ബോധി വൃക്ഷം
കുഞ്ഞോളങ്ങളാൽ താളനിബദ്ധമായൊഴുകുമൊരു
നദി പോലെയായിരുന്നെൻ പ്രയാണം..
കാറ്റിൻ വികൃതിയിൽ താളമിടയുമ്പോൾ തിടുക്കത്തിൽ താളം വീണ്ടെടുത്ത്
ഞാനെൻ പ്രയാണം തുടർന്നിരുന്നു....
കുതിച്ചു ചാടും വെള്ളച്ചാട്ടത്തിൻ കോരിത്തരിപ്പറിയാതെ ...
വെള്ളം തട്ടിത്തെറിപ്പിക്കാതെ ..
ചുഴികളിൽ ചുറ്റിക്കറങ്ങാതെ...
അടിത്തട്ടിലെ ഗർത്തങ്ങളിൽ
നിഗൂഢതകൾ ഒളിപ്പിക്കാതെ ...
വെറുതെ ഒഴുകിക്കൊണ്ടിരുന്നു ഞാൻ...
തളർന്നു പോയൊരു നാളിൽ
നിൻ തണലിലിരുന്ന് തെല്ലിട
മിഴികൾ പൂട്ടി ഞാൻ
മയക്കത്തിലേക്കുണർന്നു...
നീയെൻ ബോധിവൃക്ഷമോ?
ഇലച്ചാർത്തുകൾക്കിടയിലൂടൂർന്ന്
വീഴും സൂര്യകിരണങ്ങൾ പോലെ
നിന്നാന്മാവിൻ അഗ്നി കണങ്ങൾ
ചിതറി വീണെൻ ചിന്തകളിൽ
കനൽ കോരിയിട്ടു..
അണക്കെട്ടിലകപ്പെട്ട പുഴ പോലെ
ഞാൻ വിഭ്രാന്തയെങ്കിലും..
വ്യർത്ഥമാം ജീവിതയാത്രയെന്നെ വ്യഥിതയാക്കുന്നു....
ഇനി ഞാൻ
കലങ്ങിമറിയട്ടെ .. മതിമറന്നാടട്ടെ ...
ചുഴികളിലൽപം കറങ്ങിത്തിരിയട്ടെ ...
അഗ്നിസ്ഫുലിംഗങ്ങളൊരിലക്കുമ്പിളിൽ
അടിത്തട്ടിലെ അഗാധതയിലൊളിപ്പിക്കട്ടെ..
നാളെയവ മുത്തുകളാവില്ലെന്നാർക്കറിയാം !!
പ്രീത രാജ്
Comments
Post a Comment