പാടിയും ടിരിയോ( പുല്ലാങ്കുഴൽ) വായിച്ചും രസിച്ചിരുന്നു.
അവളെയാണ് പതിനഞ്ചാം വയസ്സിൽ അവർ ബിത് ലാഹ ( ഊരുവിലക്ക് ) ചെയ്ത് ആട്ടിയോടിച്ചത്. അവൾ അന്യജാതിക്കാരനെ മാലയിട്ടതിന്. അയാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയാലും സാന്താളിന് അയാൾ 'ദികു'വാണ്. മാലയിട്ടാൽ കല്യാണം കഴിച്ചു എന്നാണ് സാന്താൾ വ്യാഖ്യാനം.
ഒരു ആദിവാസ ഗോത്രത്തിന്റെ ക്രൂരവും പ്രാകൃതവുമായ ഒരു കീഴ് വഴക്കത്തിന്റെ ഇരയാണ് ബുധിനി എന്നെഴുതിത്തള്ളാനാകില്ല. അവളെ പരമ്പരാഗത വസ്ത്രത്തിൽ വിളിച്ചു വരുത്തി കയ്യിൽ റോസാപ്പൂ മാല നല്കി പ്രധാനമന്ത്രി നെഹ്റുവിന്റെ കഴുത്തിലണിയിപ്പിച്ചത് അവൾ ജോലി ചെയ്തിരുന്ന ഡി വി സി യാണ് . ഊരുവിലക്കിൽ ഗ്രാമത്തിൽ നിന്ന് നിഷ്കാസിതയായ അവളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയാണ് അവർ ചെയ്തത്. ഒരു പക്ഷെ " പന്നിയെ തിന്നുന്ന ചണ്ഡാലിയാണോ പ്രധാനമന്ത്രിയും അതിലുപരി അസ്സൽ ബ്രാഹ്മണനുമായ നെഹ്റുവിന്റെ ഭാര്യ" എന്ന് ആക്രോശിക്കുന്ന
ജാതിവെറിയന്മാരായ ഒരു കൂട്ടം ജീവനക്കാരെ പേടിച്ചായിരിക്കാം ആ തീരുമാനം. പ്രശ്നങ്ങളില്ലാതാക്കാൻ സൗകര്യപൂർവ്വം ഒഴിവാക്കിയതാവാം.
മുറിവേറ്റ് ഏതോ തെരുവിൽ ചെന്ന് വീണ ആ പതിനഞ്ചുകാരിക്ക് രക്ഷനായത് ദത്ത എന്ന മനുഷ്യത്വം നശിച്ചിട്ടില്ലാത്ത ഒരു ബ്രാഹ്മണൻ ആണ്. പൂണൂലവളെ പേടിപ്പിച്ചാലോ എന്നു കരുതി അത് പൊട്ടിച്ചെറിഞ്ഞ് അവളുടെ കൂടെ പട്ടിണിയും കഷ്ടപ്പാടുമായി അയാൾ കുടുംബമുണ്ടാക്കി. പുറംപോക്കിൽ അവർ തട്ടിക്കൂട്ടിയ കൂരപൊളിച്ചെടുക്കുന്നവർ ആരാണെന്ന് മകൾ ചോദിക്കുമ്പോൾ അയാൾ പറയുന്നു.,
"പുറമ്പോക്ക് ഭൂമികൾ ഗോർമന്റെതാണ്. ഗോർമന്റെയാളുകൾ വരും. പുറമ്പോക്കുകൾ പിടിച്ചെടുക്കും."
ആരാണ് ബാബ ഗോർമൻ?
ബാബ ഉറക്കെ ചിരിച്ചു.., " നമ്മളൊക്കെ ത്തന്നെയാണെന്നാണ് കേൾക്കുന്നത് "
നിവൃത്തികേട് കൊണ്ട് ദത്ത രാജീവ് ഗാന്ധിക്ക് അയച്ച കത്ത് ഡി വി സി ബുധിനിയെ തിരിച്ചെടുക്കാൻ നിമിത്തമാവുന്നു. നാളുകൾക്ക് ശേഷം
ഇന്റർവ്യൂ ചെയ്യാൻ വന്ന പെൺകുട്ടി
ചോദിക്കുന്നു.
