കോളറക്കാലത്തെ പ്രണയം
Love in the time of Cholera
Gabriel Garcia Marquez
ഒരു മഹാമാരിക്കാലത്തെ പുസ്തകദിനത്തിൽ മറ്റൊരു മഹാമാരിക്കാലത്തെ പ്രണയ കഥ ഓർമ്മയിലെത്തുന്നത് സ്വാഭാവികം.
കോളറക്കാലത്തെ പ്രണയാതുരതക്കും ആ മഹാമാരിയുടെ അതേ ലക്ഷണങ്ങൾ തന്നെ.
കോവിഡ് കാലത്തത് കോവിഡ് ലക്ഷണങ്ങൾ ആയിരിക്കുമോ? പ്രണയരോഗ ലക്ഷണങ്ങൾ എക്കാലവും ഒന്നു തന്നെ ആയിരിക്കുമോ? അതോ ഹൃദയം തകരുമ്പോൾ അനേകം രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുമോ?
കോളറക്കാലത്തെ പ്രണയം( Love in the time of Cholera) ഒരു ഭ്രാന്തമായ പ്രണയത്തിന്റെ കഥയാണ്. ഫ്ലോറന്റിനോ അരിസയുടെ ഫെ
ർമിന ഡാസയോടുള്ള പ്രണയം അയാളുടെ ജീവരേഖയാണ്. ഇരുപതാം വയസ്സിൽ ഫെർമിന ഡാസ എന്ന കൗമാരക്കാരിയുടെ മുമ്പിൽ മൂക്കുകുത്തി വീണു പോയ അയാൾ അവളുടെ പ്രണയ നിരാസത്തിൽ പ്രണയ രോഗിയായി.
മറ്റു പല സ്ത്രീകളുമായും ബന്ധം പുലർത്തുന്നുണ്ടെങ്കിലും അവളോടുള്ള ഭ്രാന്തമായ പ്രണയം അയളിൽ നിന്നടർത്തി മാറ്റാൻ ആർക്കും കഴിയുന്നില്ല. അവരെല്ലാം അയാളുടെ ശാരീരിക മാനസിക ആവശ്യങ്ങൾക്കായി അയാൾ കണ്ടെത്തിയ താൽക്കാലിക ബന്ധങ്ങൾ മാത്രമായിരുന്നു.
സംരക്ഷണച്ചുമതലയുള്ള കുട്ടിയെ പോലും അയാൾ സ്വന്തം സ്വാർത്ഥതക്കായി ഉപയോഗിച്ചു. അയാൾക്ക് മറ്റാരെയും സ്നേഹിക്കുവാൻ കഴിയുമായിരുന്നില്ല.
അയാൾ തന്റെ ഭ്രാന്തമായ പ്രണയ സാക്ഷാൽക്കാരത്തിന് വേണ്ടി മാത്രം കാത്തിരുന്നു, അമ്പതാണ്ടു കാലം. എന്നെങ്കിലും അവളുടെ പ്രണയം ലഭിക്കുമെന്ന ചിന്തയാണ് അയാളെ
ആരോഗ്യവാനായിരിക്കാനും സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്താനും പ്രേരിപ്പിക്കുന്നതും. എഴുപതുകളിലെത്തേണ്ടി വന്നു ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ.
