Posts

ബാഷ്പീകൃതരും പെൺനീതിയും

Image
അരുന്ധതി റോയിയുടെ 'Mother Mary Comes to Me' വായിച്ചു കൊണ്ടിരിക്കെയാണ് സോഷ്യൽ മീഡിയയിൽ 'എംറ്റി സ്പേസ് ബാഷ്പീകൃതയുടെ ആറാം വിരൽ' വിവാദം കൊഴുക്കുന്നത്. എം.ടി. യുടെ ജീവചരിത്രമോ ബാഷ്പീകൃതയുടെ ആറാം വിരലോ വായിക്കാൻ ഇതുവരെ തോന്നിയിട്ടില്ല. എം.ടി. വാസുദേവൻ നായർ എന്ന മനുഷ്യനെയല്ല, അദ്ദേഹം സൃഷ്ടിച്ച ജീവിതഗന്ധിയായ കഥാപാത്രങ്ങളെയാണ് ഞാൻ എന്നും ഇഷ്ടപ്പെട്ടത്, നെഞ്ചോട് ചേർത്തിട്ടുള്ളത്. പൊളിട്ടിക്കലി കറക്ട് ആയ സംഭാഷണങ്ങൾ മാത്രം പറയുന്ന ആത്മാവില്ലാത്ത കഥാപാത്രങ്ങളല്ല, കുറ്റങ്ങളും കുറവുകളുമുള്ള ഒരു കാലഘട്ടത്തിൻ്റെ പരിഛേദങ്ങളായ ജീവൻ തുടിക്കുന്ന കഥാപാത്രങ്ങൾ.  The God of Small Things അരുന്ധതി അമ്മ മേരി റോയ്ക്ക് സമർപ്പിക്കുന്നത് " To my mother who loved me enough to let me go" എന്നാണ്. Mrs. Roy ആ വാചകത്തെ മുറുകെ പിടിച്ചിരുന്നത്രെ. പതിനേഴാം വയസ്സിൽ വീടുവിട്ടു പോയ മകളെ കുറിച്ച് തരിമ്പും അന്വേഷിക്കാതെ അവളെ 'സ്നേഹിച്ച' അമ്മ. പക്ഷെ മദർ മേരിയിൽ അരുന്ധതി അത് താൻ അമ്മയ്ക്ക് വേണ്ടി ഉണ്ടാക്കിയ വെറും വാചകമാണ്  എന്ന് തുറന്നു പറയുന്നു. അവർ ജീവിച്ചിരിക്കുമ്പോൾ മദർ മേരി എഴുതാ...

ഇത് ധനുമാസക്കാലം

Image
ഇത് ധനുമാസക്കാലം പൂത്തും കായ്ചും നിൽക്കുന്ന മാവുകൾ! നിറയെ കായ്കളണിഞ്ഞ് പുളിമരങ്ങൾ! ഇല പൊഴിഞ്ഞ് പച്ചക്കായകൾ തൊങ്ങൽ ചാർത്തിയ പഞ്ഞിമരങ്ങൾ ! നഷ്ടപ്പെടുന്ന ഇലകൾ നോക്കി നെടുവീർപ്പിടുന്ന തേക്കു മരങ്ങൾ! വഴിയോരങ്ങളിൽ പനംനൊങ്കും കരിക്കും കരിമ്പിൻ ജ്യൂസും വിൽപ്പനക്കാർ! നിളയിലെ ശുഷ്കമായിത്തുടങ്ങുന്ന നീർച്ചാലിൽ കരുത്താർജ്ജിക്കുന്ന പുൽത്തുരുത്തുകൾ ! ഓടി നടക്കുന്ന കുറുമ്പൻ കാറ്റിനെ വാരിപ്പുണരാൻ നോക്കുന്ന വൃക്ഷ സുന്ദരികൾ! അവൻ കുതറിയോടുമ്പോൾ അവരുടെ ചേലകളുലയുന്നു. അലങ്കാരങ്ങൾ ഉതിർന്ന് വീഴുന്നു! കാറ്റിനിത്തിരി ഉന്മേഷക്കുറവുണ്ടെങ്കിലും രാവിനത്ര കുളിരില്ലെങ്കിലും ഇത് ധനുമാസക്കാലം! പ്രീത രാജ്

