നഷ്ടസ്വപ്നങ്ങൾ
നഷ്ടസ്വപ്നങ്ങൾ എന്റെ സ്വപ്ന വർണച്ചിറകുകൾ വീശി ഞാനെവിടെയെല്ലാം പറന്നിറങ്ങിയിരുന്നു.... മഞ്ഞുമൂടിയ മലനിരകളുടെ താഴ് വാരങ്ങളിലെ നീലജലാശയങ്ങളിൽ.... രാജഹംസങ്ങളോടൊത്ത് ഞാൻ നീന്തിത്തുടിച്ചിരുന്നു... ആടുകളും കുതിരകളും പശുക്കളും മേയുന്ന പച്ചപ്പുൽത്തകിടികളിൽ .... കടുകു പൂക്കുന്ന മഞ്ഞപ്പാടങ്ങളിൽ ... മധുര ഗാനം മൂളി പാറി നടന്നിരുന്നു.. നിബിഡ വനാന്തരങ്ങളിലെ വൻമരങ്ങളിൽ പറന്നിറങ്ങി കളകൂജനങ്ങൾക്ക് മറുപാട്ട് പാടിയിരുന്നു.... ദലമർമരങ്ങൾ അതേറ്റുപാടിയിരുന്നു... മുന്തിരിത്തോട്ടങ്ങൾക്കിടയിൽ നടന്ന് മുന്തിരിച്ചാറു കുടിച്ചുന്മത്തയായിരുന്നു... പ്രണയാതുരയായ് ഗസലുകൾ പാടി തിരമാലകളെ തൊട്ട് പറന്നിരുന്നു... ഇപ്പോഴെന്തേ.. എന്തേ.... എന്റെ സ്വപ്നങ്ങളുടെ .... വർണച്ചിറകുകൾ തളർന്നു പോകാൻ? ഗാനശകലങ്ങളുടെ ഉറവ വറ്റിപ്പോകാൻ? .... എന്റെ മധുര നാദമെന്തേ... കണ്ഠത്തിൽ കുരുങ്ങിപ്പോകാൻ? രോഗാതുരമായ പുറം ലോകത്തിൻ ഇരുൾ പടർന്നതാണോ? അതോ ഉള്ളിലെ തമോഗർത്തങ്ങൾ എല്ലാം തമസ്കരിക്കുകയാണോ? പ്രീത രാജ്