ഇഷാംബരം
ഇഷാംബരം അരുൺ ആർ ഇഷാംബരം എന്നെ പഴയ ചില മുംബൈ ഓർമ്മകളിലേക്ക് കൊണ്ട് പോയി. മുംബൈ സബർബൻ ടെയിനുകളിലിരുന്ന് കണ്ട അസ്വസ്ഥമാക്കുന്ന വഴിയോരക്കാഴ്ചകൾ. സ്ലംസ് എന്ന് വിളിപ്പേരുള്ള മനുഷ്യ വാസസ്ഥലങ്ങൾ. വിധിയുടെ ഏത് ഭാഗ്യതരംഗത്തിലേറിയാണ് ഞാൻ ഇപ്പുറം നിൽക്കുന്നതെന്നോർത്ത് നെടുവീർപ്പിട്ടിട്ടുണ്ട്. എങ്ങനെയാണവിടെ ജീവിയ്ക്കുന്നതെന്ന് അമ്പരന്നിട്ടുണ്ട്. പിന്നെ, ശതകോടീശ്വരൻമാർക്ക് എന്റെ ജീവിത സാഹചര്യങ്ങൾ അതേ അമ്പരപ്പുണ്ടാക്കുമായിരിക്കുമെന്നും എല്ലാം ആപേക്ഷികമാണെന്നും സ്വയം സമാധാനിച്ചിട്ടുണ്ട്. ഒരിക്കൽ ഗൊരായിലെ "അപ്നാ ബസാർ ' എന്ന സൂപ്പർ മാർക്കറ്റിൽ നിന്നിറങ്ങുമ്പോൾ കാറിന്റെ താക്കോൽ ഗട്ടറിൽ വീണു. വീട്ടിൽ നിന്ന് ഡൂപ്ലിക്കേറ്റ് എടുത്തു വരേണ്ടിവരും എന്ന് കരുതിയതാണ്. അവിടത്തെ ജോലിക്കാർ നിമിഷ നേരം കൊണ്ട് ഗട്ടറിലിറങ്ങി അത് തപ്പിയെടുത്തു. നഗര ജീവിതത്തിന്റെ സൗകര്യങ്ങൾക്ക് പിന്നിൽ ഇത്തരം സാഹസികാദ്ധ്വാനങ്ങളുണ്ടെന്ന് നേരിട്ടറിഞ്ഞത് അന്നാണ്. എങ്കിലും തോട്ടിപ്പണി ഇപ്പോഴും നിലവിലുണ്ടെന്നറിയില്ലായിരുന്നു. ചന്ദ്രനിൽ പോകാനുള്ള സാങ്കേതിക വിദ്യയുള്ള രാജ്യത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ മന...