വൃശ്ചികക്കാറ്റ് അഥവാ തിരുവാതിരക്കാറ്റ്

വൃശ്ചികത്തിൽ തമിഴകത്ത് നിന്ന് ചുരമിറങ്ങി വന്ന് പാലക്കാടിലും തൃശൂരിലേക്കും വീശിയടിക്കുന്ന തീരാദാഹിയായ തിരുവാതിര കാറ്റ്. കരിമ്പനകളെ പിടിച്ചുലച്ച്, നെൽപ്പാടങ്ങളെ ഇളക്കിമറിച്ച് രണ്ടു മാസക്കാലം അവന്റെ ജൈത്രയാത്രയാണ്. പോകുന്ന വഴിയിലെ ജലാംശമെല്ലാം ഊറ്റിയെടുത്ത് ഹുങ്കോടെ ഊക്കോടെ അവൻ ചുറ്റിയടിക്കും. ഇലകളെ ഞെട്ടറ്റിച്ചും പൂഴി പറത്തിയും രസിക്കും. വൃശ്ചിക മാസമായാൽ ഷൊർണൂരിലേക്കുള്ള സ്ഥിരം ഫോൺ വിളികളിൽ ഒരു ചോദ്യം കാറ്റു വന്നോ എന്നാണ്. " വന്നു വന്നു . നാശം പിടിച്ച കാറ്റ്. മുറ്റം മുഴുവൻ ചപ്പിലയാ" എന്ന മറുപടി പ്രതീക്ഷിച്ചു കൊണ്ടുള്ള ചോദ്യം. ആ ചീത്ത പറച്ചിൽ അവൻ അർഹിക്കുന്നത് തന്നെയാണ്. കണ്ണും മൂക്കുമില്ലാത്ത കാറ്റിന്റെ അടങ്ങാത്ത ദാഹം മനുഷ്യരെയും വെറുതെ വിടാറില്ലല്ലോ. കയ്യും മുഖവും വലിഞ്ഞും ചുണ്ടുകൾ വരണ്ട് പൊട്ടിയും വലയും. എങ്കിലും വല്ലാത്തൊരു ആകർഷണമാണ് വൃശ്ചിക കാറ്റിന്. ഗൃഹാതുരത്വത്തിന്റെ മാമ്പൂ മണമുള്ള കാറ്റ്. കാറ്റിനെ കുറിച്ചുള്ള ഗൃഹാതുര സ്മരണകളുടെ പ്രധാന കാരണം അത് ക്രിസ്മസ് അവധിക്കാലവുമായി...