ചുരുളി.
ആവശ്യത്തിലും കുറേ അധികം സദാചാരബോധം തലയിൽ ഉണ്ടെന്നാണ് സ്വയം വിലയിരുത്തൽ. അതി ശക്തമായ ഫ്രോയിഡിയൻ സൂപ്പർ ഈഗോ, വളർത്തു ഗുണമോ ദോഷമോ എന്നറിയില്ല. ചുരുളിയോട് ചേർത്ത് കേട്ടിരുന്ന The wolf of Wall Street പതിനഞ്ച് മിനിറ്റിലധികം കാണാൻ കഴിഞ്ഞിട്ടില്ല. ലിയനാർഡോ ഡികാപ്രിയോയെ അത്രമേൽ ഇഷ്ടമായിരുന്നിട്ടും.
ചുരുളി വല്ലാത്തൊരു സ്ഥലം. പുറം ലോകവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രാകൃത തടിപ്പാലം കടന്നാൽ പിന്നെ വേറെ ഭാഷ, സംസ്കാരം. പറയുന്ന ഓരോ വാക്യത്തിലും ചുരുങ്ങിയത് ഒരു തെറിയെങ്കിലും വേണം എന്നതാണതിന്റെ അടിസ്ഥാന വ്യാകരണം.
കഥാപാത്രങ്ങൾ എന്നു പറയാമോ എന്നറിയില്ല. ഒരു കൂട്ടം മനുഷ്യരും രണ്ടു പോലീസുകാരും. പുറം ലോകത്ത് കുറ്റം ചെയ്ത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എത്തിപ്പെട്ടതാണെന്നതാണോ അവരെ ഒരുമിപ്പിച്ച് നിർത്തുന്നത്.? ഒരു കാര്യം ഉറപ്പാണ്, അവർ ചെറിയ കുറ്റവാളികളാണ്.
അതുകൊണ്ടാണ് അവിടം സ്വർഗ്ഗമാണെന്ന് അവർക്ക് തോന്നുന്നത്. വമ്പൻമാർക്ക് ചുരുളി തീരെ പോര.
ക്ലൈമാക്സിന്റെ മിസ്റ്ററിയാണ് ഏറെ തിയറികളിൽ വിവരിച്ചു കണ്ടത്. എനിക്കൊന്നേ തോന്നിയുള്ളൂ. അവിടെത്തന്നെ കുറച്ചു കാലം കഴിഞ്ഞാൽ ഉന്മാദമാണ് ഫലം. മഴുവുമായി ഷാജീവനെ ഓടിപ്പിച്ച അമ്മാമയെ പോലെ. ചന്ദ്രനാണല്ലോ ഉന്മാദത്തിന്റെ ബിംബം.
ചുരുളിയെ വെറുതെ വിടാമെന്ന് തോന്നുന്നു. തടിപ്പാലം കടന്ന് താഴേക്കിറങ്ങി വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യില്ലെങ്കിൽ. അല്ലെങ്കിലും പിടിക്കാൻ പോയ പോലീസിലും ഉണ്ടല്ലോ അതിലും വലിയ കുറ്റവാളി. കുറ്റവാളികൾക്ക് ജയിൽ വേണോ ചുരുളി വേണോ എന്ന് തിരഞ്ഞെടുക്കാനൊരു അവസരം കൊടുത്താലും തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം.
സത്യത്തിൽ ചുരുളി അത്രയൊന്നും അപകടകാരിയല്ല. പിള്ളേര് കേൾക്കും കാണും എന്നാണെങ്കിൽ ഇതിലും എത്രയോ വീര്യമുള്ള സംഭാഷണങ്ങൾ കേട്ട് വളർന്നവരാണവർ. തീയിൽ കുരുത്തവർ വെയിലത്തു വാടുമോ? ശബ്ദം അത്ര ശരിയല്ലാത്തതു കൊണ്ടും ശീലം കൊണ്ടും subtitles നോക്കിക്കൊണ്ടാണ് കണ്ടത്. അത് കൊണ്ടാണോ എന്നറിയില്ല അത്രക്കും പറയാനൊന്നും ഇല്ല.
പ്രീതരാജ്
Comments
Post a Comment