വർഷാന്ത്യ ചിന്തകൾ
അലങ്കോലപ്പെട്ടു കിടക്കുന്ന
മനസ്സിനെ ഒന്നടുക്കിപ്പെറുക്കണം..
ചിതറിക്കിടക്കുന്ന ചിന്തകളിൽ
തട്ടിത്തടഞ്ഞ് നടക്കാൻ വയ്യ...
ഒരത്യാവശ്യത്തിന് നോക്കിയാൽ
ഒന്നുമൊട്ടു കാണുകയുമില്ല...
നനഞ്ഞു കുതിർന്ന ഓർമ്മകൾ......
കെട്ടുപോയ സ്വപ്നങ്ങളുടെ പുറന്തോടുകൾ.
തകർന്ന മോഹങ്ങളുടെ ചില്ലു പൊട്ടുകൾ
എല്ലാം എടുത്ത് ചവറ്റുകൂനയിലിടണം...
കൂട്ടിയിട്ട് കത്തിക്കണം ...
ആളിപ്പടർന്നേക്കാം....
പൊട്ടിത്തെറിച്ചേക്കാം....
എങ്കിലും നോക്കിനിൽക്കണം....
ചാരമാവുന്നത് കാണണം....
എല്ലാം കഴിഞ്ഞ് ശൂന്യതയിൽ....
നീണ്ടുനിവർന്ന് കിടക്കണം...
ശാന്തമായുറങ്ങണം ...
പ്രീത രാജ്
Picture courtesy: www.depositphotos.com
Comments
Post a Comment