വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ്
വൃശ്ചികത്തിൽ തമിഴകത്ത് നിന്ന് ചുരമിറങ്ങി വന്ന് പാലക്കാടിലും തൃശൂരിലേക്കും വീശിയടിക്കുന്ന തീരാദാഹിയായ തിരുവാതിര കാറ്റ്. കരിമ്പനകളെ പിടിച്ചുലച്ച്, നെൽപ്പാടങ്ങളെ ഇളക്കിമറിച്ച് രണ്ടു മാസക്കാലം അവന്റെ ജൈത്രയാത്രയാണ്.
പോകുന്ന വഴിയിലെ ജലാംശമെല്ലാം ഊറ്റിയെടുത്ത് ഹുങ്കോടെ ഊക്കോടെ അവൻ ചുറ്റിയടിക്കും. ഇലകളെ ഞെട്ടറ്റിച്ചും പൂഴി പറത്തിയും രസിക്കും.
വൃശ്ചിക മാസമായാൽ ഷൊർണൂരിലേക്കുള്ള സ്ഥിരം ഫോൺ വിളികളിൽ ഒരു ചോദ്യം കാറ്റു വന്നോ എന്നാണ്. " വന്നു വന്നു . നാശം പിടിച്ച കാറ്റ്. മുറ്റം മുഴുവൻ ചപ്പിലയാ" എന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യം. ആ ചീത്ത പറച്ചിൽ അവൻ അർഹിക്കുന്നത് തന്നെയാണ്. കണ്ണും മൂക്കുമില്ലാത്ത കാറ്റിന്റെ അടങ്ങാത്ത ദാഹം മനുഷ്യരെയും വെറുതെ വിടാറില്ലല്ലോ. കയ്യും മുഖവും വലിഞ്ഞും ചുണ്ടുകൾ വരണ്ട് പൊട്ടിയും വലയും. എങ്കിലും വല്ലാത്തൊരു ആകർഷണമാണ് വൃശ്ചിക കാറ്റിന്.
ഗൃഹാതുരത്വത്തിന്റെ മാമ്പൂ മണമുള്ള കാറ്റ്.
കാറ്റിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളുടെ പ്രധാന കാരണം അത് ക്രിസ്മസ് അവധിക്കാലവുമായി ബന്ധപ്പെട്ട തായതു കൊണ്ടാവാം. ഷൊർണൂരിൽ അമ്മവീട്ടിൽ ചിലവഴിച്ച അവധിക്കാലങ്ങൾ.
മാവു പൂക്കുന്ന കാലം. മാമ്പൂ മണമുള്ള കാലം. പുളിങ്ങ വീഴും കാലം.
കാറ്റിനെ കുറിച്ചുള്ള ആദ്യ ഓർമ്മ പിന്നാമ്പുറത്തെ ഗേറ്റിനടുത്തുള്ള പുളിമരത്തിൽ നിന്ന് അവൻ അടർത്തിയിടുന്ന പുളിങ്ങകളാണ്. അമ്മൂമ്മക്ക് വേണ്ടി അവ സംഭരിക്കുന്ന ജോലി വളരെ ഇഷ്ടത്തോടും ഉത്തരവാദിത്തത്തോടും ഞാൻ നിർവഹിച്ചിരുന്നു. ശക്തനായ വമ്പൻ പുളിമരത്തിൽ നിന്ന് കായകൾ പറിച്ചെറിയുന്ന അതിശക്തനായ കാറ്റ് എന്റെ കുഞ്ഞു മനസ്സിലും ഓളങ്ങളുണ്ടാക്കിയിരുന്നു.
പക്ഷെ പുളിങ്ങകളും ഇലകളും മാത്രമല്ല മാമ്പൂക്കളും തളിരിലകളും എല്ലാം അടർത്തിയെറിഞ്ഞ് അവൻ വികൃതി കാട്ടും. തൊടിയിൽ നിന്ന് ചപ്പിലകൾ മുറ്റത്തേക്ക് വലിച്ചെറിഞ്ഞും പൊടി പറത്തിയും രസിക്കും. അവന്റെ ശല്യം സഹിക്കാനാവാതെ ആളുകൾ വൃശ്ചികമാവുമ്പോൾ മുറ്റം ചാണകം മെഴുകി തിണ്ട് പിടിച്ച് തൊടിയും മുറ്റവും വിഭജിക്കും. കുളിരുള്ള മണ്ഡലകാല രാവുകളിൽ അയ്യപ്പൻ പാട്ടിന്റെ താളത്തിന് ഭംഗം വരാതിരിക്കാനോ എന്തോ കാറ്റ് തെല്ലൊന്ന് അടങ്ങിയിരുന്നു. അല്ലെങ്കിൽ ആ ഈണങ്ങൾ കേട്ട് അവനുറങ്ങി.
