ഇഷാംബരം
ഇഷാംബരം
അരുൺ ആർ
ഇഷാംബരം എന്നെ പഴയ ചില മുംബൈ ഓർമ്മകളിലേക്ക് കൊണ്ട് പോയി. മുംബൈ സബർബൻ ടെയിനുകളിലിരുന്ന് കണ്ട അസ്വസ്ഥമാക്കുന്ന വഴിയോരക്കാഴ്ചകൾ. സ്ലംസ് എന്ന് വിളിപ്പേരുള്ള മനുഷ്യ വാസസ്ഥലങ്ങൾ. വിധിയുടെ ഏത് ഭാഗ്യതരംഗത്തിലേറിയാണ് ഞാൻ ഇപ്പുറം നിൽക്കുന്നതെന്നോർത്ത് നെടുവീർപ്പിട്ടിട്ടുണ്ട്. എങ്ങനെയാണവിടെ ജീവിയ്ക്കുന്നതെന്ന് അമ്പരന്നിട്ടുണ്ട്. പിന്നെ, ശതകോടീശ്വരൻമാർക്ക് എന്റെ ജീവിത സാഹചര്യങ്ങൾ അതേ അമ്പരപ്പുണ്ടാക്കുമായിരിക്കുമെന്നും എല്ലാം ആപേക്ഷികമാണെന്നും സ്വയം സമാധാനിച്ചിട്ടുണ്ട്.
ഒരിക്കൽ ഗൊരായിലെ "അപ്നാ ബസാർ ' എന്ന സൂപ്പർ മാർക്കറ്റിൽ നിന്നിറങ്ങുമ്പോൾ കാറിന്റെ താക്കോൽ ഗട്ടറിൽ വീണു. വീട്ടിൽ നിന്ന് ഡൂപ്ലിക്കേറ്റ് എടുത്തു വരേണ്ടിവരും എന്ന് കരുതിയതാണ്. അവിടത്തെ ജോലിക്കാർ നിമിഷ നേരം കൊണ്ട് ഗട്ടറിലിറങ്ങി അത് തപ്പിയെടുത്തു. നഗര ജീവിതത്തിന്റെ സൗകര്യങ്ങൾക്ക് പിന്നിൽ ഇത്തരം സാഹസികാദ്ധ്വാനങ്ങളുണ്ടെന്ന് നേരിട്ടറിഞ്ഞത് അന്നാണ്.
എങ്കിലും തോട്ടിപ്പണി ഇപ്പോഴും നിലവിലുണ്ടെന്നറിയില്ലായിരുന്നു. ചന്ദ്രനിൽ പോകാനുള്ള സാങ്കേതിക വിദ്യയുള്ള രാജ്യത്ത് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ മനുഷ്യനിറങ്ങണോ ? ഏതായാലും ഗൂഗിളിൽ തിരഞ്ഞപ്പോൾ.
ഇന്ത്യയിൽ മാത്രമല്ലാ എല്ലായിടത്തും ഉണ്ടായിരുന്നു ഈ തൊഴിൽ എന്നും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും പല സംസ്ഥാനങ്ങളിലും തുടരുന്നു എന്നും കണ്ടു. മറ്റിടങ്ങളിൽ വംശീയമാണെങ്കിൽ ഇവിടെ ജാതീയമാണ് തരം തിരിവെന്ന് മാത്രം. ഇന്ത്യൻ റെയിൽവേ ആണത്രേ ഏറ്റവുമധികം തോട്ടിപ്പണിക്കാരെ ഉപയോഗിക്കുന്നത്. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ അത് കണ്ടിട്ടുമുണ്ട്. എങ്കിലും പുസ്തകത്തിൽ നീണ്ട വിവരണം ശരിക്കും ശ്വാസം മുട്ടിച്ചു.
കോവിഡ് മഹാമാരിയെ തുടർന്നുള്ള അടച്ചിടൽ നേരിടാനാകാതെ വീട് വിട്ട് പലായനം ചെയ്ത മനുഷ്യർ. എന്തിനാണവർ പലായനം ചെയ്തത്. രോഗത്തെ ഭയന്നാണോ? ജോലിയില്ലാതെ എങ്ങനെ വിശപ്പടക്കും എന്ന ആധിയാണോ? ഇഷാനിയെ പോലെ, വിട്ടു പോന്ന ഗ്രാമത്തിൽ പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയാണോ?കുടുസ്സു മുറിയിൽ മാറ്റൊലി കൊള്ളുന്ന വിശക്കുന്ന കുഞ്ഞിന്റെ കരച്ചിൽ സഹിക്കാനാവാതെ ആയിരുന്നിരിയ്ക്കും ആ യാത്രകൾ എന്നെനിക്ക് തോന്നിയിരുന്നു അന്ന് ആ വാർത്തകൾ കേട്ടപ്പോൾ . അതെ അതു തന്നെയാണ് കാരണം. ഒരു തുടം പാലിനോ ഒരു ബിസ്കറ്റ് പാക്കറ്റിനോ വേണ്ടിയുള്ള യാത്രകളായിരുന്നു അതെല്ലാം.
എന്നെ ഏറ്റവും വേദനിപ്പിച്ചത് അദ്ധ്യാപകൻ, ദാസ് എന്ന ബാലനോട് ക്ലാസ് മുറിയിൽ മറ്റാരോ വിസർജ്ജിച്ചത് നീക്കം ചെയ്യാൻ പറഞ്ഞതാണ് . ഇതാണ് നിന്റെ കുലത്തൊഴിൽ എന്ന് ആ കുഞ്ഞു മനസ്സിൽ ചാപ്പ കുത്തിയതാണ്. സഹപാഠികളുടെ മുന്നിൽ കുനിഞ്ഞ ആ ശിരസ്സ് പിന്നീടൊരിക്കലും ഉയർന്നില്ല. അടഞ്ഞു പോയ മനസ്സ് എത്ര ശ്രമിച്ചിട്ടും തുറന്നതുമില്ല.
ഇഷാംബരം വേദനിപ്പിച്ചു. ഒ ടി ടി യിൽ കാണുന്ന സർവൈവൽ ഡ്രാമകളുടെ സ്വാധീനമാവാം, ഇഷാംബരം ഒരു സർവൈവൽ സ്റ്റോറി ആയിരുന്നെങ്കിൽ എന്ന് വെറുതെ ആശിക്കുന്നു. ഇഷാനി
ഖർപ്പയിൽ നൂറാനി ബേക്കറി തുടങ്ങിയിരുന്നെങ്കിൽ,.! മോട്ടുവും ചിന്നുവും പഠിച്ചു മിടുക്കരായിരുന്നെങ്കിൽ!!
പ്രീത രാജ്
Comments
Post a Comment