കലാച്ചി

Image
കലാച്ചി കെ.ആർ. മീര ഡി.സി.ബുക്സ് കൊച്ചുമോൾ കുഞ്ഞിപ്പാപ്പുവിന് fairy tales വായിച്ചു കൊടുത്തിരുന്നപ്പോൾ തന്നെയാണ് ' കലാച്ചി ' വായന തുടങ്ങിയത്. ആ വായന എല്ലാ യക്ഷിക്കഥകൾക്കുള്ളിലും മറ്റൊരു പൊരുൾ തേടാൻ പ്രേരിപ്പിച്ചു.   Sleep as a political metaphor in fairy tales എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനിടയിൽ കസാഖ്സ്ഥാനിലെ കലാച്ചി എന്ന ഉറക്കരോഗ ബാധിത പ്രദേശത്തെത്തി ജയിലിലായ കാമുകനെ അന്വേഷിച്ച് ഡോ. ഫിദ നടത്തുന്ന യാത്ര ഒരു യക്ഷിക്കഥ പോലെ അവിശ്വസനീയം. കസാഖ്സ്ഥാനിലെ പുൽമേടുകളും തടാകങ്ങളും പാറക്കെട്ടുകളും ബിർച്ച്, പോപ്ളാർ തുടങ്ങിയ മരങ്ങളും ആ കഥക്ക് മനോഹരമായ ഭൂമികയൊരുക്കുന്നു. ഇലകൾ പൊഴിച്ചും മഞ്ഞു പെയ്യിച്ചും കാറ്റായും ഇളവെയിലായും മഴയായും പ്രകൃതി അതിൽ പങ്കു ചേരുന്നു. പോസിഡോൺ എന്ന കുതിരയും കുഞ്ഞി എന്ന കുട്ടിച്ചെന്നായയും അക്കു എന്ന വേട്ടപ്പരുന്തും മറ്റു കഥാപാത്രങ്ങൾക്കൊപ്പം പ്രധാന വേഷങ്ങൾ കയ്യാളുന്നു. കാറ്റിൽ ഓളങ്ങൾ തീർത്ത് നോക്കെത്താ ദൂരത്ത് പരന്നു കിടക്കുന്ന സ്റ്റെപ്പിയും ടെൻ്റിനുള്ളിൽ ചാരിയിരുന്ന് പുഞ്ചിരി പൊഴിക്കുന്ന അസ്ഥികൂടവും മാന്ത്രികതയുടെ കടും നിറങ്ങൾ പകർന്ന് യക്ഷിക്കഥയെ പൂർ...

Eko

Image
ഒരു അണുബാധ കാരണം ശബ്ദം നഷ്ടപ്പെട്ട് വിശ്രമിക്കുമ്പോഴാണ് Eko കണ്ടത്. അത് നന്നായി. ഈയിടെ കണ്ട വളരെ നല്ല ഒരു സിനിമയാണ്  ബാഹുൽ രമേഷിൻ്റെ തിരക്കഥക്ക് ദിൻജിത്  അയ്യത്തൻ ദൃശ്യഭാഷ്യം നൽകയ Eko. കഥയും കഥാപാത്രങ്ങളും  ഭൂമികയും എല്ലാം കൂടിച്ചേർന്ന് ഗൂഢമായ രഹസ്യം ഇതൾ വിടരുന്ന രീതി വളരെ ഇഷ്ടപ്പെട്ടു.  മനുഷ്യനും നായും തമ്മിലുള്ള ബന്ധത്തിന് എത്രയെത്ര മാനങ്ങളുണ്ട് എന്നും  Protection ഉം Restrictions ഉം എങ്ങനെ  വേർതിരിച്ചറിയാനാവാത്ത വിധം ഇഴ പിരിഞ്ഞു കിടക്കുന്നു എന്നും ചിന്തിപ്പിക്കുന്നു , Eko. അഭിനേതാക്കൾ എല്ലാവരും കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചപ്പോൾ പീയൂസായി സന്ദീപ് പ്രദീപ് എന്ന യുവനടനും മോഹൻ പോത്തനായി വിനീതും ഗംഭീരമായി.  പ്രീത രാജ്

