മാറ്റാത്തി
മാറ്റാത്തി
സാറാ ജോസഫ്
വായനയിലുടനീളം കൂടിക്കൂടി വരുന്ന വിങ്ങലായി ലൂസി. ചട്ടയും മുണ്ടുമുടുത്ത ഇരുപത്തൊന്ന്കാരി, ബ്രിജീത്തയുടെ മുണ്ട് വെട്ടിത്തയ്ച്ച വെള്ളപ്പാവാടയിട്ട് സ്ക്കൂളിൽ പോയിരുന്ന ചാണകവും കോഴിക്കാട്ടവും മണക്കുന്ന കൗമാരക്കാരി. അതിനും മുമ്പ് മുഷിഞ്ഞു നാറിയ കമ്മീസിട്ട് ബ്രിജീത്തക്കുള്ള കഞ്ഞിക്കോപ്പ കുഞ്ഞിക്കൈയ്യിൽ പിടിച്ച് തട്ടി വീഴാതെ സൂക്ഷിച്ച് നടക്കുന്ന കുഞ്ഞു ലൂസി . മുളകരച്ചെരിയുന്ന കുഞ്ഞു വിരലുകൾ വെള്ളത്തിൽ മുക്കിയും ഊതിയും കരഞ്ഞും നീറ്റലടക്കാൻ പാടുപെട്ടവൾ.
അനാഥത്വത്തിന്റെയും തടഞ്ഞുവച്ച പെൺ കാമനകളുടെയും ഘനീഭവിച്ച മഞ്ഞുകട്ടകൾ ബ്രിജീത്തയുടെ കഞ്ഞിക്കോപ്പയിലും ബ്രിജീത്തയുടെ വലിയ വീട്ടിലെ മിന്നുന്ന അകത്തളങ്ങളിലും പറമ്പിലെ മുരിങ്ങയുടെയും വാഴയുടെയും റോസിന്റെയും കോവൽ വള്ളികളുടെയും തടത്തിലും ചാണകത്തിലും കോഴിക്കാട്ടത്തിലുമൊക്കെ വിതറി അലിയിച്ചു കളഞ്ഞവൾ. ബ്രിജീത്ത എളേമ എന്ന ഒരേയൊരു ബന്ധുവിന്റെ മരണത്തോടെ അതെല്ലാം വീണ്ടും ഘനീഭവിച്ച് ലൂസിയുടെ ദേഹത്ത് ചറ പറാന്ന് വീണു. അതിൽ നിന്ന് രക്ഷപ്പെടാനാണോ ലൂസി ഉടുത്ത മുണ്ടും ബ്രിജീത്തയുടെ റെക്കോർഡ് ചെയ്ത ശബ്ദവും സേതു എടുത്ത ഫോട്ടോയും ആയി വെള്ളത്തിലിറങ്ങിയത്?
വൃദ്ധകന്യകയായ ബ്രിജീത്ത. ആരേയും കൂസാതെ രാജ്ഞിയായി ജീവിച്ചവൾ. വയസ്സറിയിച്ച ദിവസം ലൂസിക്ക് വായിക്കാനായി ചാരിത്ര്യം സംരക്ഷിക്കാനായി ജീവൻ നഷ്ടപ്പെടുത്തിയ വി.മരിയാ ഗൊരത്തിയുടെ പുസ്തകം കൊടുത്തവൾ.
ദിവസവും റോസാപ്പൂ തിന്നുന്ന റോസാപ്പൂ പോലെ ചുവന്നുതുടുത്ത കവിളുകളുള്ളവൾ .
ബ്രിജീത്തയുടെ നിഴലിലേ ലൂസി എന്നും ജീവിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെയാണ് ആ നിഴൽ മാഞ്ഞു പോയപ്പോൾ അവൾ പിറന്നുവീണ കുഞ്ഞിനെപ്പോലെ നിസ്സഹായയായത്. മരണക്കിടക്കയിൽ ബ്രിജീത്ത ലൂസിയോട് പറയാൻ തുനിഞ്ഞ വാക്കുകളാണോ ആ കണ്ണുകളിൽ തങ്ങി നിന്ന കണ്ണുനീർത്തുള്ളിയായി പരിണമിച്ചത്.