കാറ്റിനെ ചെറുക്കാൻ ചെയ്യുന്നതാണെങ്കിലും ചാണകം മെഴുകിയ മുറ്റത്ത് പരന്നൊഴുകുന്ന നിലാവ് അതിസുന്ദരമായ കാഴ്ചയാണ്. ആതിരനിലാവും മാവിൻ കൊമ്പിലെ ഊഞ്ഞാലും ഹൃദ്യമായ തിരുവാതിര ഓർമ്മകളാണ്. തിരുവാതിര നിലാവ് മനസ്സിൽ പരന്നൊഴുകാൻ ഒരു കാരണം ചോഴിയാണ്. മേലാസകലം ഉണങ്ങിയ വാഴയിലച്ചപ്പ് കെട്ടി ചോഴിപ്പിള്ളേർ ആർത്തലച്ച് വരും മകയിരം നാൾ രാത്രിയിൽ . തിരുവാതിര വ്രതം മുടങ്ങാതെ, ഉറങ്ങാതിരിക്കാനാണ് ആ ആചാരം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും നിലാവ് ആസ്വദിക്കാനാവാം എന്ന് ഇപ്പോൾ തോന്നുന്നു. ധനുമാസക്കുളിരിൽ പരന്നൊഴുകുന്ന നിലാവിൽ പുറത്തേക്ക് നോക്കിനിൽക്കാനും ആ ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാനും ഒരു കാരണമായി ചോഴി . ചോഴിയുടെ കൂടെ അമ്മൂമ്മയായും കാലനായും വേഷക്കാർ കാണും . അമ്മൂമ്മ തമാശക്കാരി ആണെങ്കിലും കൂടെ വരുന്ന കാലൻ എപ്പോൾ വേണമെങ്കിലും ഇരുട്ടിൽ നിന്ന് പുറത്തുചാടും എന്നറിഞ്ഞ് പേടിയോടെ നിന്നിരുന്നത് തെല്ലു തമാശയോടെ ഇപ്പോൾ ഓർക്കുന്നു.
കാറ്റിന്റെ ശക്തി ശരിക്കും അറിഞ്ഞത് വിവാഹശേഷം ഷൊർണൂരിലെ ഭർത്തൃഗൃഹത്തിൽ ചെന്നതിനു ശേഷമാണ്.
മുകളിലെ നിലയിലെ അഴികളിട്ട നീണ്ട വരാന്തയിൽ അവന്റെ ആക്രോശം ശരിക്കും അറിഞ്ഞു. അതുവരെ ക്രിസ്മസ് അവധിക്കാലത്തെ കുറച്ചു ദിവസങ്ങൾ മാത്രമേ കാറ്റിനെ അറിയാറുള്ളൂ. ചുണ്ടുകൾ പൊട്ടിയും ശരീരം വലിഞ്ഞും ശരിക്കും വലഞ്ഞു പോയിട്ടുണ്ട് അക്കാലത്ത്.
എങ്കിലും വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ് സുഖമുള്ള ഓർമ്മയാണ്. ആ കാലത്ത് കുറച്ചു ദിവസമെങ്കിലും അങ്ങോട്ട് ഓടിയെത്താൻ പ്രേരിപ്പിക്കുന്ന വല്ലാത്തൊരാകർഷണമാണ് കാറ്റിന്. അടിച്ചു വാരി മാറുമ്പോഴേക്കും മുറ്റത്തേക്ക് ചപ്പില അടിച്ച് തെറിപ്പിക്കുന്ന കുറുമ്പ് കാണാൻ. കാറ്റിൽ കലമ്പുന്ന ഉണക്കയിലകളുടെ കിരുകിരാ ശബ്ദം കേൾക്കാൻ. കണ്ണിമാങ്ങ പെറുക്കാൻ. മാവിൻ ചോട്ടിൽ വീണുകിടക്കുന്ന പൂക്കളും കണ്ണിമാങ്ങകളും ഇലകളും ഉതിർത്തുന്ന ഗൃഹാതുര ഗന്ധം നുകരാൻ. വെറുതെ നോക്കിയിരിക്കാൻ..
പ്രീത രാജ്
👌
ReplyDelete😊
Deleteഎഴുത്തിന് മാറ്റ് കൂടി കൂടി വരുന്നു. ശരിക്കും ആസ്വദിച്ചു. ഇനിയും എഴുതണം. ആശംസകൾ
ReplyDeleteThank you 😊
Deleteനന്നായിട്ട് ഉണ്ട്.
ReplyDeleteThank you 😊
Delete