ഒരു കാകപുരാണം

വെളുപ്പിന് നാലുമണിക്ക് ഉറക്കമുണർന്നു വൈകിവന്ന ധനുമാസക്കുളിരിൽ മൂടിപ്പുതച്ച് വെറുതെ കിടന്നപ്പോൾ ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിലക്കൽ. രാത്രി കിടക്കുമ്പോഴും കേട്ടിരുന്നു അതേ ശബ്ദം. ഇതിനൊന്നും ഉറക്കവുമില്ലേ എന്നോർത്ത് കിടന്നപ്പോഴാണ് കാക്കയെ ഓർത്തത്. ഈയിടെയായി പണ്ടത്തെ പോലെ കാണാറില്ല കാക്കകളെ. മൈനകളും പൂത്താങ്കീരികളും ഇരട്ടവാലൻമാരും കുഞ്ഞിക്കിളികളും ചെമ്പോത്തും കുയിലും എന്തിന് മയിലു പോലും വിലസി നടക്കുന്ന തൊടിയിലെവിടെയും കാക്കയെ കാണുന്നില്ല. പണ്ടൊക്കെ അടുക്കളപ്പുറങ്ങൾ അവരുടെ സ്ഥിരം ആവാസസ്ഥലമായിരുന്നു. മുറ്റത്ത് ഉണക്കാനിടുന്ന സാധനങ്ങളൊക്കെ തക്കം പാർത്ത് കൊത്തിയെടുത്ത് പറന്നിരുന്നു. "പോ കാക്കേ" എന്ന് വടിയെടുത്ത് ആട്ടുമ്പോഴേക്കും കാക്ക കാര്യം സാധിച്ച് മരക്കൊമ്പിലെത്തിക്കാണും. കാക്ക കരയുമ്പോൾ "ഇന്നാരാണാവോ വിരുന്നു കാർ. ? കാക്ക കുറെ നേരമായല്ലോ വിരുന്നു വിളിക്കുന്നു" എന്നും ആലോചിച്ചിരുന്നു വീട്ടമ്മമാർ. ഉണ്ണികളുടെ മാമുവിന്റെ പങ്കു പറ്റാനും കാക്ക റെഡിയായിരുന്നു. കാക്കയ്ക്കൊരുരുള കൊടുത്താലേ അടുത്ത ഉരുളക്കായി എന്റെ മോൻ വായ തുറക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു കാക്...