ഒരു ആത്മഹത്യയും അതുയർത്തുന്ന ചിന്തകളും
ഈയിടെ കൊട്ടിയത്ത് ഒരു പെൺകുട്ടിയുടെ ആത്മഹത്യ വളരെയേറെ ദുഃഖവും നിരാശയും ഉണ്ടാക്കി. ഇരുപത്തി നാലു വയസ്സു മാത്രമുള്ള സുന്ദരിയും അത്യാവശ്യം വിദ്യാഭ്യാസവമുള്ള ഒരു പെൺകുട്ടി സ്വയം ജീവിതം അവസാനിപ്പിച്ചു എന്നതിലുപരി അതുയർത്തുന്ന ഒരുപാട് സാമൂഹ്യ പ്രശ്നങ്ങളുണ്ട്.
പത്തു കൊല്ലമായി പ്രണയത്തിലായിരുന്ന അല്ലെങ്കിൽ പ്രണയത്തിലായിരുന്നു എന്നവൾ വിചാരിച്ച കാമുകൻ കുറച്ചു കൂടി സാമ്പത്തിക സ്ഥിതിയുള്ള മറ്റൊരു പെൻ കുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നറിഞ്ഞ് തകർന്നു പോയി ആ പെൺകുട്ടി. അവൾ അയാളെ ഫോണിൽ വിളിച്ച് കെഞ്ചുന്നു. അയാളവളെ പരിഹസിക്കുകയും ചീത്ത വാക്കുകൾ ഉപയോഗിച്ച് ചീത്തയും പറയുന്നു. എന്നിട്ടും ആ കുട്ടി അയാളോട് അയാൾ വാഗ്ദാനം ചെയ്ത ജീവിതം ഇരക്കുന്നു. ഒടുവിൽ നിരാശയായി ആത്മഹത്യ ചെയ്യുന്നു. ഹാ! കഷ്ടം!
അയാളും അയാളുടെ കുടുംബവും എന്നും അവളെ ഉപയോഗിക്കുകയായിരുന്നു. ഗർഭിണിയായപ്പോൾ പോലും വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ഗർഭച്ഛിദ്രം ചെയ്യിച്ചു.അവളുടെ അച്ഛന്റെ കയ്യിൽ നിന്ന് പലപ്പോഴായി പണം വാങ്ങി. വീട്ടിലെ കുഞ്ഞിനെ നോക്കാൻ വിളിച്ചു വരുത്തി. എന്നിട്ടും അവൾ കെഞ്ചി. അവനോട് അവന്റെ അമ്മയോട്, ജീവിതത്തിനായി.
ഏറെ വേദനിപ്പിച്ചത് അതാണ്. എന്ത് ജീവിതമാണ് അവൾ കെഞ്ചിയത്? സ്വന്തം ജീവിതത്തിന് ഒരു വിലയും ഇല്ലെന്ന് എന്തേ അവൾക്ക് തോന്നാൻ? വാസ്തവത്തിൽ അവളുടെ മരണത്തിന് ചതിയനായ പ്രതിശ്രുത വരനും കുടുംബവും മാത്രമാണോ കാരണക്കാർ?
അവിടെയാണ് സമൂഹം പ്രതിക്കൂട്ടിലാവുന്നത്. വിവാഹം, വിവാഹപൂർവ്വ ലൈംഗിക ബന്ധം, ഗർഭച്ഛിദ്രം എന്നീ വിഷയങ്ങളിൽ പെൺകുട്ടികളിൽ മാത്രം അടിച്ചേൽപിക്കപ്പെടുന്ന സദാചാര നിയമസംഹിതകൾ. സമ്പൂർണ സാക്ഷരതയിൽ ഊറ്റം കൊള്ളുന്ന കേരളത്തിലും അലിഖിത സദാചാരസംഹിതകൾ അതേ പുരാതന പ്രാകൃത രൂപത്തിൽ തന്നെ കൊണ്ടാടപ്പെടുന്നു. സ്ത്രീ ശാക്തീകരണം എന്ന് മിണ്ടിയാൽ 'ഫെമിനിച്ചി' എന്ന് വിളിച്ച് ആക്ഷേപിക്കുന്നു.
അവനവനെ സ്നേഹിക്കാൻ പഠിപ്പിക്കേണ്ടതുണ്ട് പെൺമക്കളെ. അല്ല, അത് സ്വാർത്ഥതയല്ല തന്നെ. സ്ത്രീ സർവ്വംസഹയല്ല, നിസ്വാർത്ഥയുമല്ല, ശക്തിസ്വരൂപിണിയുമല്ല. കേവലം ഒരു വ്യക്തി മാത്രം. ഭരണഘടന ഒരു വ്യക്തിക്ക് നല്കുന്ന എല്ലാ സ്വതന്ത്ര്യവും അർഹിക്കുന്നവൾ. ആത്മാഭിമാനത്തോടെ വളരട്ടെ ഓരോ പെൺകുട്ടിയും. സ്വന്തം ജീവിതത്തിന്റെ വിലയറിയുന്നവളാവട്ടെ.
പ്രീത രാജ്
Comments
Post a Comment