ആരോ

Image
ആരോ വി.ആർ. സുധീഷിൻ്റെ കഥയ്ക്ക് രഞ്ജിത് നൽകിയ ദൃശ്യാവിഷ്കാരം ഫേസ്ബുക്കിൽ നിറയെ ആസ്വാദന വിമർശനങ്ങൾ കണ്ടാണ് ന്യൂസിലാൻഡിൽ നിന്നുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തി കിറുങ്ങിയിരിക്കുകയായിരുന്നെങ്കിലും കണ്ടത്. വെറും 21 മിനുറ്റുള്ള ഷോർട്ട് ഫിലിം ഇത്രയേറെ ചർച്ചകൾക്ക് വിഷയമാകേണ്ടിയിരുന്നോ എന്നാണ് കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്. ഒരു പക്ഷെ സംവിധായകനോടുള്ള വ്യക്തിപരമായ ഇഷ്ടക്കോട് കൊണ്ടാവാം ഇത്രയേറെ വിമർശനങ്ങൾ എന്ന് തോന്നി.  ഹൃദയസ്പർശിയായി എന്നൊന്നും പറയാനില്ലെങ്കിലും ഇരുപത്തൊന്നു മിനുറ്റ് വെറുതേ പോയി എന്നൊന്നും തോന്നിയില്ല. പ്രായത്തിൻ്റെതാവാം . നന്നായി എന്നു തന്നെയാണ് തോന്നിയത്. ഇനിയൊന്നും ചെയ്യാനില്ലെന്ന തോന്നലിൽ മരണത്തെ അയാളെന്നും പ്രതീക്ഷിച്ചിരുന്നിരിക്കാം. മൃത്യുദേവതയ്ക്ക് അയാളുടെ സൗന്ദര്യബോധത്തിൽ നിന്നൊരു രൂപം നൽകിയിരിക്കാം. ഏകാകിയായ മദ്ധ്യവയസ്കനായ ഒരു എഴുത്തുകാരൻ്റെ ഭ്രമാത്മക സൃഷ്ടിയായി മാത്രം അതിസുന്ദരിയായ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കാണാം.  എന്തിനും എവിടെയും സാമൂഹിക ഉച്ചനീചത്വ സമവാക്യങ്ങൾ പാലിക്കപ്പടണമെന്നുണ്ടോ? ഒരാളുടെ സൗന്ദര്യ സകൽപങ്ങളിൽ പോലും? വട്ടപ്പൊട്ടും നിറവും പോലും വി...

