പ്രതീക്ഷയുടെയും ഓർമ്മകളുടെയും വിഷു
ഇത്തവണ പല കാരണങ്ങളാൽ കണിയിലൊതുക്കി വിഷു ആഘോഷം. നഗരത്തിലെ വിഷു ആഘോഷവും കണിക്കോപ്പുകൾ സംഘടിപ്പിക്കലും എളുപ്പമാണ്. എന്റെ കുഞ്ഞ് ഓട്ടുരുളിയിലേക്ക് പാകത്തിനുള്ള നല്ല കുഞ്ഞ് വെള്ളരിക്കയും ഒരു പിടി കൊന്നപ്പൂവും വെറ്റിലയും അടക്കയും എന്നു വേണ്ട എന്തും അനായാസമായി സംഘടിപ്പിക്കാം.
പക്ഷെ എന്തൊക്കെയോ കുറവുകൾ എപ്പോഴും തോന്നും. കൊന്നപ്പൂവും വെള്ളരിയും ഒക്കെയുണ്ടെങ്കിലും തൊടിയിൽ നിന്ന് പാകം നോക്കിയിടുന്ന ചക്ക കൊണ്ട് ഉണ്ടാക്കുന്ന എരിശ്ശേരിയോ മൊളകൂഷ്യമോ, മാമ്പഴം കൊണ്ടുള്ള കൂട്ടാനും എല്ലാം ചേരുമ്പോഴേ അത് വിഷു ആവൂ. വെറും ഗൃഹാതുരത്വമാവാം. പക്ഷെ ഓരോ വിഷുവിലും മനസ്സ് വർഷങ്ങൾക്ക് പുറകിലേക്ക് കുതിക്കും. കുട്ടിക്കാലത്ത് മുത്തശ്ശന്റെ വീട്ടിൽ ചിലവിട്ട വിഷുക്കാലത്തേ
ക്ക് .
വിഷുവരുന്നത് വെക്കേഷൻ കാലത്തായതു കൊണ്ട് സുഖമാണ്. വലിയ വെക്കേഷൻ മിക്കവാറും ഷൊർണൂരിൽ അമ്മയുടെ വീട്ടിലായിരിക്കും. കളിയും ' പുഴക്ക് പോക്കും ' ബഹളവുമായി ദിവസങ്ങൾ പോകുന്നതറിയില്ല. ചക്കയും മാങ്ങയും പിന്നെ എന്തൊക്കെയോ വലിച്ചുവാരിത്തിന്ന് കളിച്ചു തിമർത്തിരുന്ന കാലം. വീടു മുഴുവൻ ആളുകൾ. മുകളിലേയും താഴത്തെയും തളങ്ങളിലും പൂമുഖത്തും പായയോ കോസടി (പഞ്ഞിക്കിടക്ക, എല്ലാ വർഷവും കിടക്കക്ക് പുതിയ കവർ തുന്നിച്ച് പുതിയ പഞ്ഞി നിറച്ച് വയ്ക്കുമായിരുന്നു അമ്മൂമ്മ . പുറത്തെ മുറിയിൽ മൂക്കും വായും കെട്ടിവച്ച് പത്തിനിറക്കൽ ചടങ്ങ് നടക്കുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് അവിടെ പ്രവേശനമില്ല.) ജമുക്കാളമോ തലയിണയോ എന്താ കിട്ടിയത് അതിൽ നിരനിരയായി കിടന്ന് ഉറക്കം. കിടക്കാനുള്ള സാമഗ്രികളെല്ലാം കോണിച്ചോട്ടിലെ പൂജാമുറിയോട് ചേർന്ന മുറിയിൽ അമ്മൂമ്മ സംഭരിച്ച് വച്ചിരിക്കും.