കരയുമ്പോഴും ചിരിക്കുകയാണെന്ന് തോന്നുന്ന കറുപ്പിൽ നിന്ന് പുറത്തേക്ക് തള്ളിനിൽക്കുന്നെ വെളുത്ത പല്ലുകളുള്ള ചെറോണ. നടുവൊടിക്കുന്ന പ്രാരാബ്ധങ്ങൾക്കിടയിലും ലൂസിയുടെ വെള്ളപ്പാവാട പ്രതിഫലം കൂടാതെ അലക്കിക്കൊടുത്തവൾ. ലൂസിക്ക് ആദ്യമായി ആരോ അലക്കാൻ കൊടുത്ത അലക്കി അലക്കി നിറം കെട്ട ബോഡീസ് ഇടാൻ കൊടുത്തവൾ. കെട്ടിയവനും മക്കൾക്കും തിന്നാനും കുടിക്കാനും 'തെണ്ടിച്ച്' കൊണ്ടു കൊടുക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായി കണ്ടവൾ. "ഇശ്ക്കി ഇശ്ക്കി " എന്ന ശബ്ദത്തോടെ മരിയാപുരത്തെ വിഴുപ്പ് മുഴുവൻ അലക്കി വെളുപ്പിച്ച് നടു ഒടിഞ്ഞവൾ. ഒടുവിൽ ബ്രിജീത്ത മരിച്ചപ്പോൾ തൊഴുത്തിന്റെ പുറകിലിരുന്ന് ലൂസിയുടെ കൈപിടിച്ച് കരയുവാൻ, ഇഴയുന്ന പോലെ നടന്നെത്തിയവൾ.
ഇനിയുമുണ്ട് മനസ്സിനെ കൊളുത്തി വലിക്കുന്നവർ. പുരുഷരൂപത്തിന് സ്ത്രൈണതയും സ്ത്രീ രൂപത്തിന് പുരുഷത്വവും കൊത്തുന്ന രൂപംകൊത്തിയുടെ പെൺ മക്കൾ, അബുദാബിയിൽ നിന്ന് സമ്പാദിച്ച് കൊണ്ടുവന്നതൊക്കെ പിടിപ്പ് കേട് കൊണ്ട് നഷ്ടപ്പെട്ട പാവം ഓപ്പൻ, പാവങ്ങൾക്കായി ജാതി ഭേദമെന്യേ വീട് സ്വപ്നം കണ്ട ബീറ്റിൽസ് ഫാനായ വികാരിയച്ചൻ, ലൂസിയുടെ പ്രണയത്തെ പാടെ അവഗണിച്ച അസ്തിത്വ സമസ്യയിൽ നട്ടം തിരിഞ്ഞ് ഹിപ്പിയായി മാറിയ സേതു .
വെറുതെ മോഹിച്ചു പോകുന്നു, ഒരദ്ധ്യാപകന്റെ വൃത്തികെട്ട കൈക്രിയയിൽ മനം മടുത്ത് ലൂസി കോളേജ് വിടാതിരുന്നെങ്കിൽ! സുന്ദരിയും ചന്ദ്രുവും വന്നു വിളിച്ചപ്പോൾ കൂടെ പോയിരുന്നെങ്കിൽ! എങ്കിൽ ലൂസി ഉദ്യോഗസ്ഥയായി ഭാര്യയായി അമ്മയായി ജീവിക്കുമായിരുന്നോ?
പക്ഷെ, അതെങ്ങനെ? ബ്രിജീത്തയില്ലാതെ ലൂസിയില്ലല്ലോ !!
പ്രീത രാജ്
Comments
Post a Comment