"സാന്താളുകൾ ഇപ്പോൾ ബുധിനിമായോട് എങ്ങനെയാണ് ?"
"ഏത് സാന്താളുകൾ? എന്ത് സാന്താളുകൾ ?"
" ബുധിനിമാ, നമ്മുടെ രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്, അത് തിരുത്താൻ....."
"രാജ്യമോ? ഏതാണ് എന്റെ രാജ്യം ?"
ആട്ടിയോടിച്ച ഗോത്രവും സംരക്ഷിക്കാൻ കഴിയാത്ത രാജ്യവുമെന്തിന്? ബുധിനിക്ക് ഗോത്രവും രാജ്യവും എല്ലാം ദത്ത മാത്രമായിരുന്നു. എഴുപഞ്ചാം വയസ്സിലും അയാളുടെ ഓർമ്മകളിൽ മാത്രം അവൾ വാചാലയായി.
ഇത് ബുധിനിയുടെ മാത്രം കഥയല്ല. വികസനത്തിന് വേണ്ടി സ്വന്തം ആവാസസ്ഥലങ്ങളിൽ നിന്ന് നിഷ്കാസിതരാവുന്ന ഒരു പിടി നിസ്സഹായരായ മനുഷ്യരുടെ കഥയും കൂടിയാണ്. ജഗ്ദീപ് മുർമുവിന്റെയും ദയാനന്ദ ടുഡുവിന്റെയും സോമനാഥ് ഹെംബ്രോയുടെയും അതിജീവനത്തിന്റെയും സഹനത്തിന്റെയും സമരത്തിന്റെയും കഥയാണ്. കുഞ്ഞിനെന്ന പോലെ അച്ഛന്റെ വളർത്തു നായ ' 'ജോഗ്ഗു" വിന് ചക്കര കൊടുത്തയക്കുന്ന സോമനാഥ് ഹെംബ്രോയുടെ മകൾ സിതയുടെ കഥയുമാണ്. പ്രകൃതിയുമായി അത്രമേൽ ഇഴ ചേർന്ന് ജീവിച്ചിരുന്നവർക്ക് സ്വന്തം മണ്ണ് നഷ്ടപ്പെട്ടതിന്റെ കഥയാണ്.
വാദ്യമുണ്ട്, താളമുണ്ട്
ഗാനമുണ്ട്, നൃത്തമുണ്ട്
നൃത്തഭൂമി മാത്രമില്ല.
സ്വാതന്ത്ര്യം എന്ന ആകർഷകമായ നാരങ്ങമിഠായി ചിലർക്ക് മധുരിക്കുന്നതും മറ്റു ചിലർക്ക് കയ്ക്കുന്നതും എങ്ങനെ എന്നു ചിന്തിക്കുന്ന ചിന്തിപ്പിക്കുന്ന നോവലാണ് ബുധിനി.
പ്രീത രാജ്
ബുധിനിയെ പോലെ നമ്മുടെ ഉള്ളിനുള്ളിൽ ഒരു നോവായി സ്വാധീനിക്കുന്ന സൃഷ്ടികൾ വളരെ കുറവാണ്. സ്വാതന്ത്ര്യം എന്നത് ചില അധികാരികൾക്കും മാത്രം സ്വന്തമായ ആയ കാലം ഇന്നും നമ്മളെ വിട്ടുപോയിട്ടില്ല എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ നമുക്ക് ആകില്ല കാരണം അത് നമ്മൾ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ടുമാത്രം. അതിൻറെ തീക്ഷണത ,അതിൻറെ തീവ്രത ഇത്രയും വികാരപരമായി അവതരിപ്പിക്കാൻ കഴിഞ്ഞത് പ്രീതയുടെ മനസ്സിൻറെ ഒരു നന്മയാണ്
ReplyDelete😊🙏
Delete