കൗമാരക്കാരിയായ ഫെർമിന ഡാസ ഫ്ലോറന്റിനൊയുടെ തീവ്രപ്രണയത്തിൽ ആകൃഷ്ടയായെങ്കിലും ഒരു വർഷത്തെ വേർപാടിന് ശേഷം തിരിച്ചു വന്നപ്പോൾ ദുർബലനായ പ്രണയരോഗിയിൽ പ്രണയം കണ്ടെത്താൻ കഴിയാതെ അയാളെ നിരസിക്കുന്നു.. ഒരു വർഷത്തോളം ഭാവനയിൽ കണ്ടതും മുന്നിൽ കാണുന്നതും തമ്മിലുള്ള അന്തരം അവൾക്ക് ഉൾക്കൊള്ളാൻ ആവുമായിരുന്നില്ല. അവൾ എന്നും അങ്ങനെ ആയിരുന്നു താനും. സ്വന്തം ആത്മാവിനെ കേൾക്കുന്നവൾ, പ്രവചനാതീതയായി പെരുമാറുന്നവൾ, കുറച്ച് അഹങ്കാരത്തോടെ തല ഉയർത്തി നടക്കുന്നവൾ. അവളുടെ ആ പ്രകൃതം തന്നെയാണ് ഡോക്ടർ ജുവനൽ ഉർബിനോ എന്ന പ്രശസ്തനും ഉന്നതകുലജാതനുമായ ഭിഷഗ്വരനെ ആകർഷിച്ചതും അയാളുടെ ഭാര്യയാക്കിയതും. അതേ പ്രകൃതം തന്നെ
പ്രശസ്തനായ ഭർത്താവിന്റെ ദൗർബല്യങ്ങൾ അവളിൽ വെറുപ്പുളവാക്കുന്നതും. തന്റെ ഭാഗം ന്യായീകരിക്കാൻ ഉർബിനൊ ഇങ്ങനെ പറയുന്നു,
" what is more important in a good marriage is stability not love." വിവാഹ ജീവിതത്തിൽ പ്രണയത്തേക്കാൾ സ്ഥൈര്യതക്കാണ് പ്രാധാന്യം.
നീണ്ട ദാമ്പത്യത്തിന്റെ വിരസതകളോടും സന്തതസാമീപ്യം കൊണ്ടുണ്ടാകുന്ന നീരസങ്ങളോടും ആ ദാമ്പത്യം അമ്പതാണ്ടു നീണ്ടു നിന്നു , ഉർബിനോയുടെ മരണം വരെ .
വൈധവൃത്തിന്റെ ആദ്യ നാളുകളിൽ,
ഒരു ശീലം പോലെ, ദിനചര്യ പോലെ ഒഴുകിയിരുന്ന ജീവിതനദി തടയിണ പൊട്ടിയൊഴുകുന്ന പോലെ കുത്തിയൊലിക്കുന്ന വികാര വിക്ഷുബ്ധതയിൽ, അവൾക്ക് മുന്നിൽ ഫ്ലോറന്റിനൊ പ്രണയാർത്ഥനായി. അയാളുടെ ഔചിത്യമില്ലായ്മയിൽ രോഷാകുലയായെങ്കിലും ആദ്യമാദ്യം എതിർത്തെങ്കിലും അയാളുടെ നിരന്തരമായ എഴുത്തുകളിൽ അവൾ പക്വമായ പ്രണയം അറിയുന്നു. എഴുപത്തിരണ്ടാം വയസ്സിൽ ഫെർമിന ഡാസ തീവ്രപ്രണയത്തിന്റെയും വൈവാഹികമായ ഔദ്യോഗിക പ്രണയത്തിന്റെയും ഇടയിൽ തന്റെ പ്രണയം കണ്ടെത്തുന്നു..
സ്ത്രീപുരുഷ ബന്ധങ്ങളുടെ പല രൂപഭാവങ്ങൾ നോവലിലുടനീളം കാണാം. അതുപോലെ കോളറ എന്ന മഹാമാരിയും ഉടനീളം സാന്നിദ്ധ്യമറിയിച്ച് പതുങ്ങി നടക്കുന്നു. ഒടുവിൽ കപ്പൽ കരക്കടുപ്പിക്കാനാകാതെ പ്രണയികളുടെ സംഗമത്തിന് വഴിയൊരുക്കുന്നതും മഹാമാരി തന്നെ.
രണ്ടു പ്രധാന പുരുഷ കഥാപാത്രങ്ങളേക്കാൾ
ഫെർമിന ഡാസ എന്ന സ്ത്രീ കഥാപാത്രം ശക്തയായി നിൽക്കുന്നു. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ ക്രിയാത്മകമായി നിൽക്കുമ്പോഴും സ്വന്തം നിലപാടുകളെടുക്കാനുള്ള ആർജ്ജവം കാണിക്കുന്നു. ഫ്ലോറന്റിനൊയുടെ കപ്പലിൽ അവൾ തലയുയർത്തിത്തന്നെ നിൽക്കുന്നു.
പ്രീത രാജ്
Comments
Post a Comment