സമുദ്രശില

സമുദ്രശില
സുഭാഷ് ചന്ദ്രൻ
മാതൃഭൂമി ബുക്സ്.

സുഭാഷ് ചന്ദ്രൻ എന്ന പ്രതിഭാധനനായ സാഹിത്യകാരന്റെ 'മനുഷ്യന് ഒരു ആമുഖം' വായിച്ചപ്പോൾ തന്നെ തീരുമാനിച്ചിരുന്നു, അദ്ദേഹത്തിന്റെ എല്ലാ കൃതികളും വായിക്കണമെന്ന്. പിന്നീട് ഒരു ചെറുകഥാ സമാഹാരം വായിച്ചപ്പോൾ ആ തീരുമാനം കൂടുതൽ ദൃഢമാക്കി. പ്രത്യേകിച്ച്' 'ഉരുളക്കിഴങ്ങ് തിന്നുന്നവർ' എന്ന കഥ. വാൻ ഗോഗിന്റെ  പെയിന്റിംഗിൽ നിന്ന് ഭാവനയാൽ മെനഞ്ഞെടുത്ത ഹൃദയസ്പർശിയായ മറ്റൊരു മഹനീയ സൃഷ്ടി. 

സൃഷ്ടിയുടെ സങ്കീർണ വഴികളിൽ എഴുത്തുകാരനുണ്ടാവുന്ന യാഥാർത്ഥ്യവും സങ്കൽപ്പവും കൂടിയുള്ള ഇഴപിരിച്ചിൽ സമുദശില എന്ന  നോവലിന്റെ പ്രധാന പ്രമേയമാണ്.  ആ കെട്ടു പിണച്ചിൽ വായനക്കാരനും അനുഭവവേദ്യമാണ്. പ്രധാന കഥാപാത്രമായ അംബയും അത്തരം ചില സങ്കൽപങ്ങളിൽ പിടിച്ചു തൂങ്ങിയാണല്ലോ പ്രാണൻ നിലനിർത്തുന്നതും.

ഭിന്ന ശേഷിക്കാരായ കുട്ടികളുടെ അമ്മമാർ അനുഭവിക്കുന്ന സംഘർഷങ്ങളാണ് കഥാതന്തു.  നടക്കാൻ പോലും പരസഹായം വേണ്ട മകനു ചുറ്റും കറങ്ങുന്നു അംബയുടെ ലോകവും. ആഴക്കടലിലെ സമുദശിലയിൽ പ്രണയിയോടൊപ്പം  ചിലവഴിച്ച പൗർണമി രാത്രി പ്രാണൻ നിലനിർത്താനുള്ള അവളുടെ പിടിവള്ളിയാണെന്ന് പറയാം. അത് യഥാർത്ഥമാണോ മിഥ്യയാണോ എന്ന് അംബ തന്നെ സംശയിക്കുന്നുണ്ട് പലപ്പോഴും.

ആ സങ്കൽപം തന്നെയാണ് അവളെ എഴുത്തുകാരനിലേക്കെത്തിക്കുന്നതും. അയാളാകട്ടെ മിഥ്യയേത് സങ്കൽപമേത് എന്ന് വേർതിരിക്കാൻ ഫോട്ടോകളെയും കുറിപ്പുകളെയും ആശ്രയിക്കുന്നു. സൃഷ്ടിയുടെ വഴി ദുർഗ്രാഹ്യം തന്നെ.

എഴുത്തുകാരനുള്ള ഒരു ഇമെയിലിൽ അംബ ഇങ്ങനെ എഴുതുന്നു" താങ്കളുടെ സൈബർ എഴുത്തിൽ ആത്മരതി ഇത്തിരി അധികമാകുന്നുണ്ടോ എന്ന് അവർണ്യത്തിൽ ആശങ്ക..." എഴുത്തുകാരന്റെ യഥാർത്ഥ്യത്തിലും അതിത്തിരി പ്രകടമാണ്. അംബയുടെ വാക്കുകൾ തന്നെ കടമെടുത്താൽ,
" ഒരു കാര്യം ഓർത്താൽ നന്ന് - മറ്റുള്ളവന്റെ ആത്മരതി മലയാളികൾ അശ്ലീലമായിട്ടേ എടുക്കൂ; സ്വന്തമായിട്ടാകുമ്പോൾ ഒരു കലയായും". 
" പരമാത്മാവിനോളം കടുപ്പമുള്ള  പരമാത്മരതി താങ്ങാനുള്ള ഫിലമെന്റ് ഞങ്ങൾ ജീവാത്മാക്കളുടെ ചെറിയ ബൾബിൽ ഇല്ല." അതും ശരിയായിരിക്കാം. 

അംബയെ സൃഷ്ടിച്ചതിന് സർഗധനനായ എഴുത്തുകാരന് നന്ദി. ഉപാധികളില്ലാതെ സ്വന്തം ജീവിതം മക്കൾക്കു വേണ്ടി മാറ്റിവക്കുന്ന അനേകം അംബമാർക്കും  സമുദശിലകൾ പ്രാപ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 

പ്രീത രാജ്

Comments