യാത്ര
രാവിലെ ഭാര്യ തയ്യാറാക്കിക്കൊടുത്ത ഉച്ച ഭക്ഷണം എടുത്ത് ബാഗിലിട്ട് അയാൾ ഇറങ്ങി. സ്കൂട്ടർ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് സ്റ്റേഷനകത്തേക്ക് തിടുക്കത്തിൽ നടന്നു. മുക്കാൽ മണിക്കൂർ യാത്ര ചെയ്യണം ജോലി സ്ഥലത്തെത്താൻ. ട്രയിനിൽ കയറിക്കൂടി ചിരപരിചയത്തിന്റെ സാമർത്ഥ്യത്തിൽ സീറ്റ് നേടി ഇരുപ്പുറപ്പിച്ചു.ബാഗിൽ നിന്ന് ഫോൺ പുറത്തെടുത്ത് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ഈയിടെയായി അതാണ് യാത്രയുടെ വിരസത അകറ്റുന്നത്.
സൈബർ ലോകത്തെ യഥാർത്ഥമോ അയഥാർത്ഥമോ ആയ വാർത്തകളുടെ അഭിപ്രായപ്പെട്ടികളിൽ തന്റെ അഭിപ്രായങ്ങൾ എഴുതി നിറക്കുന്നതിനിടയിൽ അടുത്ത് വന്നിരുന്നതോ നിന്നതോ ആരാണെന്നൊന്നും അയാൾ അറിഞ്ഞതേയില്ല. നടപ്പുള്ള മഹാമാരിയുടെ വാർത്തകളിലും ആകാവുന്ന ത്ര രാഷ്ട്രീയവും വർഗ്ഗീയതയും വംശീയതയുമൊക്കെ എഴുതി നിറച്ച് തലയുയർത്തിയപ്പോൾ ഇറങ്ങാറായി.
ഉച്ച ഭക്ഷണം എടുത്തപ്പോഴാണ് ശ്രദ്ധിച്ചത് ആലു ഗോബിക്കും ദാലിനും ഒരു രുചിയും മണവും തോന്നുന്നില്ല. ചെറിയ തലവേദനയും തോന്നുന്നു. അടുത്തുള്ള ലാബിൽ പോയി പരിശോധനക്ക് വിധേയനായി ലീവെഴുതി കൊടുത്ത് തിരികെ വീട്ടിലേക്ക് പോയി. റിസൽറ്റ് വന്നപ്പോൾ പോസിറ്റീവ്.
തെർമോമീറ്ററും പൾസ് ഓക്സിമീറ്ററും ഫോണുമായി ഏകാന്തവാസത്തിന് തയ്യാറായി റൂമിൽ കയറി. അപ്പോഴാണ് അയാൾ അറിഞ്ഞത് വിരസത അകറ്റിയിരുന്ന ഫോൺ ഏകാന്തതയിൽ ഭീതിയാണ് പരത്തുന്നത്. നീണ്ടു പോകുന്ന അഭിപ്രായപ്രകടനങ്ങൾ അയാൾക്ക് മനംപുരട്ടലുണ്ടാക്കി. ഫോൺ മാറ്റിവച്ച് അയാൾ വെറുതെ കിടന്നു.
ശ്വാസംമുട്ടലിന്റെ രൂപത്തിൽ വൈറസുകൾ പിടിമുറുക്കാൻ തുടങ്ങിയപ്പോൾ തിങ്ങി നിറഞ്ഞ ആശുപത്രികളിലൊന്നും സ്ഥലമില്ല.
വെറും നിലത്തേക്ക് വീണ് പിടയുമ്പോൾ
ഭാര്യയുടെ കരയുന്ന മുഖം കുറെ വക്രരേഖകളായി കണ്ടത് മാത്രമാണ് ഓർമ്മ.
ഒരാത്മാവായി പറക്കാൻ തുടങ്ങി. പരദേശ യാത്രയിൽ ഉത്തുംഗമായ പ്രതിമകളും മിനാരങ്ങളും ക്ഷേത്രസമുച്ചയങ്ങളും ഒരു മിന്നായം പോലെ കണ്ടു. പിന്നെ പൂർവ്വ ജന്മ സ്മൃതിയില്ലാതെ പരലോകം പൂണ്ടു .
ഒരു കരച്ചിൽ കേട്ടെഴുന്നേറ്റപ്പോൾ ആരോ
വാതിലിൽ മുട്ടുന്നു. ഭാര്യയുടെ ചെറിയ കരച്ചിൽ കലർന്ന വിളിയുയരുന്നു. പരലോക യാത്ര ഒരു സ്വപ്നമായിരുന്നു എന്ന് തെല്ലു ജാള്യത്തോടെ, ഏറെ ആശ്വാസത്തോടെ അറിഞ്ഞപ്പോൾ അയാൾ മൃദുവായി വിളി കേട്ടു.
പ്രീത രാജ്
Super preetha..
ReplyDeleteThank you 😊
Delete