സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
ടി.ഡി.രാമകൃഷ്ണൻ
വായിച്ചു കൊണ്ടിരുന്നപ്പോൾ ഗൂഗിളിൽ ഏറെ തവണ തിരഞ്ഞു, ശ്രീലങ്ക എന്ന കൊച്ച് അയൽ രാജ്യത്തിന്റെ ചരിത്രമറിയാൻ. പണ്ട് ചരിത്ര പുസ്തകത്താളുകളിൽ പരീക്ഷക്ക് വേണ്ടി മാത്രം പഠിച്ച ചേര ചോള സാമ്രാജ്യങ്ങളുടെ ചരിത്രമറിയാൻ. രജനി തിരണഗാമ എന്ന ധീരയായ മനുഷ്യ സ്നേഹിയെ അറിയാൻ. നോവൽ വഴികളുടെ ഭൂമിശാസ്ത്രം തിരയാൻ.
മിത്തും ചരിത്രവും ഭൂമിശാസ്ത്രവും വർത്തമാനവും കൂടിക്കലർന്ന കഥാഗതിക്ക്
ചിലപ്പോഴൊക്കെ ഒരു യാത്രാവിവരണമോ ചരിത്രപുസ്തകമോ ആയി തോന്നാവുന്ന ശൈലി തികച്ചും അനുയോജ്യമായി.
സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകിയുടെ കഥയിൽ നിന്നും വർത്തമാന കാലത്തെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലെത്തി നോവൽ അവസാനിക്കുമ്പോൾ, "ദേവനായകിയിൻ കതൈ " പൂർണ്ണമാകുന്നില്ല. ആണ്ടാൾ ദേവനായകിമാർ ഇനിയുമുണ്ടാവും. ആവർത്തനം ചരിത്രത്തിന് സഹജമാണല്ലോ!
യുദ്ധഭൂമികളിലും, അധികാരകേന്ദ്രങ്ങളിലും, വിപ്ലവ വിമോചന മുന്നേറ്റങ്ങൾക്കിടയിലും പെണ്ണുടലുകളും മനസ്സുകളും നിർദ്ദയം ചവുട്ടിയരക്കപ്പെടുന്നു. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ആണ്ടാൾ ദേവനായകി കടന്നു പോയ വഴികൾ രജനി തിരണഗാമക്കും സുഗന്ധിക്കും പൂമണിക്കും ജൂലിക്കും മുന്നിൽ അതേ പോലെ കല്ലുംമുള്ളും നിറഞ്ഞ് നീണ്ടുകിടക്കുന്നു.
ദേവനായകിമാർ മുലകളും കൈകളും ഛേദിക്കപ്പെട്ട് മുഖം കരിഞ്ഞമർന്ന് അലറി വിളിക്കുമ്പോൾ എങ്ങനെയാണ് ഇത്രയധികം സ്ത്രീ ചാവേറുകളുണ്ടാവുന്നത് എന്ന ചിന്തക്ക് പ്രസക്തിയേ ഇല്ല. സ്ത്രീത്വം ചവുട്ടിയരക്കപ്പെടുന്നിടത്തൊക്കെ
ദേവനായകിമാർ ജനിക്കുക തന്നെ ചെയ്യും.
ദേവനായകിയുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ബുദ്ധനാരുടെ എന്ന രീതിയിൽ വിവരണങ്ങൾ അപ്രസക്തമായി തോന്നി. അത് വായനക്കാരന് വിട്ടു കൊടുക്കാമായിരുന്നു. ഭാര്യമാർക്ക് അരത്താലിയിട്ട് പൂട്ടി അനേകം സ്ത്രീകളിൽ രമിക്കുന്ന രാജാക്കന്മാരും ശത്രു രാജ്യത്തെ
ഭൂമിയിലും സ്ത്രീ ശരീരങ്ങളിലും പടവെട്ടി ലഹരി തേടുന്ന പടയാളികളും, സ്ത്രീ പോരാളികളുടെ ശബ്ദമുയർന്നാൽ ഏതെങ്കിലും പോരാളിയെ കൊണ്ട് കല്യാണം കഴിപ്പിച്ച് നാവടപ്പിക്കുന്ന വിമോചക സേനയും , പിടിക്കപ്പെട്ടാൽ ഫസ്റ്റ് റേപ് ദെൻ ടോർചർ എന്ന് കൽപ്പിക്കുന്ന അധികാര വർഗ്ഗവും ഉള്ളപ്പോൾ ന്യയീകരണങ്ങൾക്കെന്ത് പ്രസക്തി.
രജനി തിരണഗാമയും പൂമണി സെൽവ നായകവുമാണ് ഹൃദയത്തെ ഏറെ സ്പർശിച്ചത്. പീറ്റർ ജീവാനന്ദത്തിൽ വി.കെ.എന്നിന്റെ ' പയ്യനെ' കണ്ടപോലെ.
പ്രീത രാജ്
Comments
Post a Comment