ഒരു കാകപുരാണം
വെളുപ്പിന് നാലുമണിക്ക് ഉറക്കമുണർന്നു വൈകിവന്ന ധനുമാസക്കുളിരിൽ മൂടിപ്പുതച്ച് വെറുതെ കിടന്നപ്പോൾ ഒരു പക്ഷിയുടെ നിർത്താതെയുള്ള ചിലക്കൽ. രാത്രി കിടക്കുമ്പോഴും കേട്ടിരുന്നു അതേ ശബ്ദം. ഇതിനൊന്നും ഉറക്കവുമില്ലേ എന്നോർത്ത് കിടന്നപ്പോഴാണ് കാക്കയെ ഓർത്തത്.
ഈയിടെയായി പണ്ടത്തെ പോലെ കാണാറില്ല കാക്കകളെ. മൈനകളും പൂത്താങ്കീരികളും ഇരട്ടവാലൻമാരും കുഞ്ഞിക്കിളികളും ചെമ്പോത്തും കുയിലും എന്തിന് മയിലു പോലും വിലസി നടക്കുന്ന തൊടിയിലെവിടെയും കാക്കയെ കാണുന്നില്ല.
പണ്ടൊക്കെ അടുക്കളപ്പുറങ്ങൾ അവരുടെ സ്ഥിരം ആവാസസ്ഥലമായിരുന്നു. മുറ്റത്ത് ഉണക്കാനിടുന്ന സാധനങ്ങളൊക്കെ തക്കം പാർത്ത് കൊത്തിയെടുത്ത് പറന്നിരുന്നു. "പോ കാക്കേ" എന്ന് വടിയെടുത്ത് ആട്ടുമ്പോഴേക്കും കാക്ക കാര്യം സാധിച്ച് മരക്കൊമ്പിലെത്തിക്കാണും. കാക്ക കരയുമ്പോൾ "ഇന്നാരാണാവോ വിരുന്നു കാർ. ? കാക്ക കുറെ നേരമായല്ലോ വിരുന്നു വിളിക്കുന്നു" എന്നും ആലോചിച്ചിരുന്നു വീട്ടമ്മമാർ.
ഉണ്ണികളുടെ മാമുവിന്റെ പങ്കു പറ്റാനും കാക്ക റെഡിയായിരുന്നു. കാക്കയ്ക്കൊരുരുള കൊടുത്താലേ അടുത്ത ഉരുളക്കായി എന്റെ മോൻ വായ തുറക്കാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു കാക്കമ്മ അവളുടെ ഉണ്ണികളുള്ള തെങ്ങിന്റെ അരികിലൂടെ നടന്നതിന് എന്നെ ആക്രമിക്കാൻ വന്നതും ഓർക്കുന്നു. ടെറസ്സിലേക്ക് ചാഞ്ഞു നിന്ന തെങ്ങിൽ അവൾ മുട്ടയിട്ടത് വെറുതെ വൈകുന്നേരം നടക്കാനിറങ്ങിയ ഞാനുണ്ടോ അറിയുന്നു. നല്ല ബലമുണ്ട് അവളുടെ കൊക്കിന്.
എത്രയെത്ര കാക്കക്കഥകളുണ്ട് നമുക്ക് . കുഞ്ഞിന്റെ കയ്യിലെ നെയ്യപ്പം കൊത്തിയെടുത്ത കാക്ക, വാഴക്കയ്യിലിരുന്ന് ഏകാദശി നോറ്റ കാക്ക , ആർക്കിമിഡീസിനും എത്രയോ മുമ്പ് ഡിസ്പ്ലേസ്മെമെന്റ് തിയറി പ്രാവർത്തികമാക്കിക്കാണിച്ച കാക്ക. അങ്ങനെ എത്രയെത്ര കാക്കക്കഥകൾ !
അല്ലെങ്കിലും ബുദ്ധിമാനാവാൻ വരം നേടിയവനല്ലേ കാക്ക. മയിലിനെ പോലെ ഭംഗിയോ കുയിലിനെ പോലെ ശബ്ദമാധുര്യമോ വേണ്ട ബുദ്ധിമാനായാൽ മതി എന്ന് വരം നേടിയ കാക്ക. എവിടെ പോയി കാക്കകൾ?
ബലിച്ചോറുണ്ണാൻ എത്ര കൈ കൊട്ടി വിളിച്ചാലും ഒരെണ്ണം പോലും വരുന്നില്ലെന്ന് പരാതി പറയുന്നു ചിലർ. വിളിക്കുന്ന കൈകൾ പവിത്രമിട്ടത് കൊണ്ട് മാത്രം പവിത്രമാകില്ലെന്നറിഞ്ഞിട്ടാണോ ?
എള്ളും നീരും ഒക്കെ ചേർന്ന രുചി പിടിക്കാതായതാണോ? പരലോകത്ത് വല്ല നിയമഭേദഗതി വന്ന് ഒരിക്കലോ മറ്റോ പോയി ബലിച്ചോറുണ്ടാൽ മതി എന്നായോ? അതോ പിതൃക്കളായി ബലിച്ചോറുണ്ണുന്ന പരിപാടി ഇനി വയ്യെന്ന് കാക്കകൾ പ്രതിഷേധത്തിലാണോ ? എന്തോ!
പ്രീത രാജ്
കാക്കകളെ പറ്റി കാക്കകളുടെ ഭാഗത്തുനിന്ന് വളരെ ഭംഗിയായി എഴുതിയിരിക്കുന്നു നല്ല നിരീക്ഷണമാണ്, അടുത്തതിനായി ഞങ്ങൾ പ്രതീക്ഷിക്കുന്നു
ReplyDeleteThank you 🙏
Deleteഅതെ ..എത്ര മനോഹരമായ നിരീക്ഷണം.
ReplyDeletesuper പ്രീത..
Thank you 😊
Deleteനന്നായിരിക്കുന്നു. ഇതിലെ കൊച്ച് കൊച്ചു നിരീക്ഷണങ്ങളും നനു നനുത്ത കഥ പറയൽ ശൈലി യും ആണ് ഇതിന്റെ ആസ്വാധ്യത. Good scope for becoming a great artist.👍
ReplyDeleteThank you 😊
Delete