ആഘോഷങ്ങൾക്ക് വല്ലാത്തൊരു നിറവുണ്ടായിരുന്നു അമ്മൂമ്മയും മുത്തശ്ശനും ഉണ്ടായിരുന്നപ്പോൾ. പരമ്പരാഗത ചിട്ടവട്ടങ്ങൾ പാലിക്കുമ്പോഴും അവരുടെതായ ഒരു മാസ്റ്റർ സ്ട്രോക്, അനുകരിക്കാനാവാത്ത ഒരു രസം ചേർത്ത് തനതായ ഒരു രീതി ഉണ്ടായിരുന്നു എല്ലാ ആഘോഷങ്ങൾക്കും. അതായിരിക്കാം പിന്നീട് ഞാനെപ്പോഴും ഗൃഹാതുരത്വമായി അനുഭവിക്കുന്നത്.
വിഷുവിന്റെ തലേന്ന് രാത്രി അമ്മൂമ്മ കണിയൊരുക്കും. വൈകുന്നേരം മുതൽ അമ്മൂമ്മയുടെ അടുത്ത് അപേക്ഷകൾ എത്തിത്തുടങ്ങും." എന്നെ ആദ്യം കണി കാണാൻ വിളിക്കണം ട്ടൊ " എന്നാണ് ആവശ്യം. അമ്മൂമയാകട്ടെ ഒന്നും തള്ളുകയും കൊള്ളുകയും ചെയ്യാതെ " ശരി, ശരി എല്ലാവരും പോയി കിടന്നുറങ്ങിൻ. നാളെ നേരത്തെ എണീക്കണ്ടെ " എന്നു പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കും. അമ്മൂമ്മക്ക് ഇത്തിരി പക്ഷഭേദമുണ്ടായിരുന്നതാണോ അതോ ചെക്കൻ പിടിവാശിക്കാരനായതു കൊണ്ടാണോ എന്നറിയില്ല, എപ്പോഴും എന്റെ അനിയനെ ( അമ്മൂമ്മയുടെ പ്രമോദ് കുട്ടൻ) അമ്മൂമ്മ ആദ്യം വിളിച്ച് കണികാണിക്കും. പിന്നീട് വലുതായപ്പോൾ " ഏറ്റവും അവസാനം എന്നെ വിളിച്ചാൽ മതി " എന്നവൻ പറയുന്നത് വരെ അത് തുടർന്നു. പ്രതിഷേധിക്കാനോ തർക്കിക്കാനോ നേരം കിട്ടാറില്ല. കമ്പിത്തിരിയും പൂത്തിരിയും പാമ്പു ഗുളികയും വിഷുച്ചക്രവും മത്താപ്പുമെല്ലാം കത്തിച്ച് തീർക്കണ്ടെ.
അമ്മാവന്മാരും ചെറിയച്ഛൻമാരും അച്ഛനും മുത്തശനും വാങ്ങുന്ന പടക്കങ്ങൾ ചേർത്ത് വച്ചിരിക്കും. ഉണ്ണിമാമക്കാണ് (ചെറിയ അമ്മാവൻ) വിതരണച്ചുമതല. ഒരു പക്ഷെ സോഷ്യലിസത്തിന്റെ ആദ്യ പാഠം പകർന്ന് തന്നത് ഉണ്ണിമാമയാണെന്ന് പറയാം. മുഖം നോക്കാതെ കണിശമായി ഉണ്ണിമാമ ചുമതല നിറവേറ്റിയിരുന്നു.അപ്പോഴേക്കും വിഷുക്കൈനീട്ടത്തിനുള്ള വിളികളായി. മുത്തശ്ശനിൽ നിന്ന് തുടങ്ങി മുതിർന്നവരുടെയെല്ലാം കയ്യിൽ നിന്ന് സീനിയോരിറ്റി അനുസരിച്ച് കൈനീട്ടം വാങ്ങി സൂക്ഷിച്ച് വയ്ക്കും. മുത്തശ്ശന്റെ കൈനീട്ടം ഒരു രൂപയിൽ തുടങ്ങി അഞ്ചു രൂപ വരെയെ എത്തിയിരുന്നതായി ഓർക്കുന്നുള്ളൂ - പക്ഷെ അത് വർഷങ്ങളിലേക്ക് നീളുന്ന സ്നേഹ നിറവിന്റെ കൈനീട്ടമായിരുന്നെന്ന് ഇന്നറിയുന്നു.
