അവൾ


കുട്ടിയായിരുന്നപ്പോൾ .....
സാരിത്തുമ്പിന്റെയും കൈകളുടെയും ബന്ധനത്തിലായിരുന്നു...
അപ്പോഴവൾ ....
ചാഞ്ചാടുന്ന പാവക്കുട്ടിയിലും ..
കുന്നിക്കുരുവിലും കുപ്പിവളകളിലും വളപ്പൊട്ടുകളിലും ആനന്ദം കണ്ടു.. 
സ്വപ്നങ്ങളിൽ...
പൂക്കൾ ചിരിച്ചു..
പൂത്തുമ്പികൾ വട്ടമിട്ട് പറന്നു....
തിത്തിരിപ്പക്ഷികൾ  കലപില കൂട്ടി...

കൗമാരത്തിൽ .....
അഴികളുള്ള കൂടുണ്ടായി..
സ്നേഹത്തിന്റെയും...
കരുതലിന്റെയും..
അനേകം ലിഖിതാലിഖിത സമൂഹനിയമങ്ങളുടെയും ...
വർണ്ണനൂലുകളാൽ തൊങ്ങലിട്ട 
ഭംഗിയുള്ള അഴികൾ...
കൂടിന് കട്ടിച്ചില്ല് മേലാപ്പായിരുന്നു ...
അപ്പോഴവൾ .....
പുസ്തകങ്ങളിൽ മുഖം ചേർത്ത്  
മായിക ലോകത്തിൽ മുഴുകി....
പലതരക്കാരുമായി ചങ്ങാത്തം കൂടി..... പ്രണയത്തിലായി.....
കൈകോർത്ത്  പിടിച്ച് വിദൂരദേശങ്ങളിൽ 
കാലാതീതമായി സഞ്ചരിച്ചു..... 

ഭാര്യയായി .... അമ്മയായി....
ഉദ്യോഗസ്ഥയായി.....
പിന്നെന്തൊക്കെയോ ആയി ... 
യൗവ്വനം ഒഴുകിപ്പോയി.... 
അതിനിടയിൽ അവൾ എവിടെയോ പോയി ..
അതോ ഒളിച്ചിരുപ്പുണ്ടായിരുന്നോ ....
അറിയില്ല... 
തിരയാൻ നേരമില്ലായിരുന്നല്ലോ.... 

തലയിൽ വെള്ളിവരകളും ...
മൂക്കിനു മുകളിൽ കണ്ണടയും വന്നപ്പോൾ എവിടെ നിന്നെന്നറിയില്ല.....
അവൾ മെല്ലെ കടന്നു വന്നു....
അവൾ സുന്ദരിയും ധീരയുമായിരിക്കുന്നു... 
മുഗ്ദ്ധമായൊരാലിംഗനത്തിൽ ... 
പുറന്തോടടർന്നു വീഴുന്നു.....
നനുത്ത വെള്ളിച്ചിറകുകൾ മുളക്കുന്നു...
ഒന്നായിത്തീരുന്നു...
ഭാരമില്ലാതാവുന്നു...

പ്രീത രാജ്



Comments