അനിർവ്വചനീയം
അഴലിൻ രോഗശയ്യയിൽ
വിവശയായുരുകുമ്പോൾ
ഒരു നിറപുഞ്ചിരിനിലാവിൻ
കുളിരലകൾ മൃദുവായ് തഴുകുന്നു...
ദുഃഖാകുലതകളാൽ ഹൃദയം
നുറുങ്ങവേ കുസൃതി നിറയും
കൺകളും ചിരിയും വാക്കുകളും
ശമനലേപമായ് മനസ്സിൽ പരക്കുന്നു...
നിരാശ തൻ അഗാധ ഗർത്തത്തിൽ
ആവേഗത്തോടെ പതിക്കവേ ഒരു
കരുതലിൻ കരങ്ങളിലുടക്കി നിൽക്കുന്നു,
ഭാരമില്ലാതെ പറന്നുയരുന്നു...
നിർവ്വചനങ്ങൾക്കുള്ളിലൊതുക്കേണ്ട
സ്പന്ദമാപിനിയാലളക്കയും വേണ്ട
ആത്മാവിൻ പുസ്തകത്താളിലൊരു
കാവ്യശകലമായങ്ങനെയിരിക്കട്ടെ ...
പ്രീത രാജ്
Comments
Post a Comment