കണി കണ്ടയുടനെ തുടങ്ങിയിരിക്കും അടുക്കള പുറത്ത് ചക്ക പറിക്കലും അരയ്ക്കലും വയ്ക്കലും. രാവിലത്തെ കഞ്ഞിയാണ് വിഷുവിന്റെ പ്രധാന ആകർഷണം.. തളത്തിൽ ചുറ്റും നിരനിരയായിട്ടിരിക്കുന്ന പായകൾക്ക് മുമ്പിൽ പിഞ്ഞാണവും സ്പൂണോ പ്ലാവില കുമ്പിൾ കുത്തിയതോ കാണും. വിഷുക്കഞ്ഞിയെന്ന് പറയുമെങ്കിലും സാമ്പാറും പായസവുമൊഴികെ സദ്യയുടെ എല്ലാ വിഭവങ്ങളുണ്ടാവും പിഞ്ഞാണത്തിനരികിലെ ഇലകളിൽ. ചൂടുകഞ്ഞിയിൽ ഇത്തിരി നെയ്യ് ചേർത്ത് അമ്മൂമ്മയുടെ മാമ്പഴക്കൂട്ടാനും ചക്ക എരിശ്ശേരിയും തോരനും പപ്പടവും ചേർത്ത് കഴിക്കുന്നതിന്റെ രുചി ഇപ്പോഴുമുണ്ട് നാവിൽ തുമ്പിൽ. അമ്മൂമ്മയുടെ കയ്യിൽ വല്ല മാന്ത്രിക ദണ്ഡുമുണ്ടായിരുന്നോ അതോ ഉപാധികളില്ലാത്ത സ്നേഹത്തിന്റെ രുചിയാണോ എന്നറിയില്ല, ആ രുചി കൂട്ടുകൾ അനുകരിക്കാൻ കഴിയാത്തതാണ്. ഗൃഹാതുരത്വത്തിന്റെ രുചിക്കൂട്ടുകൾ .
ശുഷ്കമായ ഇത്തവണത്തെ വിഷുവിനും രാവിലെ കഞ്ഞി മതി എന്ന് ഞാൻ തീരുമാനിച്ചത് രാത്രിയാണ്. തലേന്നത്തെ മാമ്പഴക്കൂട്ടാനും കാബേജ് തോരനും നെയ്യും പപ്പടവും ചേർത്തൊരു ചെറു കഞ്ഞിക്കുടി. അതില്ലാതെ എന്ത് വിഷു !
ഇപ്പോൾ സദാ പൂക്കുന്ന കൊന്ന മരങ്ങൾ അതിരിടുന്ന റോഡിലൂടെയാണ് സ്ഥിരം സഞ്ചാരമെങ്കിലും ഓട്ടുരുളിയിൽ ഒരു പിടി കൊന്നപ്പൂവും വെള്ളരിയും മറ്റും കണ്ണന് മുമ്പിൽ ചേർത്ത് വച്ച് കണികാണുമ്പോൾ മനസ്സ് ആർദ്രമാകുന്നു. പുതുവർഷ പ്രതീക്ഷകൾക്കൊപ്പം പഴയ കാലത്തിലേക്കും ഒരു ഓട്ടപ്രദക്ഷിണം നടത്തുന്നു, മനസ്സ്. ഒരു പക്ഷെ അതു തന്നെയായിരിക്കാം എല്ലാ ആഘോഷങ്ങളുടെയും കാതൽ.
പ്രീത രാജ്
👌👌
ReplyDelete😊
DeleteMissing those days when ammamma and muthachan was ter🥰🥰🥰
ReplyDeleteYes, very much
Delete♥️
ReplyDelete😊❤️
Deleteഓര്മകള്, കുറെ നല്ല ഓര്മകള് മാത്രമായി
ReplyDelete😊
Delete