സാറാസ്

പ്രസവിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീയുടേതാണ് എന്നതാണ് സിനിമയുടെ സന്ദേശം. തീർച്ചയായും സ്വന്തം ശരീരത്തിന്മേൽ വ്യക്തിക്കുള്ള അവകാശം നൈസർഗ്ഗികമാണ്, തർക്കമില്ലാത്തതാണ്, അതങ്ങനെ തന്നെ ആയിരിക്കുകയും വേണം. ആരെ വിവാഹം കഴിക്കണം, ആരുടെ കൂടെ ജീവിക്കണം , എങ്ങനെ ജീവിക്കണം എന്നതും കൂടി വ്യക്തിയുടെ അവകാശങ്ങളാണെന്ന് ഓർക്കണം.

ഇവിടെ സാറയെ ജീവനിലേക്ക് അടുപ്പിക്കുന്നത് തന്നെ കുട്ടികളെ നോക്കാനുള്ള ഇഷ്ടക്കേടും വിവാഹിതരാവുകയാണെങ്കിൽ കുഞ്ഞു വേണ്ട എന്ന തീരുമാനവുമാണ്. പരസ്പരം ബഹുമാനിച്ചും, പിന്തുണ നൽകിയും, വീട്ടു ജോലികൾ പങ്കുവച്ചും ആദർശ ദമ്പതിമാരായി മുന്നോട്ട് പോകുന്നതിനിടയിൽ സാറ ഗർഭിണിയാകുന്നു. കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ സാറ ഉറച്ചുനിൽക്കുമ്പോൾ ജീവൻ മാറി ചിന്തിക്കുന്നു. വീട്ടുകാരും കൂട്ടുകാരും അയാളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നും പറയാം. ഒരു പക്ഷെ
കുറച്ചു കൂടി ഫോക്കസ് ചെയ്യേണ്ട പ്രശ്നം അതാണെന്ന് തോന്നുന്നു, മറ്റുള്ളവരുടെ ജീവിതത്തിൽ യഥേഷ്ടം അഭിപ്രായം പറഞ്ഞ് ഇടപെടുന്ന അഭ്യൂദയകാംക്ഷികൾ.

പക്ഷെ സാറ അവളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അബോർഷൻ ചെയ്യുന്നു. സ്വന്തം സ്വപ്നമായ സിനിമ ഉണ്ടാക്കുന്നു. സ്ത്രീശാക്തീകരണ പാതയിൽ ഉറച്ച ചുവടുകളുമായി മുന്നേറുന്നു. ജീവനും വീട്ടുകാരും നിറഞ്ഞ മനസ്സോടെ അവൾക്ക് പിന്തുണ നൽകുന്നു.

എനിക്ക് മനസ്സിലാവാത്തത് സത്യത്തിൽ സാറക്ക് വിവാഹം ആവശ്യമായിരുന്നോ? വിവാഹം എന്ന കെട്ടു പാട് ഇല്ലാതെ തന്നെ സാറക്കും ജീവനും ഒന്നിച്ചു താമസിക്കാമായിരുന്നല്ലോ. കുടുംബം എന്ന വ്യവസ്ഥ പ്രധാനമായും കുട്ടികൾക്ക് വേണ്ടിയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പരസ്പരം ഇഷ്ടപ്പെട്ട രണ്ടു പേർക്ക് ജീവിതം പങ്കിടാൻ വിവാഹം എന്ന ഉടമ്പടിയുടെ ആവശ്യമുണ്ടോ? ജീവന് ഒരു സാമ്പ്രദായിക വിവാഹ ജീവിതം വേണമെന്ന് തോന്നുമ്പോൾ വിട്ടു പോകാനുള്ള സ്വാതന്ത്ര്യം അയാൾക്കുമില്ലേ?

സിനിമയിൽ സംഭാഷണങ്ങളൊക്കെ ഏച്ചു കൂട്ടിയ പോലെ തോന്നി. കഥാപാത്രങ്ങൾക്കൊന്നും ആഴമില്ലാത്തതു പോലെ. സിദ്ദിഖിന്റെ ഡോക്ടർ കഥാപാത്രമാണ് സത്യത്തിൽ കുറച്ചെങ്കിലും ഇഫക്ടീവായത് എന്നു തോന്നുന്നു. ഒരു കലാസൃഷ്ടി എന്ന നിലക്ക് കുറച്ചു കൂടി ആഴവും ചുരുങ്ങിയപക്ഷം കുറച്ച് കൂടി സൗന്ദര്യാത്മകതയും ആകാമായിരുന്നു എന്ന അഭിപ്രായമുണ്ട്. അഭിനേതാക്കൾക്കും ശരാശരിക്ക് മേൽ ഉയരാൻ കഴിഞ്ഞിട്ടില്ലെന്നും തോന്നി. 

പ്രീത രാജ്

Comments

Popular posts from this blog

പ്രകൃതിയുടെ നിറഭേദങ്ങൾ

വാഴ്സൊ, പോളണ്ട്

സുമിത്ര