ആൽമരം

ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം എന്നാണ് പാട്ട്. എനിക്ക് പക്ഷെ മറിച്ചാണ് തോന്നിയിട്ടുള്ളത്. അമ്പലമായാൽ ആൽമരം വേണം. ദൈവികതയുടെ, ഭക്തിയുടെ, പശ്ചാത്തലമൊരുക്കാൻ വൃക്ഷരാജനോളം കഴിവാർക്കുള്ളൂ! പ്രഭാത കിരണങ്ങൾ ഇലച്ചാർത്തുകൾക്കിടയിലൂടെ അരിച്ചിറങ്ങണം. സായാഹ്നത്തിൽ ഇളകിയാടുന്ന ഇലകളുടെ നിഴലുകൾ താഴെ നൃത്തം ചെയ്യണം. വെയിലും നിഴലും ദളമർമ്മരങ്ങളും ചേർന്ന് സുന്ദരമായ ലൈറ്റ് ആൻഡ് സൗണ്ട് ഷോ വേണം. ബാല്യകാല സ്മൃതികൾക്ക് പഴുത്തു വീണ ആൽമരക്കായകളുടെ ഗന്ധമുണ്ട്. കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിൽ ഉന്നതങ്ങളായ ആൽമരങ്ങളുടെ മദ്ധ്യേയാണ് ദേവി കുടികൊളളുന്നത്. പ്രദക്ഷിണവഴിയിൽ താണു വരുന്ന താങ്ങ് വേരുകളിൽ വെറുതെ തൊടാൻ ശ്രമിച്ചിരുന്നു. എറണാകുളത്തെ അമ്പലങ്ങളിലാണ് ആൽമരത്തിന്റെ സാന്നിദ്ധ്യം ഏറ്റവും പ്രസക്തമായി തോന്നാറുള്ളത്. നഗരത്തിന്റെ തിക്കും തിരക്കും ബഹളത്തിനും നടുവിൽ ശാന്തിയുടെ ഇത്തിരിയിടങ്ങൾ തീർക്കുന്ന, ആൽമരങ്ങൾ തണൽ പകരുന്ന, കാവൽ നിൽക്കുന്ന അമ്പലങ്ങൾ. തിരക്കേറിയ നോർത്ത് മേൽപ്പാലത്തിനടുത്തുള്ള പരമാര ദേവീക്ഷേത്രം ആൽമരങ്ങളാൽ അതിസമ്പന്നമാണ്, പ്രശാന്തസുന്ദരമാണ്. കവളപ്...