മേപ്പിൾ മരം

Image
മേപ്പിൾ മരം ബാൽക്കണിയിലെ പ്രാവ് വലയിലേക്ക് പടർന്ന ശംഖുപുഷ്പ വള്ളികൾക്കിടയിലൂടെ എത്തിനോക്കുന്ന വിളറിയ ചന്ദ്രനെ  നോക്കി സുഖകരമായൊരു കുളുർകാറ്റേറ്റ് നിന്നപ്പോൾ വരാൻ പോകുന്ന  കുളിരുള്ള രാവുകളും ആതിരനിലാവും വൃശ്ചികക്കാറ്റും  മനസ്സിലെത്തി. വ്രതശുദ്ധിയുടെ, ,തിരുവാതിരയുടെ , തിരുപ്പിറവിയുടെ നാളുകൾക്ക് വേദിയൊരുങ്ങാറായി..... കഴിഞ്ഞ വർഷം ശിശിരത്തിലായിരുന്നു നോർഡിക് - ബാൾട്ടിക് യാത്ര. ആ യാത്രക്കിടയിൽ ഓസ്ലോയിലെ ഒരുൾക്കടലിനരികിൽ കണ്ട ഇലകൾ മിക്കവാറും പൊഴിഞ്ഞ മേപ്പിൾ മരം ഓർമ്മയിലേക്കെത്തി. ഊർന്നു പോകുന്ന ദിനങ്ങൾക്കിടയിൽ നിലകൊള്ളുന്ന ജീവിതമെന്ന വൃക്ഷം പോലെ അടർന്നു വീണ ഇലകൾക്കിടയിൽ, ഇലകൾ പൊഴിച്ചു കൊണ്ട് നിന്നു ആ മരം, . ചേറിൽ വീണ് അഴുകിത്തുടങ്ങിയതും പിന്നീട് പൊഴിഞ്ഞു വീഴുന്ന ഇലകൾക്കടിയിൽ മറഞ്ഞ് പൊടിഞ്ഞമരുന്നതുമായ ഇലകൾ. കാറ്റിൽ ദൂരേയ്ക്ക് പാറി പറന്നു പോകുന്നു ചിലവ.  ചിലത് തിരകളിൽ വീണ് ഒഴുകി മാറുന്നു. ഓർമ്മയിൽ നിന്നൂർന്ന് വിസ്മൃതിയിലേക്ക്  മറഞ്ഞ് പോകുന്ന ദിനങ്ങൾ  പോലെ. ഏതാനും ഇലകളെങ്കിലും മഞ്ഞിൻ്റെ ആവരണത്തിനുള്ളിൽ  ഒളിമങ്ങാതെ  സംരക്ഷിക്കപ്പെട്ടിര...

വിജയദശമിയും ഗാന്ധിജയന്തിയും

Image
"വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ വർണ്ണവിഗ്രഹേ വേദാത്മികേ ! നാണമെന്നിയേ മുദാ നാവിന്മേൽ നടനം ചെയ്കേണാങ്കാനനേ യഥാ കാനനേ ദിഗംബരൻ വാരിജോത്ഭവമുഖവാരിജവാസേ ബാലേ വാരിധിതന്നിൽ തിരമാലകളെന്നപോലെ ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതേ സലക്ഷണം മേന്മേൽ മംഗലശീലേ !" എഴുത്തച്ഛൻ്റെ ഈ പ്രാർത്ഥന തന്നെയാണ് വിജയദശമി ദിനത്തിൽ മനസ്സിൽ തോന്നുന്നതും. തിരമാലകൾ പോലെ വാക്കുകൾ തോന്നിക്കേണേ ഭാരതീദേവി! ഗാന്ധിജയന്തിയും വിജയദശമിയും ചേർന്ന് വന്ന ഈ ദിനത്തിൽ മനസ്സിൽ വരുന്നത് ഭഗവദ്ഗീത എന്ന മഹദ്ഗ്രന്ഥമാണ് . അഹിംസയിൽ ഉറച്ചു വിശ്വസിച്ച മഹാത്മാവും അണുബോംബ് നിർമ്മിച്ച ഓപൺഹീമർ എന്ന ശാസ്ത്രജ്ഞനും ജീവിത സമസ്യകൾക്ക് ആശ്രയം കണ്ടെത്തിയ ആ ഗ്രന്ഥം ലീലാവതിട്ടീച്ചറുടെ വ്യാഖ്യാനത്തിൻ്റെയും കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ ഭാഷാ ഭഗവദ്ഗീതയുടെയും സഹായത്തോടെ മനസ്സിലാക്കാൻ  ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഇക്കാലം. അതുൾക്കൊള്ളാൻ തെളിഞ്ഞ ബുദ്ധി നൽകണേ എന്നും പ്രാർത്ഥനയുണ്ട്.  ഗാന്ധിജയന്തി, വിജയദശമി ആശംസകൾ! പ്രീത രാജ്